ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മോശം ഭരണകാലമാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റേതെന്ന് ഉദ്ധവ് താക്കറെ

Posted on: February 13, 2017 7:55 pm | Last updated: February 13, 2017 at 7:51 pm

മുംബൈ: ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരായ വിമര്‍ശനം കടുപ്പിച്ച് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മോശം ഭരണകാലമാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റേതെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.

നാളിതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും മോശം ഭരണമാണിത്. സൈന്യം മിന്നലാക്രമണം നടത്തും, എന്നിട്ട് ബി.ജെ.പി അതിന്റെ പേരില്‍ മേനിനടിക്കും. അങ്ങനെയെങ്കില്‍ നിലവാരം കുറഞ്ഞ ഭക്ഷണം ജവാന്മാര്‍ക്ക് കൊടുത്തതിന്റെ ഉത്തരവാദിത്വവും കേന്ദ്രം ഏറ്റെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

ശത്രുക്കളുമായി അവര്‍ക്ക് യുദ്ധം ചെയ്യേണ്ടിവരുന്നത് ഒഴിഞ്ഞവയറുമായിട്ടാണെന്നും ഉദ്ധവ് കുറ്റപ്പെടുത്തി. ഈ രാജ്യം നിലവില്‍ വന്നത് 2014 ലാണെന്നാണ് ചിലയാളുകളുടെ വിചാരം. നോട്ട് നിരോധനം മൂലം 200 ലധികം പേര്‍ മരിച്ചു. ഒരു സൈനികന് പോലും നോട്ട് ക്ഷാമം കാരണം ആത്മഹത്യചെയ്യേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.