ശശികലക്ക് വീണ്ടും തിരിച്ചടി; പുറത്തുവിടണമെന്ന് 20 എംഎല്‍എമാര്‍

Posted on: February 12, 2017 12:35 pm | Last updated: February 13, 2017 at 9:01 am

ചെന്നൈ: തമിഴ്‌നാട്ടിലെ അധികാര വടംവലിയില്‍ ശശികലക്ക് വീണ്ടും തിരിച്ചടി. ശശികല കൂവത്തൂരിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന എംഎല്‍എമാരില്‍ 20 പേര്‍ തങ്ങളെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇവരെ ശശികല തടവിലാക്കിയതാണെന്ന് നെരത്തെ ആരോപണമുണ്ടായിരുന്നു.

അതിനിടെ ശശികല പക്ഷത്ത് കൊഴിഞ്ഞുപോക്ക് തുടരുകയാണ്. ശശികല പക്ഷത്തെ മൂന്ന് എംപിമാര്‍ കൂടി കാലുമാറി പനീര്‍ശെല്‍വത്തോടൊപ്പം ചേര്‍ന്നു. തൂത്തുകുടി എംപി ജയ്‌സിംഗ് ത്യാഗരാജ് നട്ടര്‍ജി, വേലൂര്‍ എംപി സെങ്കുട്ടുവന്‍, പെരുമ്പള്ളൂര്‍ എംപി ആര്‍പി മരുതരാജ എന്നിവരാണ് അവസാനമായി പനീര്‍ശെല്‍വം ക്യാമ്പിലെത്തിയത്. ഇതോടെ പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ച എംപിമാരുടെ എണ്ണം ഏഴായി.

അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി കൂടിയായ വികെ ശശികലക്കൊപ്പം നിന്നിരുന്ന രണ്ട് മന്ത്രിമാര്‍ക്ക് പിന്നാലെ ശശികലയുടെ വിശ്വസ്തന്‍ സി പൊന്നയ്യനും പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് പൊന്നയ്യന്‍. വിദ്യാഭ്യാസ മന്ത്രി കെ പാണ്ഡ്യരാജന്‍, ഫിഷറീസ് മന്ത്രി ഡി ജയകുമാര്‍ എന്നിവരാണ് പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ച മന്ത്രിമാര്‍.