പോരാ, പോരാ, നമ്മുടെ ഊരില്‍…

Posted on: February 14, 2017 6:00 am | Last updated: February 13, 2017 at 10:33 pm

ഇത്തവണ ചൂട് കൂടുമെന്നാണ് പറയുന്നത്. മാര്‍ച്ചില്‍ നാല്‍പത് ഡിഗ്രി കടക്കുമത്രേ. മഴ കുറവായിരുന്നല്ലോ? കാലവര്‍ഷവും തുലാവര്‍ഷവും ചതിച്ചു. ശരിയാണ് ചൂട് കൂടുമെന്ന കാര്യത്തില്‍ സംശയമില്ല. രാഷ്ട്രീയത്തില്‍ ഇപ്പോള്‍ തന്നെ ചൂട് കൂടുതലാണ്. ചൂടുള്ള പോര് എന്ന് പറയാം.
ലോയിലാണ് തുടങ്ങിയത്. ലക്ഷ്മി നായര്‍ രാജി വെച്ചൊഴിയണം എന്നാണ് കുട്ടികള്‍ പറഞ്ഞത്. ആദ്യം ആരും അത് അത്ര കാര്യമാക്കിയില്ല. ഏതോ ഒരു സമരം എന്നായിരുന്നു. തള്ളയുണ്ടോ, പിള്ളയുണ്ടോ എന്നൊക്കെ. പിന്നെ ചൂട് തുടങ്ങി. തലസ്ഥാനമാണ്. നേതാക്കളുടെ തല പുകഞ്ഞു. എസ് എഫ് ഐക്കാരുമുണ്ട് സമരത്തില്‍. നമ്മുടെ കുട്ടികള്‍ നമുക്കെതിരെ സമരം ചെയ്താലെങ്ങനെയാ? വല്യേട്ടന്‍ കണ്ണുരുട്ടി. പിള്ളേര് പിന്‍വലിയുന്നില്ല. പാര്‍ട്ടിയില്‍ കൂട്ടപ്പൊരിച്ചില്‍. തലക്ക് തീ പിടിച്ചു എന്നൊക്കെ കേട്ടിട്ടേയുള്ളൂ. ശരിക്കും അങ്ങനെത്തന്നെ. ആര്‍ക്കും ഇരിപ്പുറക്കുന്നില്ല. അങ്ങനെ ഒത്തുതീര്‍പ്പുണ്ടായി. പ്രിന്‍സിപ്പല്‍ മാറി നില്‍ക്കാമെന്ന്. നല്ല തഞ്ചം, എസ് എഫ് ഐക്കാര്‍ പിന്‍വാങ്ങി.

മറ്റേ പഹയന്‍മാര്‍ പിന്‍വലിഞ്ഞില്ല, രാജി വെക്കൂ, പോ, പുറത്ത് എന്നായി മുദ്രാവാക്യം. എന്തായാലും നമ്മുടെ സ്വന്തം പിള്ളേര്‍ സമരം നിര്‍ത്തിയല്ലോ, സമാധാനം. പക്ഷേ, കേരള കാസ്‌ട്രോ ഇടക്കിടെ ചൊറിയുന്നുണ്ട്. അതങ്ങനെ പോകട്ടെ. പക്ഷേ, ആ വലതന്‍മാരുണ്ടല്ലോ, അവരിപ്പോഴും കടുംപിടുത്തം പിടിക്കുകയാ. കുട്ടികള്‍ മാത്രമല്ല, ഇത്തിരി മൂത്തതും കൂടിയിട്ടുണ്ട്. ഭൂമി പിടിച്ചടക്കണമെന്നാണ് ആവശ്യം. അതിനായി അവരുടെ മന്ത്രി പണി തുടങ്ങിയിട്ടുണ്ട്.
പിന്നെ മന്ത്രിസഭക്കുള്ളിലായി ചൂടും ചൂരും. മുഖ്യമന്ത്രി ഒന്നു പറയുന്നു, റവന്യു മന്ത്രി മറ്റൊന്ന് പറയുന്നു. ആകെ കുഴഞ്ഞുമറിഞ്ഞ് ലോ അക്കാദമി. ഭൂമി പ്രശ്‌നം പരിശോധിക്കില്ലെന്ന് മുഖ്യമന്ത്രി, അപ്പോഴതാ റവന്യു മന്ത്രി അന്വേഷിക്കാന്‍ ആളെ വിടുന്നു. ചൂടാണ്, മുന്നണിക്കുള്ളിലും. എരിപൊരി സഞ്ചാരം എന്നൊക്കെ കേട്ടിട്ടില്ലേ, അതു തന്നെ.
കോടിയേരി മുഖ്യമന്ത്രിക്കു വേണ്ടി, കാനം കുട്ടികള്‍ക്ക് വേണ്ടി. തിരുത്തണമെന്നാണ് പറയുന്നത്. നമ്മുടെ ജയരാജന്‍ സി പി ഐ ക്കെതിരെ, നമ്പൂതിരിയുടെ വിളക്കത്തെ വാര്യരുടെ ഊണുപോലെ എന്നാണ് പരിഹാസം. നമുക്കാണെങ്കില്‍ ഇപ്പോള്‍ ഊണുമില്ല, ഉറക്കവുമില്ല. മന്ത്രിസ്ഥാനം പോയതില്‍ പിന്നെ ആധിയാണ്, അധികം മിണ്ടാട്ടമില്ല. എന്നാലും എന്തെങ്കിലും പറയാതെങ്ങനെ?

ബി ജെ പിയിലുമുണ്ട് അക്കാദമിച്ചൂട്. മുരളീധരന്‍ ആരോടും പറയാതെ നീരാഹാരം തുടങ്ങിയെന്നാണ് പറയുന്നത്. വരുന്നു, കിടക്കുന്നു. രണ്ട് ദിവസത്തേക്കാണെന്നും പറഞ്ഞു. പിന്നെ അനിശ്ചിതകാലത്തേക്കായി. ഇങ്ങനെ ആളായാല്‍ മറ്റുള്ളവര്‍ക്ക് സഹിക്കുമോ? ഡയറക്ടറായ അയ്യപ്പന്‍ പിള്ള പാര്‍ട്ടിക്കാരനാണ്. എന്നിട്ടും…
ഒടുവില്‍ സമരം തീര്‍ന്നു. ലക്ഷ്മി നായര്‍ മാറി. നാട്ടുകാര്‍ പറയുന്നതിതാണ്. കുറഞ്ഞ സമയം കൊണ്ട് ഇത്ര രുചികരമായ വിഭവം കേരളക്കരയില്‍ ഉണ്ടായിട്ടേയില്ല. മാര്‍ച്ച്, പിക്കറ്റിങ്, ബന്ദ്, നിരാഹാരം, മരത്തില്‍ കയറല്‍, പെട്രോളൊഴിക്കല്‍…എരിവും പുളിപ്പും ഉപ്പും കൃത്യ അളവില്‍. നാട്ടുകാര്‍ ദിവസവും ഇത് വായിച്ചു രസിച്ചു, കണ്ടു സുഖിച്ചു…
സമരം തീര്‍ന്നു. പിള്ളേര്‍ ഇനി കോളജിലേക്ക്. മുന്നണിയിലെ അവസ്ഥ എന്താണ്? സി പി എമ്മും സി പി ഐയും തമ്മിലുള്ള ബന്ധമെങ്ങനെ? മധുരമല്ല, ഒന്നാന്തരം എരിവും പുളിയും! മുഖം കഷായം കുടിച്ച മാതിരി. എല്ലാം ശരിയായി!