ജയലളിതയുടെ അവസാന വാക്കുകള്‍ വെളിപ്പെടുത്തി വികാരാധീനയായി ശശികല

Posted on: February 13, 2017 11:09 am | Last updated: February 13, 2017 at 11:39 am

ചെന്നൈ: രാഷ്ട്രീയ പ്രതിസന്ധി മുറുകുന്ന തമിഴകത്ത് അവസാന അടവുമായി ശശികല. കഴിഞ്ഞ ദിവസം കൂവത്തൂരിലെ റിസോര്‍ട്ടില്‍ എംഎല്‍എമാരെ കാണാനെത്തിയപ്പോഴാണ് ശശികല വികാരാധീനയായത്. എംഎല്‍എമാരോട് സംസാരിക്കുമ്പോള്‍ കണ്ണീരണിഞ്ഞ ശശികല പാര്‍ട്ടിയെ തകര്‍ക്കാന്‍ ആരേയും അനുവദിക്കരുതെന്ന് തന്നോട് പറഞ്ഞതായി വെളിപ്പെടുത്തി. ജീവന്‍ നല്‍കിയും പാര്‍ട്ടിയെ സംരക്ഷിക്കണമെന്ന് അവര്‍ എംഎല്‍എമാരോട് ആവശ്യപ്പെട്ടു. ജയലളിതയുടെ ചിത്രത്തിന് മുന്നില്‍നിന്ന് എല്ലാവരും ഇത് സംബന്ധിച്ച് പ്രതിജ്ഞയെടുക്കണമെന്ന് അവര്‍ നിര്‍ദേശിച്ചു.

എംജിആറിന് ശേഷം ജയലളിത നേരിട്ട അതേ പ്രതിസന്ധിയിലൂടെയാണ് താനും കടന്നുപോകുന്നത്. സര്‍ക്കാര്‍ രൂപീകരിക്കുകയാണ് തന്റെ ഏക ലക്ഷ്യം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാത്ത ഗവര്‍ണറുടെ നീക്കം ദുരൂഹമാണ്. ബിജെപിയും ഡിഎംകെയുമാണ് ഇതിന് പിന്നിലെന്നും ശശികല ആരോപിച്ചു.

എന്നാല്‍ ശശികലയുടേത് മുതലക്കണ്ണീരാണെന്ന് പനീര്‍ശെല്‍വം തിരിച്ചടിച്ചു. റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാര്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും പനീല്‍ശെല്‍വം ആരോപിച്ചു. കൂവത്തൂരിലെ റിസോര്‍ട്ടിലും പലരും തടവിലാണ്. ഒരു എംഎല്‍എക്ക് ചുറ്റും നാല് ഗുണ്ടകള്‍ വീതമാണുള്ളതെന്നും പനീര്‍ശെല്‍വം ആരോപിച്ചു.