Connect with us

Articles

അവേലത്ത് തങ്ങളുടെ ലോകം

Published

|

Last Updated

“വത്സലനായ ഒരു പിതാവിനെ പോലെ ചിലപ്പോള്‍ നല്ലൊരു സുഹൃത്തിനെ പോലെ വഴികാട്ടിയും മാര്‍ഗ ദര്‍ശിയുമായിരുന്നു അവേലത്ത് തങ്ങള്‍”. കുഞ്ഞുനാളില്‍ ഒരു മത വിദ്യാര്‍ഥി ആയിരുന്ന അന്നു മുതല്‍ തന്നെ വളര്‍ത്തി വലുതാക്കിയ, അവസരോചിതമായി ധൈര്യവും സ്ഥൈര്യവും ഊര്‍ജവും നല്‍കി കൂടെനിന്ന സയ്യിദ് അബ്ദുല്‍ ഖാദിര്‍ അഹ്ദല്‍ എന്ന അവേലത്ത് തങ്ങളെ ബഹുമാനപ്പെട്ട കാന്തപുരം ഉസ്താദ് ഒാര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്. കാന്തപുരം എന്ന വ്യക്തിയുടെയും പ്രസ്ഥാനത്തിന്റെയും അസൂയാവഹമായ വളര്‍ച്ചയില്‍ സയ്യിദ് തറവാട്ടിലെ ഈ കാരണവരുടെ അനല്‍പമായ പങ്ക് മനസ്സിലാക്കാന്‍ ഈയൊരു വാക്ക് മാത്രം മതി.
അവേലത്ത് അഹ്ദല്‍ തറവാടിന്റെ കോലായിക്കും ഇമ്പിച്ചിക്കോയ തങ്ങള്‍ എന്ന വലിയ തങ്ങളുടെ ചാരുകസേരക്കും സമൂഹത്തിന്റെ നാനാ തുറകളില്‍ ജീവിക്കുന്ന നിരവധി പരിചയക്കാരുണ്ട്. വലിയ തങ്ങളുടെ കാലം മുതല്‍ ചെറിയ തങ്ങളും അവരുടെ മക്കളും തുറന്നു വെച്ച വാതിലിലൂടെ അവരവരുടെ സമകാലികരായ പണ്ഡിതന്മാരും സാദാത്തുക്കളും നിരവധി കടന്നു വന്നിട്ടുണ്ട്. അശരണരുടെ അത്താണിയും അനൗദ്യോഗിക കോടതിയുമായിരുന്ന ഈ തറവാട്ടിലെ അടുപ്പണയാത്തതിന്റെ കാരണം മറ്റൊന്നുമല്ല.
പരിസരത്തുള്ള പള്ളി ദര്‍സുകളിലേയും മതസ്ഥാപനങ്ങളിലേയും വിദ്യാര്‍ഥികള്‍ക്കും സ്‌നേഹ ജനങ്ങള്‍ക്കും ഒരുപിടി ഭക്ഷണം അഹ്ദല്‍ തറവാട്ടിലുണ്ടാകുമെന്ന് തീര്‍ച്ച. മൗലിദിന്റെയും മാലയുടെയും ഈരടികള്‍ സദാ മുഴങ്ങിക്കേള്‍ക്കുന്ന ഈ തറവാടിന് ഇന്നും നിറം മങ്ങിയിട്ടില്ല. മുസ്‌ലിം തറവാടുകളുടെ ഗതകാല പ്രൗഢി ഓര്‍മ്മപ്പുസ്തകങ്ങളില്‍ ചിതലരിക്കുമ്പോള്‍ സാംസ്‌കാരിക അധഃപതനത്തിന്റെയും സാമൂഹിക മാറ്റത്തിന്റെയും കറപുരളാത്ത തറവാടും പരിസരവും ഇന്നും പഴയ പ്രതാപത്തില്‍ തന്നെയാണ്. ഹള്‌റമീ സാദാത്ത് കേരളീയ മുസ്‌ലിം സാമൂഹികതയിലുണ്ടാക്കിയ സ്വാധീനത്തിന്റെ ഒരുത്തമ നിദര്‍ശനമാണ് അവേലത്ത് അഹ്ദല്‍ തറവാടുമായി കെട്ടു പിണഞ്ഞു കിടക്കുന്ന നാടിന്റെ സ്വഭാവവും സംസ്‌കാരവും.
1928 സെപ്തംബര്‍ 22 (1347 റബീഉല്‍ ആഖിര്‍ 7) നാണ് അവേലത്ത് തങ്ങള്‍ ജനിക്കുന്നത്. തങ്ങള്‍ക്ക് ആറ് വയസ്സ് പ്രായമായപ്പോള്‍ നാട്ടില്‍ പടര്‍ന്നു പിടിച്ച വസൂരി രോഗം പിടിപെട്ട് പിതാവും അഞ്ചു കൂടപ്പിറപ്പുകളും വേര്‍പിരിഞ്ഞത് തങ്ങള്‍ക്ക് വലിയ വേദനയായിരുന്നു. പക്ഷേ, പൂനൂരിലുള്ള കുഞ്ഞിബ്‌റാഹീം മുസ്‌ലിയാരുടെ പള്ളി ദര്‍സില്‍ ചേര്‍ത്തി മുത്വവ്വല്‍ വരെ പഠനം ഒരുക്കിക്കൊടുക്കാനും ശേഷം നാട്ടില്‍ സുന്നത്ത് ജമാഅത്തിന്റെ ചലനങ്ങളുടെ സ്ഥാനം ഏല്‍പ്പിക്കാനും പിതൃതുല്ല്യനായ ജ്യേഷ്ഠ സഹോദരന്‍ വലിയ തങ്ങള്‍ ഉണ്ടായിരുന്നു, ഒരു താങ്ങായി. തങ്ങളുടെ അറിവും ആത്മീയ വിശുദ്ധിയും ആദര്‍ശത്തോടുള്ള അടങ്ങാത്ത ആവേശവും അക്കാലത്ത് സുന്നത്ത് ജമാഅത്തിന്റെ നിലനില്‍പ്പിന് വലിയ മുതല്‍ക്കൂട്ടായിരുന്നു.
മൗലിദ് സദസ്സ്, വഅള് പരമ്പര, മദ്‌റസ എന്നീ ആശയങ്ങള്‍ നടപ്പില്‍ വരുത്തിയാണ് നാട്ടിലെ സമുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ സജീവമാകുന്നത്. വെള്ളിയാഴ്ച പ്രഭാഷണങ്ങളിലും മറ്റും നാടിന്റെ അനിവാര്യമായ ആവശ്യങ്ങളെ കുറിച്ച് സമ്പന്നരെയും പ്രമാണിമാരെയും ബോധ്യപ്പെടുത്താന്‍ തങ്ങള്‍ക്ക് നന്നായി സാധിക്കുമായിരുന്നു. തങ്ങളുടെ കര്‍മാവേശത്തിന് ആക്കം കൂട്ടിയ മുള്ഹിറുല്‍ ഇസ്‌ലാം സംഘത്തിന്റെ രൂപവത്കരണവും (1952 ജനു 2) തുടക്കം മുതല്‍ മരണം വരെ അതിന്റെ അധ്യക്ഷ പദവിയും, പാവങ്ങളുടെ ക്ഷേമത്തിനായി രൂപീകരിക്കപ്പെട്ട മസാലിഹുല്‍ മുസ്‌ലിമീന്‍ (1967) എന്ന സംഘടനയും നാടിന്റെ മതപരവും സാമൂഹികവുമായ വളര്‍ച്ചയില്‍ ചെലുത്തിയ സ്വാധീനം ചെറുതല്ല.
മതപരമായി ഒരു നേതൃത്വം എന്ന നിലയില്‍ മാത്രം ഒതുങ്ങി നിന്നിരുന്നില്ല തങ്ങള്‍ എന്നത് വലിയൊരു പാഠമായിരുന്നു. ഒരുപാട് കഷ്ടതകള്‍ അനുഭവിച്ച് വളര്‍ന്ന തങ്ങള്‍ അനാഥര്‍ക്കും അശരണര്‍ക്കും എന്നും ഒരു കൈത്താങ്ങാകാന്‍ ശ്രദ്ധിച്ചിരുന്നു. ഇങ്ങനെ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ കൈയൊപ്പ് ചാര്‍ത്തിയ ഒന്നാണ് ചേപ്പാല മുതല്‍ കിഴക്കോത്ത് പഞ്ചായത്ത് വരെയുള്ള ഗതാഗത സംവിധാനം. അതിനു പുറമെ പൂനൂര്‍ ആശുപത്രി കേന്ദ്രീകരിച്ച് ആരംഭിച്ച ആശ്വാസ കേന്ദ്രത്തിന് പിന്നിലും തങ്ങളുടെ കരങ്ങളായിരുന്നു.
മതപരമായ നിര്‍മാണാത്മക പ്രവര്‍ത്തനങ്ങളിലും തങ്ങളുടെ ഇടപെടലുകള്‍ ശക്തമായിരുന്നു. സുന്നികള്‍ക്കായൊരു മദ്‌റസയും പള്ളിയും, പ്രഗത്ഭരായ നിരവധി പണ്ഡിതന്മാരെ വാര്‍ത്തെടുത്ത അസീസിയ്യ ദര്‍സിന്റെ വളര്‍ച്ചയും തങ്ങളുടെ അധ്വാന ഫലമായിരുന്നു. ആദര്‍ശ രംഗത്തെ ബദ്ധവൈരികളോട് പോരാടി പൂനൂര്‍ ടൗണ്‍ ജുമാ മസ്ജിദ് സുന്നികളുടെ കൈയില്‍ തിരികെ കൊണ്ടു വന്നതില്‍ തങ്ങളുടെ സ്വാധീനം നാട്ടുകാര്‍ ഇന്നും ഓര്‍ക്കുന്നുണ്ട്.
നാട്ടില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല തങ്ങളുടെ വ്യക്തി പ്രഭാവം. കൊട്ടപ്പുറം സംവാദത്തിലും മറ്റനേകം ഖണ്ഡന വേദികളിലും പണ്ഡിതരോടൊപ്പം ധീരമായി നിലനിന്ന തങ്ങളുടെ മുഖം മറക്കാനാവില്ല. പ്രതിസന്ധി ഘട്ടങ്ങളില്‍ കാന്തപുരം ഉസ്താദിനും പ്രസ്ഥാനത്തിനും തങ്ങള്‍ നല്‍കിയ ഊര്‍ജം വളരെ പ്രാര്‍ഥനാപൂര്‍വം പണ്ഡിത സമൂഹം ഇന്നും ഓര്‍ക്കുന്നുണ്ട്. സമസ്തയിലെ സമുന്നതരായ പണ്ഡിതര്‍ക്കും കാന്തപുരം ഉസ്താദിനും എതിരെ ശത്രു പക്ഷം ഉയര്‍ത്തിയ ഭീഷണിക്കു മുന്നില്‍ അതെല്ലാം വന്നവഴിയേ തിരിച്ചു പോകും എന്നൊരു തീര്‍പ്പു പറയാന്‍, അത് സാരമില്ല എന്ന് പറഞ്ഞ് സമാധാനിപ്പിക്കാന്‍ ഉള്ള ഒരാളായിരുന്നു അവേലത്ത് തങ്ങള്‍.
അത് പോലെ 1977ല്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി അംഗമായും 1989 മുതല്‍ ഉപാധ്യക്ഷനായും തങ്ങളുടെ സംഘടനാ പ്രവര്‍ത്തനം സജീവമായിരുന്നു. വിശാലമായ സുന്നി മദ്‌റസാ പ്രസ്ഥാനത്തിന്റെ ഗതി നിര്‍ണയിക്കുന്ന വിദ്യാഭ്യാസ ബോര്‍ഡിന്റെ തുടക്കം മുതല്‍ക്കുള്ള അധ്യക്ഷന്‍ കൂടിയായിരുന്നു തങ്ങള്‍. ഇതിനു പുറമെ, സമുദായത്തിന്റെ വൈജ്ഞാനിക പുരോഗതിക്ക് കല്‍പ്പറ്റ ദാറുല്‍ ഫലാഹില്‍ ഇസ്‌ലാമിയ്യ, പൂനൂര്‍ ഇശാഅത്തുസ്സുന്ന എന്നീ സ്ഥാപനങ്ങളുടെ അധ്യക്ഷ പദവിയും തങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നു.
ഇതിലെല്ലാം ഉപരി മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ സ്ഥല നിര്‍ണയവും തറക്കല്ലിടല്‍ കര്‍മവും മുതല്‍ എല്ലാ പ്രവര്‍ത്തനങ്ങളിലും കാന്തപുരം ഉസ്താദിനൊപ്പം തങ്ങളും ഉണ്ടായിരുന്നു. ശിലാ സ്ഥാപനത്തിനെത്തിയ മക്കയിലെ വിശ്രുത പണ്ഡിതനും സയ്യിദുമായ അലവി മാലികിയുടെ സാന്നിധ്യം ഉറപ്പു വരുത്താന്‍ തങ്ങള്‍ നടത്തിയ ശ്രമം അവിസ്മരണീയമാണ്. തുടക്കം തൊട്ട് ഉപാധ്യക്ഷനായും 1987 മുതല്‍ അധ്യക്ഷനായും മര്‍കസിന്റെ വളര്‍ച്ചയില്‍ തങ്ങളുടെ സേവനം അനിഷേധ്യമാണ്. മര്‍കസില്‍ നടന്നു വരുന്ന അഹ്ദലിയ്യ സ്വലാത്ത് മജ്‌ലിസ് തങ്ങളോടുള്ള ആദരസൂചകമായിട്ടാണ് നടത്തിവരുന്നത്. ഒപ്പം കാന്തപുരം ഉസ്താദിനും ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരിക്കുമൊപ്പം നിരവധി വിദേശയാത്രകളിലും തങ്ങള്‍ പങ്ക് കൊണ്ടിട്ടുണ്ട്. വാര്‍ധക്യം പിറകോട്ടു വലിക്കുമ്പോഴും കര്‍മ്മാവേശം പൂണ്ട് നാടിനും പ്രസ്ഥാനത്തിനും വേണ്ടി രാപ്പകല്‍ ഭേദമില്ലാത്ത അധ്വാനമായിരുന്നു തങ്ങളുടെ ശീലം. സയ്യിദ്, പണ്ഡിതന്‍, ആത്മീയ നേതൃത്വം, സംഘാടകന്‍ എന്നീ വിശേഷണങ്ങളുടെ ചുരുക്ക രൂപമാണ് അവേലത്ത് തങ്ങള്‍.
അവേലത്ത് തങ്ങളടക്കം 15 ഓളം സയ്യിദുമാര്‍ ഉള്‍പ്പെടുന്നതാണ് അവേലത്ത് മഖാം ശരീഫ്. ആവിലോറ കാരക്കാട്ട് മഖാമിലുള്ള പിതാവിന്റെയും കൂടെപിറപ്പുകളുടെയും മറ്റു അഹ്ദല്‍ പരമ്പരയിലെ മുഴുവന്‍ സയ്യിദുമാരുടെയും ഓര്‍മയില്‍ റജബ് മാസത്തിലാണ് ആണ്ടു നടന്നിരുന്നത്. അവേലത്ത് വലിയ തങ്ങളുടെ വഫാത്തോടെ തുടക്കത്തില്‍ വീട്ടില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ആണ്ടു നേര്‍ച്ച പള്ളിയുടെ അടുത്തുള്ള മഖാമിന്റെ ചാരത്തു വെച്ചു തന്നെ നടത്താന്‍ സി എം വലിയുല്ലാഹി നിര്‍ദ്ദേശിച്ചു. പിന്നീട് ഉറൂസ് അബ്ദുല്‍ ഖാദിര്‍ അഹ്ദല്‍ തങ്ങളുടെ വഫാത്ത് നടന്ന ജമാദുല്‍ ഊലയില്‍ നടത്താന്‍ തുടങ്ങി. ഈ ആണ്ടു നേര്‍ച്ച അവേലത്ത് തങ്ങന്മാരുടെ പരമ്പരയിലുള്ളവരുടെ മാത്രം സ്മൃതിയല്ല. മറിച്ച് തിരു നബി മുതല്‍ മുഹ്‌യിദ്ദീന്‍ ശൈഖും രിഫാഈ ശൈഖുമടക്കം എല്ലാ മഹാന്മാരുടേതുമാണ്. സുന്നി കുടുംബത്തിലെ തലയെടുപ്പുള്ള പണ്ഡിതരും സാദാത്തുക്കളും പ്രാസ്ഥാനിക നേതൃത്വവും ഉറൂസ് വേദികളുടെ പ്രൗഢിയാണ്. തങ്ങളുടെ പ്രിയപ്പെട്ട മക്കളുടെയും കുടുംബാംഗങ്ങളുടെയും നേതൃത്വത്തില്‍ നാട്ടുകാരുടെ സജീവമായ പങ്കാളിത്തത്തോടു കൂടെയാണ് വര്‍ഷം തോറും ഉറൂസ് നടത്തപ്പെടുന്നത്. ഈ വര്‍ഷത്തെ അവേലത്ത് ഉറൂസ് ഇന്ന് സമാപിക്കുകയാണ്.

---- facebook comment plugin here -----

Latest