ദേശീയ പാര്‍ട്ടികളുടെ ഇടപെടല്‍: ദ്രാവിഡ രാഷ്ട്രീയം ശിഥിലമാകുമോ?

എന്നും തമിഴ് രാഷ്ട്രീയത്തില്‍ ദേശീയ പാര്‍ട്ടികള്‍ രണ്ടാം നിരയിലോ മൂന്നാം നിരയിലോ ഒതുങ്ങി. ദ്രാവിഡ കക്ഷികള്‍ മാത്രമായിരുന്നു തമിഴകം നിയന്ത്രിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ രൂപം കൊണ്ട പ്രതിസന്ധി മുതലെടുത്ത് മെല്ല മെല്ലെ അവിടെ വേരുറപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും ബി ജെ പിയും. ഇതിനാവശ്യമായ കരുതലോടെയുള്ള നീക്കങ്ങളാണ് ഡല്‍ഹിയിലെ ആസ്ഥാന മന്ദിരങ്ങളില്‍ നിന്നു തമിഴ്‌നാട്ടിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. യഥാര്‍ഥത്തില്‍ തമിഴ്‌നാട്ടിലെ നാടകങ്ങളിലൂടെ സംഭവിക്കാന്‍ പോകുന്നത് ദ്രാവിഡ രാഷ്ട്രീയ സ്വത്വത്തിനേല്‍ക്കുന്ന പ്രഹരമാകും. ഇപ്പോഴത്തെ ഇടപെടല്‍ പാര്‍ട്ടിയുടെ തമിഴ് ജനതയിലേക്കുള്ള വഴി തുറക്കുന്നതായിരിക്കണമെന്ന കൃത്യമായ അജന്‍ഡ ബി ജെ പിക്കുണ്ട്. കോണ്‍ഗ്രസിനും ഈ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇടപെടുന്നതില്‍ മറ്റൊരു ലക്ഷ്യമില്ല.
Posted on: February 13, 2017 9:12 am | Last updated: February 13, 2017 at 9:12 am
SHARE

ബ്രാഹ്മണ സംസ്‌കാരത്തില്‍ നിന്നു വ്യത്യസ്തമായ സംസ്‌കാരവും വംശപരമായ വ്യതിരിക്തതയും തങ്ങള്‍ക്കുണ്ടെന്നു കാണിച്ച് തമിഴകത്ത് തൊള്ളായിരത്തി മുപ്പതുകള്‍ക്കും അമ്പതുകള്‍ക്കുമിടയില്‍ രൂപപ്പെട്ട ‘എത്ത്‌നോ-ലിഗോസ്റ്റിക്കല്‍’ വിചാരത്തില്‍ നിന്നാണ് ദ്രാവിഡ രാഷ്ട്രീയമെന്ന ആശയം പിറവി കൊള്ളുന്നത്. തമിഴ് ജനതയുടെ പിതാവെന്നറിയപ്പെടുന്ന ഇ വി രാമസ്വാമിയില്‍ നിന്നാണ് ഈ ബ്രഹ്മണിക്കല്‍ വിരുദ്ധമായൊരു രാഷ്ട്രീയ ഊര്‍ജം തമിഴകത്ത് പ്രസരിക്കുന്നത്. ബ്രാഹ്മണ സംസ്‌കാരവും അവരുടെ രാഷ്ട്രീയവും ദ്രാവിഡ ജനതയില്‍ അടിച്ചേല്‍പ്പിക്കുകണെന്ന ബോധ്യത്തില്‍ സ്വത്വമുയര്‍ത്തിപ്പി ടിക്കാനുള്ള ആഹ്വനങ്ങളില്‍ നിന്നു രൂപപ്പെട്ട സോളിഡാരിറ്റിയില്‍ നിന്നാണ് തമിഴ് രാഷ്ട്രീയം ഉരുവം പ്രാപിച്ചത്. പിന്നീട് ബ്രാഹ്മണിക്കല്‍ ആധിപത്യത്തിനെതിരെ ദ്രാവിഡ ചെറുത്ത് നില്‍പ്പ്, സംസ്‌കൃത ഭാഷക്കെതിരെ തമിഴിന്റെ പുനരുജീവനം, ജാതി പീഡനങ്ങള്‍ക്കെതിരെയുള്ള പോരാട്ടം എന്നിവയിലൂന്നിയുള്ളതായി രൂപാന്തരപ്പെടുകയായിരുന്നു തമിഴ് രാഷ്ട്രം. അതുകൊണ്ടു തന്നെ ബ്രാഹ്മണ പൊതുബോധത്തിലധിഷ്ടിതമായി പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ദേശീയ പാര്‍ട്ടികള്‍ക്ക് തമിഴകത്ത് ഇടം ലഭിക്കാതെപോയി. ഇന്ത്യന്‍ ദേശീയതക്കപ്പുറം അവരുയര്‍ത്തിപ്പിടിച്ചത് ദ്രാവിഡ ദേശീയതയായിരുന്നു. ‘ഞങ്ങള്‍ നിങ്ങളില്‍ നിന്നും വ്യത്യസ്തമയ ജീവിത രീതിയും സംസ്‌കാരവുമുള്ളവരാണ്; അതുകൊണ്ട് തന്നെ തമിഴ് മക്കള്‍ക്ക് തമിഴകം വേണ’മെന്ന ദ്രാവിഡ നാഷണലിസ്റ്റ് സിദ്ധാന്തവും സ്വാതന്ത്ര്യ ലബ്ധിക്കു തൊട്ടുമുമ്പും ശേഷവും തമിഴ്‌നാട്ടില്‍ അലയടിച്ചു. ദേശീയ സ്വാതന്ത്ര്യ സമരങ്ങള്‍ക്ക് സമാന്തരസമരമായി ബ്രിട്ടിഷ് – ജാതിവിരുദ്ധ പ്രതിഷേധങ്ങളും തമിഴ്‌നാട്ടില്‍ ഉയര്‍ന്നുവരികയുണ്ടായി. ഇവയെല്ലാം സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന ദേശീയ പാര്‍ട്ടികള്‍ക്ക് കൂടി വിരുദ്ധമാകുന്ന ഒന്നായിരുന്നു. ഇതുകൊണ്ടുതന്നെ കോണ്‍ഗ്രസിനോ മറ്റു ദേശീയ പാര്‍ട്ടികള്‍ക്കോ തമിഴ് രാഷ്ട്രീയത്തില്‍ വിലിയ സ്വധീനമുറപ്പിക്കാന്‍ കഴിഞ്ഞില്ല. എന്നും തമിഴ് രാഷ്ട്രീയത്തില്‍ ദേശീയ പാര്‍ട്ടികള്‍ രണ്ടാം നിരയിലോ മൂന്നാം നിരയിലോ മാത്രമായി ഒതുങ്ങി. ദ്രാവിഡ രാഷ്ട്രീയത്തിലധിഷ്ഠിതമായ പാര്‍ട്ടികള്‍ മാത്രമായിരുന്നു തമിഴ് രാഷ്ട്രം നിയന്ത്രിച്ചുകൊണ്ടേയിരുന്നത്. അതേസമയം, ദ്രാവിഡ സംസ്‌കാരം പേറുന്ന കേരളവും കാര്‍ണാടകയും ഇതില്‍ നിന്നു വ്യതിരിക്തമായിരുന്നു. എന്നും ദേശീയ പാര്‍ട്ടികളോട് ഒട്ടി നിന്നും പ്രദേശിക പാര്‍ട്ടികളെ കയ്യകലത്തില്‍ നിര്‍ത്തിയുമാണ് ഇക്കാലമത്രയും ഇവിടങ്ങളില്‍ ഭരണം നിര്‍വഹിക്കപ്പെട്ടത്.
എന്നാല്‍, ഇപ്പോള്‍ തമിഴ് രാഷ്ട്രീയത്തിനകത്ത് ജയലളിതക്കു ശേഷം രൂപം കൊണ്ട പ്രതിസന്ധി മുതലെടുത്ത് മെല്ല മെല്ലെ തമിഴകത്ത് വേരുറപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും ബി ജെ പിയുമടങ്ങുന്ന ദേശീയ പാര്‍ട്ടികള്‍. ഇതിനാവശ്യമായ കരുതലോടെയുള്ള നീക്കങ്ങളാണ് ഡല്‍ഹിയിലെ ആസ്ഥാന മന്ദിരങ്ങളില്‍ നിന്നു തമിഴ്‌നാട്ടിലെ വിവിധ കേന്ദ്രങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കുന്നത്. ഇത് ദ്രാവിഡ രാഷ്ട്രീയത്തിന്റെ സ്വത്വപ്രതിസന്ധിലേക്ക് കൂടി വഴി തുറക്കുമെന്ന വിലയിരുത്തലുണ്ട്. തമിഴ് രാഷ്ട്രീയത്തില്‍ ഇതിനു മുമ്പും ധാരാളം പ്രതിസന്ധികളുണ്ടായിട്ടുണ്ട്. പക്ഷേ, അന്നൊന്നും ദേശീയ പാര്‍ട്ടികള്‍ക്ക് ഇത്രമാത്രം പ്രധ്യാന്യം ലഭിക്കുകയുണ്ടായിട്ടില്ലെന്നതാണ് വാസ്തവം. ജയലളിതയുടെ വിയോഗത്തോടെ ഭരണകക്ഷിയായ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അവരുടെ തോഴി ശശികല അവരോധിക്കപ്പെടുന്നതോടെയാണ് തമിഴകത്ത് പുതിയ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ രൂപം കൊള്ളുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായതിനു പിന്നാലെ ഒരല്‍പ്പം പോലും കാത്തിരിക്കാന്‍ സമയമില്ലാത്ത വിധം മുഖ്യമന്ത്രി കസേര കൂടി വേണമെന്ന ശശികലയുടെ അതിബുദ്ധിയാണ് തമിഴ് രാഷ്ട്രീയത്തെ പുതിയ പ്രശ്‌നങ്ങളിലേക്ക് തള്ളിവിട്ടത്. പാര്‍ട്ടി കമ്മിറ്റി ചേര്‍ന്ന് മുഖ്യമന്ത്രിയായിരുന്ന പനീര്‍ ശെല്‍വത്തോട് രാജി ആവശ്യപ്പെട്ടു. അനാവാശ്യ കാര്യങ്ങള്‍ക്ക് വേണ്ടുവോളും പ്രതിഷേധിക്കുകയും അവശ്യ സന്ദര്‍ഭങ്ങളില്‍ അതിനു നില്‍ക്കാതെ രാഷ്ട്രീയ നേതാക്കളെ അനുസരിക്കുകയും ചെയ്തുമാത്രം ശീലിച്ച തമിഴ് യുവത അതിനു വിരുദ്ധമായി പ്രതികണ ശേഷിയുമായി രംഗത്തെത്തിയതോടെയാണ് കാര്യങ്ങള്‍ മാറിമറിയുന്നത്. സോഷ്യല്‍ മീഡയ വഴി നടത്തിയ രാഷ്ട്രീയ ഇപെടലുകളിലൂടെയാണ് തമിഴ് യുവത ഇതിനെതിരെ പ്രതികരണം നടത്തിയത്. ഇതോടെ അവസരം മുതലെടുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടിയായ ഡി എം കെ പനീര്‍ശെല്‍വത്തിന് പിന്തുണ നല്‍ക്കുകയും രാഷ്ട്രീയ നാടകങ്ങള്‍ക്ക് വേദിയൊരുങ്ങുകയുമായിരുന്നു.
ഇതിനിടെയാണ്, പനീര്‍ശെല്‍വത്തിന് പരോക്ഷമായ പിന്തുണയുമായി ബി ജെ പി ദേശീയ നേതൃത്വം രംഗത്തെത്തിയത്. ഇത് തമിഴ്‌നാട്ടില്‍ സ്വധീനമുറപ്പിക്കാനുള്ള പുതിയ രാഷ്ട്രീയ നാടകങ്ങള്‍ക്ക് തുടക്കമിടുന്നതായിരുന്നു. അതോടെ വിഷയം ബി ജെ പിക്കും കോണ്‍ഗ്രസിനും തമിഴകത്ത് രാഷ്ട്രീയ ഇടപെടലുകള്‍ സാധ്യമാക്കുന്ന അന്തര്‍നാടകങ്ങള്‍ക്കുകൂടി അരങ്ങൊരുക്കി. ആദ്യം പനീര്‍ശെല്‍വത്തിന് പരോക്ഷവും രഹസ്യവുമായ പിന്തുണ നല്‍കിയ ബി ജെ പി ദേശീയ നേതൃത്വത്തിന്റെ ഇടപെടലാണ് നടന്നത്. ശശികലയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കെ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു ആരുമറിയാതെ ഡല്‍ഹിയിലേക്കു തിരിച്ചു. കേന്ദ്ര സര്‍ക്കാറുമായും ബി ജെ പി നേതാക്കളുമായും സംസാരിച്ച ശേഷം മുംബൈയിലേക്ക് പോയ ഗവര്‍ണര്‍ ചെന്നൈയിലേക്കില്ലെന്നു അറിയിച്ചതോടെയാണ് ബി ജെ പിയുടെ രാഷ്ട്രീയ ഇടപെടല്‍ പുറംലോകമറിയുന്നത്. ഇതോടെ കോണ്‍ഗ്രസും തമിഴ് രാഷ്ട്രീയത്തില്‍ ഇടം ഉറപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ പിന്തുണ തേടി ശശികല സമീപച്ചതോടെ സഖ്യകക്ഷിയായ ഡി എം കെയോടു പോലും ആലോചിക്കാതെ കോണ്‍ഗ്രസ് ശശികലക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ദേശീയ കക്ഷികള്‍ തമ്മിലുള്ള രാഷ്ട്രീയ വടംവലിക്കു ദ്രാവിഡ ഭൂമികയില്‍ ഊക്ക് കൂടി. എം എല്‍ എമാരെ തന്നോടപ്പം നിര്‍ത്താനുള്ള ശശികലയുടെ ശ്രമങ്ങള്‍ പാളുന്നതായുള്ള സൂചനകള്‍ പുറത്തുവരുന്നതിനിടെയാണ് അവര്‍ കോണ്‍ഗ്രസിന്റെ പിന്തുണ തേടിയത്. തുടര്‍ന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് പ്രസിഡന്റ് തിരുനാവുക്കരസരെ സോണിയാ ഗാന്ധി ഡല്‍ഹിക്ക് വിളിച്ചു വരുത്തി. രാഷ്ട്രീയ തന്ത്രങ്ങള്‍ പറഞ്ഞുകൊടുത്തുവിട്ടയച്ചു. പാര്‍ട്ടി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയേയും തമിഴ്‌നാട്ടില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് പി ചിദംബരത്തേയും സന്ദര്‍ശിച്ച ശേഷമാണ് തമിഴ്‌നാട് പാര്‍ട്ടി അധ്യക്ഷനും കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവും ചെന്നൈയിലേക്ക് മടങ്ങിയത്. ബി ജെ പിയുടെ ഇടപെടല്‍ നടക്കുന്നുണ്ടറിഞ്ഞതോടെ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹ്മദ് പട്ടേല്‍ ശശികലക്ക് അനുകലമായ പ്രസ്താവനയുമായി രംഗത്തെത്തി. ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്രം തമിഴ്‌നാട്ടിലെ വിഷയങ്ങള്‍ വൈകിപ്പിക്കുകയാണെന്നും തമിഴ് എം എല്‍ എമാര്‍ അവരുടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ അവസരം നല്‍കണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനു പിന്നാലെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിമിഴ്‌നാട്ടില്‍ നിന്നുള്ള എം എല്‍ എമാരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഇവയെല്ലാം കൃത്യമായ ആസൂത്രണത്തോടെയുള്ള നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
യഥാര്‍ഥത്തില്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയ നാടകങ്ങളിലൂടെ സംഭവിക്കാന്‍ പോകുന്നത് ദ്രാവിഡ രാഷ്ട്രീയ സ്വത്വത്തിനേല്‍ക്കുന്ന പ്രഹരമാകും. കേന്ദ്ര ഭരണത്തിലെ സ്വധീനമുപയോഗിച്ചുള്ള രാഷ്ട്രീയ കളി ബി ജെ പി മറ്റു സംസ്ഥാനങ്ങളിലും പരീക്ഷിച്ചിരുന്നു. അരുണാചലില്‍ ആധിപത്യമുറപ്പിക്കുന്നതിന് ഗവര്‍ണറെ ഉപയോഗിച്ച് ബി ജെ പി കളിച്ചു. പക്ഷേ, അവിടെങ്ങളിലെല്ലാം ഉന്നം കോണ്‍ഗ്രസായിരുന്നുവെങ്കില്‍ തമിഴകത്ത് പ്രദേശിക പാര്‍ട്ടികളുടെ അപ്രമാധിത്വത്തെ തകര്‍ക്കുന്നതിനുള്ള നീക്കങ്ങളായിരിക്കും ബി ജെ പി സ്വപ്‌നം കാണുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കിഷ്ടമുള്ളവരെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിന് ആവശ്യമായ വോട്ട് സൃഷ്ടിക്കുകയെന്നതുകൂടി ബി ജെ പി ലക്ഷ്യമാണ്. അതിനുമപ്പുറം പാര്‍ട്ടിയുടെ തമിഴ് ജനതയിലേക്കുള്ള വഴി കൂടി തുറക്കുന്നതായിരിക്കണമെന്ന കൃത്യമായ അജന്‍ഡയും അമിത് ഷാക്കും ബി ജെ പി നേതൃത്വത്തിനുമുണ്ട്. കോണ്‍ഗ്രസിനും ഈ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇടപെടുന്നതിലൂടെ മറ്റൊരു ലക്ഷ്യമില്ല. കേരളമുള്‍പ്പെടെയുള്ള ദ്രാവിഡ പാരമ്പര്യം പേറുന്ന സംസ്ഥാനങ്ങളിലെ പോലെ തമിഴ്‌നാട്ടിലും സ്വധീനം ശക്തിപ്പെടുത്തുക തന്നെയാണ് ഉന്നം. അതുകൊണ്ടു തന്നെ പുതിയ സംഭവവികാസങ്ങളിലെ ദേശീയ പാര്‍ട്ടിയുടെ ഇടപെടല്‍ വിജയിക്കുകയാണെങ്കില്‍ തമിഴ്‌നാട്ടിലെ പ്രദേശിക രാഷ്ട്രീയത്തിന്റെ അവസാനത്തിന്റെ തുടക്കം കൂടിയായി അത് മാറും.

LEAVE A REPLY

Please enter your comment!
Please enter your name here