Connect with us

Kerala

ബജറ്റ് ജനപ്രിയമാക്കാന്‍ ശ്രമം; ധനസ്ഥിതി വെല്ലുവിളി

Published

|

Last Updated

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി തടസ്സമാകുമ്പോഴും പിണറായി വിജയന്‍ സര്‍ക്കാറിന്റെ രണ്ടാം ബജറ്റും ജനപ്രിയമാകും. വരുമാന വര്‍ധനവിനുള്ള വഴികള്‍ തേടി റവന്യൂ കമ്മി പരമാവധി കുറക്കാനാണ് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന്റെ ശ്രമം. വാറ്റ് ഇതര വരുമാനത്തില്‍ കഴിഞ്ഞ മാസങ്ങളിലുണ്ടായ വളര്‍ച്ചയും ജി എസ് ടി വരുന്നതും സര്‍ക്കാറിന് പ്രതീക്ഷ നല്‍കുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള ധനസഹായം കുറയുന്നതും കേന്ദ്ര ബജറ്റില്‍ വലിയ പിന്തുണ ഇല്ലാത്തതും പ്രതിസന്ധിയായി മുന്നിലുണ്ട്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന നിര്‍ദേശം മുന്നിലുണ്ടെങ്കിലും നയപരമായ തീരുമാനം വേണ്ടതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. നഷ്ടത്തില്‍ നട്ടം തിരിയുന്ന കെ എസ് ആര്‍ ടി സി സമ്പൂര്‍ണമായി പുനഃസംഘടിപ്പിക്കാനുള്ള നിര്‍ദേശം ബജറ്റിലുണ്ടാകും. പതിമൂന്ന് ജില്ലകളിലൂടെ കടന്നുപോകുന്ന മലയോര ഹൈവേ ഇത്തവണ ഇടംപിടിക്കും.
ജി എസ് ടിയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നുവെന്നതാണ് ബജറ്റിന്റെ മുഖ്യ ആകര്‍ഷണം. പതിവ് ധനകാര്യ ബില്‍ പോലും ഇക്കുറിയുണ്ടാകില്ല. 18ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കുന്ന ജി എസ് ടി കൗണ്‍സിലില്‍ വരുമാനം പങ്കുവെക്കുന്ന കാര്യത്തില്‍ അന്തിമതീര്‍പ്പുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ജി എസ് ടിയുടെ തീര്‍പ്പ് സംബന്ധിച്ച വ്യക്തതക്ക് വേണ്ടിയാണ് സംസ്ഥാന ബജറ്റ് മാര്‍ച്ചിലേക്ക് നീട്ടിയത്.
ധനസമാഹരണമാണ് സര്‍ക്കാര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തിലും വാറ്റ് ഇതര വരുമാനത്തില്‍ ജനുവരിയില്‍ 17 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയത് ധന വകുപ്പിന് പ്രതീക്ഷ നല്‍കുന്നു. ജി എസ് ടി വരുമ്പോള്‍ ഇത് ഏത് രീതിയിലാകുമെന്നതില്‍ വ്യക്തതയില്ല. മദ്യം, പെട്രോളിയം സെസ്, ലോട്ടറി എന്നിവയില്‍ നിന്നാണ് നികുതിയേതര വരുമാനത്തിന്റെ മുഖ്യപങ്ക്. ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ മാര്‍ച്ച് 31നകം മാറ്റി സ്ഥാപിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യം ധന വകുപ്പിന്റെ ആശങ്കപ്പെടുത്തുന്നു. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ കൂട്ടത്തോടെ പൂട്ടേണ്ടി വരുന്നത് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നാണ് ധനമന്ത്രി വിലയിരുത്തുന്നത്.
കഴിഞ്ഞ ബജറ്റ് 13,066 കോടിയുടെ കമ്മി ബജറ്റാണ് അവതരിപ്പിച്ചിരുന്നത്. റവന്യൂ കമ്മി ഇല്ലാതാക്കി കിഫ്ബിയുടെ പ്രവര്‍ത്തനം ഫലപ്രദമാക്കുകയെന്ന ലക്ഷ്യമാണ് ഐസക്കിനെങ്കിലും സാമ്പത്തിക സാഹചര്യം ഇതിന് അനുകൂലമല്ല. വന്‍കിട പദ്ധതികള്‍ പൂര്‍ണമായി കിഫ്ബി വഴി തന്നെയാകും. കിഫ്ബി കൂടുതല്‍ വിപുലമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകും. 4,004 കോടി രൂപയുടെ 48 പദ്ധതികള്‍ക്കാണ് കിഫ്ബി ഡയറക്ടര്‍ ബോര്‍ഡിന്റെ ആദ്യയോഗം അനുമതി നല്‍കിയത്.
ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ കൂടുതല്‍ പദ്ധതികള്‍ വരും. സാന്ത്വന ചികിത്സക്ക് പ്രത്യേക പാക്കേജ് അവതരിപ്പിക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനഃസംഘടനയും ബജറ്റ് ലക്ഷ്യമിടുന്നു. ജീവനക്കാരുടെ സഹകരണത്തോടെ കെ എസ് ആര്‍ ടി സി പുനഃസംഘടിപ്പിക്കുന്നത് നടപ്പാക്കാനുള്ള നിര്‍ദേശം ബജറ്റിലുണ്ടാകും.