ഇ അഹ്മദിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

Posted on: February 12, 2017 10:45 am | Last updated: February 12, 2017 at 10:45 am

ന്യൂഡല്‍ഹി: മുസ്ലിംലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ഇ അഹ്മദിന്റെ മരണം കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മറച്ചുവെച്ചുവെന്ന ആരോപണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാലാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ഇ അഹ്മദിന് ചികിത്സ നല്‍കിയ ആര്‍ എം എല്‍ ആശുപത്രി സൂപ്രണ്ട്, ഡല്‍ഹി പോലീസ് കമ്മിഷണര്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബജറ്റ് അവതരണം മാറ്റിവെക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് മരണം മറച്ചുവെച്ചുവെന്ന മുസ്ലിംലീഗ് നേതാക്കളായ പാറക്കല്‍ അബ്ദുല്ല, പി കെ ബശീര്‍, സുപ്രിംകോടതി അഭിഭാഷകന്‍ സയ്യിദ് മര്‍സൂഖ് ബാഫഖി എന്നിവര്‍ പ്രമുഖ അഭിഭാഷകന്‍ ഹരീസ് ബീരാന്‍ മുഖേന സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെയും ഡല്‍ഹി പോലീസിനെയും പ്രതിചേര്‍ത്താണ് പരാതി നല്‍കിയിരുന്നത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെ പാര്‍ലിമെന്റില്‍ കുഴഞ്ഞുവീണ ഇ അഹ്മദിനെ ആശുപത്രിയില്‍ പ്രവേശിച്ചതിന് ശേഷം കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇരയായെന്നും മുതിര്‍ന്ന പാര്‍ലിമെന്റ് അംഗമായ അദ്ദഹത്തിന് ലഭിക്കേണ്ട ആദരവ് ലഭിച്ചില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മരണം ആശുപത്രി അധികൃതരും കേന്ദ്രസര്‍ക്കാരും മണിക്കൂറുകളോളം മറച്ചുവച്ചു. ആശുപത്രി അധികൃതര്‍ അഹ്മദിന്റെ ബന്ധുക്കളോട് മോശമായാണ് പെരുമാറിയത്. രോഗിയുടെ ബന്ധുക്കള്‍ക്കു ലഭിക്കേണ്ട അവകാശങ്ങളും നിഷേധിക്കപ്പെട്ടു. ആശുപത്രിയില്‍ എത്തിച്ച ഉടന്‍ സി പി ആര്‍ നല്‍കിക്കൊണ്ടിരുന്ന ഡോക്ടര്‍മാര്‍, രോഗിയുടെ നില അതീവ ഗുരുതരമാണെന്നും 20 മിനുട്ട് മാത്രമേ ഈ രീതിയില്‍ നിലനിര്‍ത്താന്‍ സാധ്യമാകൂവെന്നും അറിയിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം വിട്ടുതരുന്നതിന് മുമ്പുള്ള നടപടി ക്രമങ്ങള്‍ നടത്തുന്നതിന് വേണ്ടി പാര്‍ലിമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരോട് പുറത്തു നില്‍ക്കാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ തൊട്ടുപിന്നാലെ ആശുപത്രിയിലെത്തിയ പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് ആശുപത്രി അധികൃതരുമായി നടത്തിയ ചര്‍ച്ചക്കു ശേഷം ദുരൂഹമായ നീക്കങ്ങളുണ്ടാവുകയും ട്രോമാകെയര്‍ ഐ സി യുവിലേക്ക് അഹ്മദിനെ മാറ്റുകയുമായിരുന്നു. പിന്നീട് എം പിമാര്‍ക്കോ സഹായികള്‍ക്കോ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയില്ലെന്നും കമ്മിഷനു സമര്‍പ്പിച്ച പരാതിയില്‍ ലീഗ് നേതാക്കള്‍ അറിയിച്ചു. ബന്ധുക്കളുമായോ കൂടെയുണ്ടായിരുന്നവരുമായോ ആലോചിക്കാതെയാണ് ട്രോമാകെയറിലേക്കു മാറ്റിയത്.
കൂടുതല്‍ വിദഗ്ധ ചികിത്സക്കു വേണ്ടിയാണ് അഹ്മദിനെ ട്രോമാകെയറിലേക്കു മാറ്റിയതെന്നാണ് ജിതേന്ദ്രസിംഗ് മറുപടി നല്‍കിയത്. ആശുപത്രിയില്‍ സ്വകാര്യ സേനയെ വിന്യസിച്ചുവെന്നും രാത്രി മക്കളും മരുമക്കളും എത്തിയെങ്കിലും അവരെയും കാണാന്‍ അനുവദിച്ചില്ലെന്നും ട്രോമ ഐ സി യുവിലേക്കു മാറ്റിയ ശേഷം 12 മണിക്കൂര്‍ കഴിഞ്ഞിട്ടും ആരോഗ്യവിവരങ്ങള്‍ വിശദീകരിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. രാത്രി രണ്ട് മണി കഴിഞ്ഞ് മക്കളെ ഉള്ളിലേക്കു പ്രവേശിപ്പിച്ചു. ഉടന്‍ പുറത്തുവന്ന മക്കള്‍ മരണം സ്ഥിരീകരിക്കുകയും മണിക്കൂറുകള്‍ക്കു മുമ്പ് തന്നെ മരിച്ചതായും അറിയിക്കുകയുമായിരുന്നു. ഇക്കാര്യങ്ങള്‍ അന്വേഷിച്ചു നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടത്.