ജലോപയോഗം; കുവൈത്തില്‍ കടുത്ത നിയന്ത്രണം വരുന്നു

Posted on: February 12, 2017 2:39 pm | Last updated: February 12, 2017 at 2:39 pm

കുവൈത്ത് സിറ്റി: രാജ്യത്ത് ജലോപയോഗത്തിന്റെ തോത് വളരെ കൂടുതലാണെന്ന് ജല, വൈദ്യുതി വകുപ്പ് നടത്തിയ പഠനം വ്യക്തമായ്ക്കുന്നു. രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലെ തെരഞ്ഞെടുത്ത 60 വില്ലകളില്‍ ഒരു വര്‍ഷത്തോളം നിരീക്ഷിച്ചാണ് പഠന റിപ്പോര്‍ട് തയ്യാറാക്കിയത്. കുവൈത്ത് ജല, വൈദ്യുതി മന്ത്രാലയം ശാസ്ത്ര ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സഹകരണത്തോടെയാണ് പഠനം നടത്തിയത്.

പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യ താമസയിടങ്ങളിലും എന്‍ജിനീയര്‍ ഇഖ്ബാല്‍ അല്‍ തയാറിന്റെ നേതൃത്വത്തില്‍ പ്രത്യേക നിരീക്ഷണം നടത്തി. താമസയിടങ്ങളില്‍ കുളിക്കുന്നതിനാണ് ഏറ്റവും കൂടുതല്‍ വെള്ളം വിനിയോഗിക്കുന്നത്. ആവശ്യമായതിലും അധികമാണ് കുളിമുറിയിലെ ജലവിനിയോഗം. അടുക്കളയിലാണ് പിന്നീട് അധികം ചെലവഴിക്കുന്നത്. ചെടികള്‍ നനക്കല്‍, കാര്‍ കഴുകല്‍ തുടങ്ങിയവക്കും യഥേഷ്ടം വെള്ളം ഉപയോഗിക്കുന്നു.

ജലോപയോഗം നിയന്ത്രിക്കുന്ന ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് ഫലപ്രദമാണെന്ന് ഒരു ഹോട്ടലില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ അനുഭവത്തിന്റെ വെളിച്ചത്തില്‍ എന്‍ജി. ഇഖ്ബാല്‍ അല്‍ തയാര്‍ പറഞ്ഞു. പ്രത്യേകതരം ഷവര്‍ ടാപ് പോലുള്ള ഇത്തരം ലഘുഉപകരണങ്ങള്‍ കോഓപറേറ്റിവ് സൊസൈറ്റികള്‍ വഴി കുറഞ്ഞവിലയില്‍ ലഭ്യമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജലചൂഷണത്തെ കുറിച്ച് ബോധവത്കരിക്കാന്‍ കാമ്പയിന്‍ നടത്തുന്നതിനെ കുറിച്ചും മന്ത്രാലയം ആലോചിക്കുന്നു. വൈദ്യുതി ഉപഭോഗം കണക്കാക്കാന്‍ ഓരോ ഫ്‌ളാറ്റിനും വെവ്വേറെ മീറ്ററുകള്‍ ഉണ്ടെങ്കിലും വെള്ളക്കരം ഫ്‌ളാറ്റ് വാടകയോട് ചേര്‍ത്ത് ഈടാക്കുന്ന രീതിയാണ് കുവൈത്തില്‍ നിലവിലുള്ളത്. ഇതുകൊണ്ട് ഫ്‌ളാറ്റുകളിലെ താമസക്കാര്‍ ജലോപയോഗ നിയന്ത്രണത്തില്‍ ബോധവാന്മാരല്ല. കുവൈത്തില്‍ വിദേശികള്‍ വാടകക്ക് താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റുകളിലെ ജലവിതരണത്തിന് മീറ്റര്‍ ഏര്‍പ്പെടുത്താന്‍ മന്ത്രാലയത്തിന് പദ്ധതിയുണ്ട്. ഇതിനായി ഒരുലക്ഷം സ്മാര്‍ട്ട് വാട്ടര്‍ മീറ്റര്‍ ഇറക്കുമതി ചെയ്യും. കടല്‍വെള്ളം ശുദ്ധീകരിച്ചാണ് കുവൈത്ത് ശുദ്ധജലം കണ്ടത്തെുന്നത്.