Connect with us

Articles

പറയാതെ പിരിഞ്ഞ സഹീര്‍

Published

|

Last Updated

2006 സെപ്തംബറില്‍ സിറാജ് കണ്ണൂര്‍ എഡിഷന്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. പ്രവര്‍ത്തനങ്ങളുടെ മുന്‍ നിരയിലേക്ക് സജീവ സാന്നിധ്യമായി ഒരു ചെറുപ്പക്കാരന്‍ കടന്നുവന്നു. ചെറിയ പ്രായത്തിലും വലിയ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തി, പ്രായത്തില്‍ കവിഞ്ഞ പക്വതയും മനഃക്കരുത്തും കാട്ടി അയാള്‍ പത്രത്തിന്റെ പുതിയ നീക്കങ്ങളെ വല്ലാതെ സഹായിച്ചു. തുടക്കത്തിന്റെ പരിമിതികളെ മറികടന്നും സ്വാഭാവിക പ്രതിസന്ധികളെ തരണം ചെയ്തും മുന്നേറ്റപ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടി. അങ്ങനെ, കണ്ണൂര്‍ ജില്ലയിലെ കക്കാട് കുഞ്ഞിപ്പള്ളി സ്വദേശി വി സി മുഹമ്മദ് സഹീര്‍ എന്ന സഹീര്‍ കുഞ്ഞിപ്പള്ളി സിറാജ് ദിനപത്രത്തിന് സുപരിചിതനായി.
സുന്നി വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ സജീവ സംഘാടകനും കരുത്തുറ്റ സാരഥിയുമായിരുന്ന കാലത്താണ് സഹീര്‍ സിറാജ് ദിനപത്രത്തിന്റെ കണ്ണൂര്‍ യൂനിറ്റില്‍ ജീവനക്കാരനായെത്തുന്നത്. ഓഫീസില്‍ സര്‍ക്കുലേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി പിന്നെ സര്‍ക്കുലേഷന്‍ മാനേജറായി. ഇടക്കാലത്ത് യൂനിറ്റ് മാനേജറുടെ താത്കാലിക ചുമതലയും നിര്‍വഹിച്ചു. പത്രത്തിന്റെ നിലനില്‍പ്പിന് ഏറെ പ്രധാനപ്പെട്ട മാര്‍ക്കറ്റിംഗ് രംഗത്തെ ശക്തിപ്പെടുത്തി പരസ്യ വിഭാഗം മാനേജറായിരിക്കെയാണ് തികച്ചും അപ്രതീക്ഷിതമായി ആ വിയോഗം സംഭവിക്കുന്നത്.
സ്‌നേഹ സമ്പന്നനായിരുന്നു സഹീര്‍. പുഞ്ചിരിയും എളിമയും വിനയാന്വിതമായ മനസ്സും എല്ലാവരേയും ആകര്‍ഷിച്ചു. പക്വമായ തീരുമാനങ്ങളും ആരോഗ്യകരമായ ഇടപെടലുകളും കൊണ്ട് വിഷയങ്ങളെ ആത്മാര്‍ഥമായി കൈകാര്യം ചെയ്തു. ഏല്‍പ്പിച്ച കാര്യങ്ങളെല്ലാം സമയബന്ധിതമായും വേഗതയോടെയും ചെയ്തു തീര്‍ത്തു. തിരക്കായിരുന്നു എപ്പോഴും. തന്നില്‍ അര്‍പ്പിതമായ ദൗത്യം നിര്‍വഹിക്കാനുള്ള ജാഗ്രതയേറിയ തിരക്ക്. കര്‍മനിരതമായ ജീവിതം നയിക്കാനും എല്ലാം തീര്‍ത്ത് ഒടുവില്‍ സന്തോഷകരമായി മരണത്തിലൂടെ മടങ്ങാനും അവന് നല്ല തിരക്കുണ്ടായിരുന്നു.
ചിലര്‍ അങ്ങനെയാണ്. ഒരു വലിയ ജീവിതകാലം ചെയ്യാനുള്ളതെല്ലാം ചെറിയ ആയുസ്സിനുള്ളില്‍ ചെയ്തു തീര്‍ക്കാന്‍ അവര്‍ക്ക് തിരക്കായിരിക്കും. അങ്ങനെയവര്‍ നമ്മെ കൊതിപ്പിച്ചുകൊണ്ട് വേഗം വിട വാങ്ങും. ഇപ്പോള്‍ നമ്മളറിയുന്നു, അതിന് വേണ്ടി തന്നെയായിരുന്നു സഹീറിന്റെ ആ തിരക്ക്. കൂടെ നിന്ന ആര്‍ക്കും പൂതി തീര്‍ന്നിട്ടില്ല സഹീറിനൊപ്പമുള്ള സഹവാസം. വല്ലാതെ വേദനിപ്പിച്ചു കളഞ്ഞു സഹീര്‍, ഈ പെട്ടെന്നുള്ള വേര്‍പാടിലൂടെ.
സിറാജ് പത്രത്തിന് സഹീര്‍ പ്രിയപ്പെട്ടവനായിരുന്നു. അത്ര തന്നെ സഹീറിന് സിറാജ് ദിനപത്രം ഏറെ വേണ്ടപ്പെട്ടതുമായിരുന്നു. ഇരുപതാണ്ട് കാലത്തെ കര്‍മ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തോളം പത്രത്തേയാണ് സഹീര്‍ സേവിച്ചത്. തന്റെ കഴിവും സങ്കല്‍പ്പങ്ങളും പ്രതിഭാ സമ്പത്തും പത്രത്തിന്റെ വളര്‍ച്ചക്കും മാറ്റങ്ങള്‍ക്കും നന്നായി ഉപയോഗിച്ചു. ഒരിക്കലും അടങ്ങയിരുന്നിട്ടില്ലാത്ത ആ ആത്മ മിത്രം നിരന്തര പരിശ്രമത്തിലൂടെയും സമര്‍പ്പണത്തിലൂടെയും സിറാജില്‍ തന്റേതായ ഒരു ഇടം കണ്ടെത്തി.
സിറാജിന്റെ കണ്ണൂര്‍ എഡിഷന്‍ ആരംഭിച്ച കാലത്ത് പത്രത്തിന്റെ വിതരണം കുറ്റമറ്റതാക്കുന്നതില്‍ സഹീര്‍ സ്വന്തമായി പ്രയത്‌നിച്ചു. വിതരണശൃംഖല വ്യവസ്ഥാപിതമാക്കി കാര്യക്ഷമമാക്കുന്നതിന് രാപകലില്ലാതെ കഠിനാധ്വാനം ചെയ്തു. സാങ്കേതിക കാരണങ്ങളാല്‍ പത്രത്തിന്റെ പ്രിന്റിംഗ് വൈകുന്ന നേരങ്ങളെ കൂടുതല്‍ ക്ഷമയോടെയും ജാഗ്രതയോടെയും നേരിട്ടു. പാതിരാത്രികളില്‍ പത്രക്കെട്ടുകളുമായി പല സ്ഥലങ്ങളിലും നേരിട്ടുചെന്നു. അങ്ങനെ കുറ്റവും കുറവുകളുമില്ലാതെ, പോരായ്മകളും പരിമിതികളും പുറത്തറിയിക്കാതെ പലപ്പോഴും സ്ഥാപനത്തിന്റെ അന്തസ്സുയര്‍ത്തി അതില്‍ അഭിമാനം കൊണ്ടു. സത്യത്തില്‍ അന്നത്തെ സിറാജ് ടീമിനെ സഹീര്‍ തന്നെയായിരുന്നു നയിച്ചിരുന്നത്.
സിറാജിന്റെ വളര്‍ച്ചയും വികസനവും സഹീര്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നു. അതിന് വേണ്ടി ആകാക്ഷയോടെ കാത്തിരുന്നു. പ്രതീക്ഷാ നിര്‍ഭരമായ ഭാവി സ്വപ്‌നം കണ്ട് പ്രതിഫലേച്ഛയില്ലാതെ സേവനം ചെയ്തു. അച്ചടക്കമുള്ള ജീവനക്കാരന്‍. അക്ഷരം പ്രതി അനുസരണയുള്ള സഹപ്രവര്‍ത്തകന്‍. എല്ലാവരോടും അനുകമ്പയോടെ വര്‍ത്തിച്ച കൂട്ടുകാരന്‍. മനഃസാക്ഷിയോട് നീതി പുലര്‍ത്തി ജീവിതം നയിച്ച നിസ്വാര്‍ഥ സേവകന്‍. ഇങ്ങനെയൊക്കെയാണ് സഹപ്രവര്‍ത്തകര്‍ക്കിടയില്‍ സഹീര്‍ വേറിട്ടു നിന്നതും വേഗത്തില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായതും.
അവസാന നാളുകള്‍ സിറാജില്‍ തന്നെയായിരുന്നു സഹീര്‍ കൂടുതല്‍ സമയം ചെലവഴിച്ചത്. സംസ്ഥാന സ്‌കൂള്‍ കലോത്സവ നഗരിയിലെ സിറാജിന്റെ സ്റ്റാളിന് ഒരുക്കം കൂട്ടിയതും അതിന്റെ കോ- ഓര്‍ഡിനേറ്ററും സഹീറായിരുന്നു. സിറാജ് അല്‍ മഖര്‍ സമ്മേളന സപ്ലിമെന്റിന്റെ പണിപ്പുരയില്‍ ഉറക്കമൊഴിച്ചിരുന്നു. സാധാരണ ദിവസങ്ങളില്‍ തന്റെ പണി പൂര്‍ത്തിയായെന്ന് ഉറപ്പ് വരുത്തി രാത്രി വൈകി മാത്രമേ ഓഫീസ് വിടാറുള്ളൂ. ആ ആഴ്ച മുഴുവന്‍ പുലര്‍ച്ചെ രണ്ട് മണി കഴിഞ്ഞാണ് വീട്ടിലേക്ക് പോയത്. ഇക്കഴിഞ്ഞ ജനുവരി 24ന് ചൊവ്വാഴ്ച രാത്രി എട്ടര മണി, ഞങ്ങളോട് യാത്ര ചോദിച്ചു. എല്ലാം ചെയ്ത് തീര്‍ത്തതിന്റെ ആത്മസംതൃപ്തിയോടെ സഹീര്‍ അവസാനമായി സിറാജിന്റെ പടികളിറങ്ങി. പിറ്റേന്ന് കാലത്ത് ~ഒന്‍പത് മണിക്ക് ഇംഗ്ലീഷില്‍ അയച്ച മെസ്സേജ് ഇങ്ങനെയായിരുന്നു: “വല്ലാതെ ചുമക്കുന്നു. പനിക്കുന്നത് പോലെ തോനുന്നു. ശരീരം മൊത്തം വേദനിക്കുന്നു. ഞാനിന്ന് ലീവെടുക്കുന്നു…” ആ ലീവ് ഇപ്പോഴും അവസാനിക്കാതെ കിടക്കുന്നു.
വെളിച്ചത്തിന് കൂട്ടായിരുന്നു സഹീര്‍. നന്മയുടെ വെളിച്ചം കെടാതെ സൂക്ഷിച്ചു. സിറാജും ഒരു വെളിച്ചമായി കൂടെ കൊണ്ട് നടന്നു. വെളിച്ചം വിതറിയ ആ ജീവിതം ആഗ്രഹിച്ചത് പോലെ നല്ല വെളിച്ചമുള്ള ഒരു വെള്ളിയാഴ്ച പകല്‍ തന്നെ ചെന്നവസാനിച്ചു. ഒരു പുരുഷായുസ്സ് മുഴുവന്‍ ചെയ്തു തീര്‍ക്കാനുള്ളത് എല്ലാം തീര്‍ത്ത് വേഗത്തിലുള്ള മടക്കയാത്ര.
വെളിച്ചത്തിന്റെ കൂടെ നടന്നുപോയ ഞങ്ങളുടെ സഹപ്രവര്‍ത്തകന്റെ ആഖിറം എല്ലാം നീ വെള്ളിച്ചമാക്കണേ നാഥാ… ആമീന്‍