തീവ്രവാദത്തിനെതിരെ ആഹ്വാനം

Posted on: February 13, 2017 8:20 pm | Last updated: February 13, 2017 at 8:20 pm
ലോക ഭരണകൂട ഉച്ചകോടിയില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും മികച്ച മന്ത്രിക്കുള്ള പുരസ്‌കാരം നേടിയ സെനഗല്‍ ആരോഗ്യമന്ത്രി അവാ മേരി കോള്‍സെകും

ദുബൈ: തീവ്രവാദം ചൂടേറിയ ചര്‍ച്ചയാക്കി ലോക ഭരണകൂട ഉച്ചകോടി. തീവ്രവാദം ഇന്നൊരു വന്‍ വ്യവസായമാണെന്ന് എഴുത്തുകാരനും സഊദി രാഷ്ട്രീയ നിരീക്ഷകനുമായ അബ്ദുല്ല ബജാദ് അല്‍ ഉതൈബി ചൂണ്ടിക്കാട്ടി.

തീവ്ര ആശയങ്ങളെ വിപണനത്തിനുള്ള മികച്ച തന്ത്രമായാണ് ഭീകരവാദികള്‍ കാണുന്നത്. ഇവര്‍ പ്രത്യേക മതക്കാരല്ല. പൗരാണിക കാലം തൊട്ടേ തീവ്രവാദ ചിന്തകള്‍ക്ക് വേരോട്ടമുണ്ട്. വിവിധ സാംസ്‌കാരിക കേന്ദ്രങ്ങളും ജന സമൂഹവും ഇതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഉച്ചകോടിയുടെ ഭാഗമായി നടന്ന ‘തീവ്ര വാദികളുടെ ജനനം’ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക വ്യാപകമായി തീവ്രവാദത്തെ നേരിടുന്നതിന് കൂടുതല്‍ കരുത്താര്‍ജിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളില്‍ ഉടലെടുക്കുന്ന ആശങ്കയും നിരാശയും മുതലെടുത്താണ് തീവ്രവാദ ഗ്രൂപ്പുകള്‍ വളരുന്നത്. ഓരോ മനുഷ്യരിലും കരുണയുടെയും വെറുപ്പിന്റെയും കണങ്ങളുണ്ട്. വെറുപ്പിന്റെ കണങ്ങളെ കൂടുതല്‍ ഉദ്ധീപിപിച്ചാണ് തീവ്രവാദ ആശയങ്ങള്‍ വേരോട്ടം നടത്തുന്നത്. തെറ്റായി നയിക്കുന്ന ഉത്പതിഷ്ണുക്കളായ സംഘത്തിന്റെ നേതൃത്വം ഇത്തരം ജനങ്ങളെ കൂടുതല്‍ ആപല്‍ഘട്ടങ്ങളിലേക്ക് നയിക്കുന്നതാണ് തീവ്രവാദ സംഘങ്ങളുടെ വളര്‍ച്ചക്ക് ഇടമാക്കുന്നത്. ഈജിപ്തിലെ പരിഷ്‌കരണവാദിയായിരുന്ന ഹസനുല്‍ ബന്ന തുടക്കമിട്ട മുസ്ലിം ബ്രദര്‍ഹുഡ് ഇതിന്റെ മികച്ച ഉദാഹരണമാണ്. മാനുഷികമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് മതങ്ങള്‍ തമ്മിലുള്ള തുറന്ന സംവാദങ്ങള്‍ക്ക് വഴിയൊരുക്കണം. ആരോഗ്യകരമായ ചിന്താധാരകള്‍ ഇതിലൂടെ വളര്‍ത്തിയെടുക്കണം. നിര്‍മാണാത്മകമായ സമീപനങ്ങളിലൂടെ മാനുഷിക ശേഷി അഭിവൃദ്ധിപ്പെടുത്തുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കണം.

ഇത്തരം തീവ്ര സംഘങ്ങള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സ്രോതസുകളെ കണ്ടെത്തി അവയെ നിര്‍ത്തലാക്കണം, അദ്ദേഹം വിശദീകരിച്ചു.