ബംഗ്ലാദേശ് പതറുന്നു; ഇന്ത്യന്‍ ജയം ഏഴ് വിക്കറ്റ് അകലെ

Posted on: February 13, 2017 9:29 am | Last updated: February 13, 2017 at 9:29 am

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റില്‍ ഇന്ത്യന്‍ ജയം ഏഴ് വിക്കറ്റ് അകലെ. ഇന്ത്യ മുന്നോട്ടുവെച്ച 459 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശിന് അവസാന ദിനം 356 റണ്‍സ് നേടാന്‍ കഴിഞ്ഞാല്‍ വിജയം സ്വന്തമാക്കാം. പക്ഷേ, അവര്‍ക്ക് ഇനി ഏഴ് വിക്കറ്റുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. നാലാം ദിനം കളിയവസാനിക്കുമ്പോള്‍ സന്ദര്‍ശകര്‍ 35 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെടുത്തിട്ടുണ്ട്. 21 റണ്‍സുമായി ഷാകിബ് അല്‍ ഹസനും ഒമ്പത് റണ്‍സെടുത്ത മുഹമ്മദുല്ലയുമാണ് ക്രീസില്‍. തമിം ഇഖ്ബാല്‍, സൗമ്യ സര്‍ക്കാര്‍ (42), മൊമിനുല്‍ ഹഖ് (27) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. ഇന്ത്യക്ക് വേണ്ടി ആര്‍ അശ്വിന്‍ രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റുമെടുത്തു. പിച്ചിന്റെ സ്വഭാവം സ്പിന്നിന് അനുകൂലമായി മാറിയ സാഹചര്യത്തില്‍ അവസാന ദിനം പിടിച്ചുനില്‍ക്കുക ബംഗ്ലാദേശിന് എളുപ്പമാകില്ല. സ്‌കോര്‍ ഇന്ത്യ: ആറ് വിക്കറ്റിന് 687 ഡിക്ല., നാല് വിക്കറ്റിന് 159 ഡിക്ല. ബംഗ്ലാദേശ്: 388, 103/3.
ബംഗ്ലാദേശിനെ 388 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 229 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയിരുന്നു. ബംഗ്ലാദേശിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ അതിവേഗം സ്‌കോര്‍ കണ്ടെത്താനാണ് ശ്രമിച്ചത്. നാല് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്ത് ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. രണ്ട് ഇന്നിംഗ്‌സിലും കൂടി 458 റണ്‍സിന്റെ ലീഡ്. രണ്ടാം ഇന്നിംഗ്‌സില്‍ 23 മൂന്ന് റണ്‍സെടുക്കുന്നതിനിടെ ഇന്ത്യക്ക് ഓപണര്‍മാരെ നഷ്ടമായി. മുരളി വിജയ്‌യും (ഏഴ്), ലോകേഷ് രാഹുലുമാണ് (പത്ത്) പുറത്തായത്. പിന്നീട് ചേതേശ്വര്‍ പുജാരയും (58 പന്തില്‍ 54*), നായകന്‍ വിരാട് കോഹ്‌ലിയും (40 പന്തില്‍ 38) ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. ഒന്നാം ഇന്നിംഗ്‌സില്‍ ഇരട്ട സെഞ്ച്വറി നേടിയ കോഹ്‌ലിയെ ഷാകിബ് അല്‍ ഹസന്‍ മുഹമ്മദുല്ലയുടെ കൈകളിലെത്തിച്ചു. പിന്നീടെത്തിയ അജിങ്ക്യ രഹാനെ 35 പന്തില്‍ 28 റണ്‍സെടുത്ത് പുറത്തായി. 16 റണ്‍സുമായി രവീന്ദ്ര ജഡേജ പുറത്താകെ നിന്നു. ബംഗ്ലാദേശിനായി തെയ്ജുല്‍ തസ്‌കിനും ഷാകിബ് അല്‍ ഹസനും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
ഇന്ത്യ മുന്നോട്ടുവെച്ച 687 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറിന് മികച്ച പ്രതിരോധം തീര്‍ത്ത ബംഗ്ലാദേശ് ആറിന് 322 റണ്‍സെന്ന നിലയിലാണ് നാലാം ദിനം കളിയാരംഭിച്ചത്. എന്നാല്‍ ബംഗ്ലാ വാലറ്റത്തിന് പിടിച്ചു നില്‍ക്കാനുള്ള അവസരം ഇന്ത്യന്‍ ബൗളര്‍മാര്‍ നല്‍കിയില്ല. സന്ദര്‍ശകര്‍ക്ക് 66 റണ്‍സ് കൂടി മാത്രമാണ് നേടാന്‍ കഴിഞ്ഞത്. സെഞ്ച്വറി നേടിയ മുഷ്ഫിഖുര്‍ റഹീമാണ് അവസാനം പുറത്തായ ബാറ്റ്‌സ്മാന്‍. അശ്വിന്റെ പന്തില്‍ സാഹ പിടിച്ചു പുറത്താകുമ്പോള്‍ റഹീം 262 പന്തില്‍ 16 ബൗണ്ടറികളും രണ്ട് സിക്‌സറും അടക്കം 127 റണ്‍സ് നേടിയിരുന്നു. ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ് മൂന്നും അശ്വിന്‍, ജഡേജ എന്നിവര്‍ രണ്ട് വീതവും ഭുവനേശ്വര്‍ കുമാറും ഇശാന്ത് ശര്‍മയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.