ജയയുടെ കൂടെ ജോലി ചെയ്തവര്‍ക്കെല്ലാം ‘അമ്മ’യാകാന്‍ കഴിയുമോയെന്ന് പനീര്‍സെല്‍വം

Posted on: February 13, 2017 7:25 pm | Last updated: February 14, 2017 at 10:31 am


ചെന്നൈ: സര്‍ക്കാര്‍ രൂപീകരണത്തെച്ചൊല്ലി തമിഴ്‌നാട്ടില്‍ വാക്പയറ്റ് തുടരുന്നതിനിടെ ശശികലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം. അമ്മ(ജയലളിത)യുടെ വീട്ടില്‍ ഒട്ടേറെപ്പേര്‍ ജോലി ചെയ്തിട്ടുണ്ട്. അവര്‍ക്കെല്ലാം ‘അമ്മ’യാകാന്‍ കഴിയുമോയെന്ന് ഒപിഎസ് ചോദിച്ചു. മൂന്നു ദശകങ്ങളോളം ജയലളിതയ്‌ക്കൊപ്പം നിഴലായി നടന്ന ശശികലയെ ഉന്നമിട്ടായിരുന്നു പനീര്‍സെല്‍വത്തിന്റെ പരിഹാസം.

പനീര്‍സെല്‍വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ശശികല രംഗത്തെത്തിയതിനു പിന്നാലെയാണ് ഒപിഎസ് തിരിച്ചടിച്ചത്. ഇന്ന് ഉച്ചയോടെ മാധ്യമങ്ങളെക്കണ്ട ശശികല, പനീര്‍സെല്‍വം വഞ്ചകനാണെന്നും ഡിഎംകെയോടൊപ്പം ചേര്‍ന്ന് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചിരുന്നു. ആയിരം പനീര്‍സെല്‍വം ഒന്നിച്ചുവന്നാലും ഭയപ്പെടില്ല. ജയലളിതയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച 33 വര്‍ഷവും ഒട്ടേറെ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.

ഇതിനിടയില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന് തമിഴ്‌നാട് ഗവര്‍ണര്‍ക്ക് അറ്റോര്‍ണി ജനറല്‍ നിയമോപദേശം നല്‍കി. നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ അനുവദിക്കണമെന്നും ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്താഗി തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് നിയമോപദേശം നല്‍കി.

ശശികലക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രീം കോടതി നാളെ വിധി പറയും. തനിക്കെതിരായ കേസിലെ വിധി സര്‍ക്കാര്‍ രൂപീകരണത്തിനോ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിനോ പ്രതിസന്ധിയല്ലെന്ന് ശശികല മാധ്യമങ്ങളോട് പറഞ്ഞു. എത്രയും വേഗം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ ഗവര്‍ണര്‍ അനുവദിക്കണമെന്നാണ് ശശികലയുടെ ആവശ്യം.