ജി സി സിയില്‍ മൂല്യവര്‍ധിത നികുതി ഒരു വര്‍ഷത്തിനകം

Posted on: February 13, 2017 8:35 pm | Last updated: February 13, 2017 at 8:34 pm

ദുബൈ: ജി സി സി രാജ്യങ്ങളില്‍ മൂല്യ വര്‍ധിത നികുതി (വാറ്റ്) നടപ്പാക്കാന്‍ ധാരണയായി. അടുത്ത വര്‍ഷം മുതല്‍ കമ്പനികള്‍ക്ക് അഞ്ച് ശതമാനം വാറ്റ് ഏര്‍പെടുത്തുമെന്ന് യു എ ഇ ധനകാര്യ മന്ത്രാലയം സെക്രട്ടറിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യു എ ഇ, സഊദി അറേബ്യ, ഒമാന്‍, കുവൈത്ത്, ഖത്വര്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലെ പ്രതിനിധികള്‍ തമ്മില്‍ നടന്ന കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ് നയപരമായ തീരുമാനം.

എണ്ണ വിലത്തകര്‍ച്ചയെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജി സി സി രാജ്യങ്ങളിലെ എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സാമ്പത്തിക പരിഷ്‌കാരം. പരീക്ഷണമെന്നോണം സഊദി അറേബ്യ കമ്പനികള്‍ക്ക് വാറ്റ് ഏര്‍പെടുത്തിയിട്ടുണ്ട്. എണ്ണയിതര സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്തി ഗള്‍ഫ് മേഖലയെ സംരക്ഷിക്കാനുള്ള നിരവധി പദ്ധതികള്‍ ജി സി സി ആസൂത്രണം ചെയ്യുന്നുണ്ട്.

അടുത്ത ജനുവരി മുതല്‍ ജി സി സി രാജ്യങ്ങള്‍ വാറ്റ് ഏര്‍പെടുത്തുമെന്ന് യു എ ഇ സാമ്പത്തിക സെക്രട്ടറി യൂനുസ് അല്‍ ഖൂരി വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ അഞ്ച് ശതമാനമായിരിക്കും നികുതിയെന്നും ഇത് വാര്‍ഷിക വരുമാനം ഒരുലക്ഷം ഡോളറുള്ള കമ്പനികള്‍ക്കാണ് ചുമത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു എ ഇയില്‍ മാത്രം 1,200 കോടി ദിര്‍ഹം നികുതിയായി ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.