ഗെയില്‍: വികസനമോ കോര്‍പറേറ്റ് കൊള്ളയോ?

സാധാരണക്കാരായ പലരും ചോദിക്കുന്നത്, ഭൂമി നഷ്ടപ്പെടാതെ റോഡുണ്ടാവുമോ? വികസനം സാധ്യമാണോ? എന്നാണ്. റോഡ് വികസനം പോലെ, പാലം പണിയല്‍ പോലെ, വൈദ്യതി ലൈന്‍ പോലെയുള്ള ഒരു വികസന പദ്ധതിയല്ല ഗെയില്‍. ഇത് സാധാരണക്കാര്‍ക്ക് ഒരു ഉപകാരവുമില്ലാത്തതും മുതലാളിമാര്‍ക്ക് കുറഞ്ഞ വിലക്ക് വാതകമെത്തിക്കുന്നതുമായ ഒരു കോര്‍പറേറ്റ് പദ്ധതിയാണ്. ഒരു രാജ്യം വികസിതമാകണമെങ്കില്‍ ഗ്രാമീണ ജനതയുടെ മുഖത്ത് ചിരി തെളിയണമെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. റോഡിലൂടെ ടാങ്കറുകളില്‍ കൊണ്ടുപോകുന്ന വാതകം കോര്‍പറേറ്റിന്റെ കൊള്ള ലാഭത്തിന് വേണ്ടി ഗ്രാമീണ ജനതയുടെ കിടപ്പാടത്തിലൂടെ കൊണ്ടു പോകുന്നതാണോ വികസനം?
Posted on: February 12, 2017 10:35 am | Last updated: February 12, 2017 at 10:35 am

പാലക്കാട് ജില്ലയിലെ കൂറ്റനാട് കരിമ്പയിലെ നാട്ടുകാര്‍ പോലീസിനെ പേടിച്ച് കഴിയുകയാണ്. ആ പ്രദേശത്തുകാര്‍ ചെയ്ത ‘തെറ്റ്’ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരെ, പിറന്ന ഭൂമിയും വീടും സംരക്ഷിക്കാന്‍ സമരം ചെയ്തു എന്നതാണ്. ജനവാസ മേഖലകളിലൂടെ വാതക പൈപ്പ് ലൈന്‍ പദ്ധതി കൊണ്ടു പോകുവാന്‍ പാടില്ലെന്ന 1962ലെ പി എം പി ആക്ട് പാലിക്കണമെന്ന് നിയമ പാലകരോട് ആവശ്യപ്പെട്ടതാണ് അവര്‍ ചെയ്ത ‘കൊടിയ പാതകം’ .
ഒരു രാജ്യത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണെന്നതാണ് ജനാധിപത്യത്തിന്റെ അന്തസ്സത്ത. എന്നാല്‍ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട നിയമസംവിധാനം തന്നെ അവരെ അടിച്ചമര്‍ത്തുകയും സൈ്വര ജീവിതം തകര്‍ക്കുകയും ലാത്തിക്കും ഗ്രനേഡിനും ഇരയാക്കുകയും അകാരണമായി അറസ്റ്റ് ചെയ്യുകയും കൃഷിയും മറ്റും നശിപ്പിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കരിമ്പയില്‍ കാണുന്നത്. ജനകീയതയില്‍ അധികാരത്തിലേറിയ ഒരു സര്‍ക്കാര്‍ സ്വന്തം ജനതയെ ശത്രുവായി അപരവത്കരിക്കുകയാണ് ഇവിടെ.
കഴിഞ്ഞ ഡിസംബറിലാണ് ഗെയില്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന സര്‍വേ തടസ്സപ്പെടുത്തി എന്ന പേര് പറഞ്ഞ് കോഴിക്കോട് ജില്ലയിലെ താമരശ്ശേരി പ്രദേശത്ത് 14 പേര്‍ക്കെതിരെ ഗെയില്‍ സമരഭൂമിയില്‍ (സ്വന്തം ഭൂമിയില്‍) പ്രവേശിക്കരുതെന്ന് പറഞ്ഞ് കേസെടുത്തത്. ബ്രിട്ടീഷ് ഇന്ത്യാ കാലത്ത് അടിച്ചേല്‍പ്പിച്ച കരിനിയമമായ ഐ പി സി 107 (എ)പ്രകാരമാണ് നാട്ടുകാര്‍ക്കെതിരെ കേസ്സെടുത്തിരിക്കുന്നത്. പഴയ ഈസ്റ്റിന്ത്യാ കമ്പനിയെ ഓര്‍മിപ്പിക്കും വിധം നമ്മെ ഭരിക്കാന്‍ വന്നിരിക്കുന്നത് നവരത്‌ന കമ്പനികളില്‍പ്പെട്ട പൊതുസംവിധാനമായ ഗെയിലിന്റെ തോലണിഞ്ഞ കോര്‍പറേറ്റ് മുതലാളിത്തമാണ്.
2003ലെ സാറ്റലൈറ്റ് സര്‍വേയുടെ അടിസ്ഥാനത്തില്‍ 2007ല്‍ ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്ത് കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ഗെയിലുമായി കേരള വ്യവസായ വകുപ്പിന്റെ സംസ്ഥാന വികസന കോര്‍പറേഷന്‍ ഉണ്ടാക്കിയ ധാരണപ്രകാരമണ് ഗെയില്‍ പദ്ധതി മുന്നോട്ട് പോകുന്നത്. വലിയ ക്രയോജനിക് സംവിധാനമുള്ള കപ്പല്‍ വഴി പുതുവൈപ്പിനിലെത്തുന്ന ദ്രവീകൃത പ്രകൃതി വാതകം വ്യാവസായിക ആവശ്യത്തിന് വേണ്ടി കുറഞ്ഞ ചെലവില്‍ മംഗലാപുരത്തേക്കും ബെംഗളൂരുവിലേക്കും കൊണ്ടുപോകാനാണ് പദ്ധതി. ഗെയില്‍ പദ്ധതി നടപടികളുടെ തുടക്കം മുതല്‍ ദുരൂഹതയും നിയമവിരുദ്ധ നടപടികളും തെറ്റിദ്ധരിപ്പിക്കലും നിറഞ്ഞു നില്‍ക്കുന്നു. ഒരു പ്രദേശത്ത് കൂടി വാതക പൈപ്പ് ലൈന്‍ വലിക്കണമെങ്കില്‍ പ്രാഥമികമായ സര്‍വേ നടത്തുന്നതിന് ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് 3 (1) നോട്ടീസ് നല്‍കണം; സര്‍വേക്ക് ശേഷം ഇരക്ക് പരാതി ബോധിപ്പിക്കുന്നതിന് 4 (1) നോട്ടീസ് നല്‍കുന്നതോടൊപ്പം നഷ്ടപരിഹാര കമ്മിറ്റി (കോമ്പിറ്റന്റ് അതോറിറ്റി ) ജനങ്ങളുടെ പരാതികളും പ്രയാസങ്ങളും ബോധ്യപ്പെടുത്തുന്ന ജനകീയ അദാലത്ത് സംഘടിപ്പിക്കണം. ഭൂമി ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ച് ഗസറ്റ് വിജ്ഞാപനമിറക്കി, 6 (1) നോട്ടീസ് നല്‍കുക തുടങ്ങിയ നടപടി ക്രമങ്ങള്‍ പൂര്‍ണമായും അട്ടിമറിച്ചാണ് ഗെയില്‍ മുന്നോട്ട് പോകുന്നത്. പലയിടങ്ങളിലും സമരം ശക്തമായപ്പോള്‍ വീടുകളില്‍ നോബ് തിരിച്ചാല്‍ കുറഞ്ഞ ചെലവില്‍ പാചക ഗ്യാസ് ലഭിക്കും എന്നു വരെ പച്ചക്കള്ളം അധികൃതര്‍ പരസ്യത്തില്‍ എഴുതിവിട്ടു. സര്‍വേയുടെ തുടക്കത്തില്‍ കുടിവെള്ള പദ്ധതിക്കാണെന്ന് വരെ ഗെയില്‍ ഉദ്യേഗസ്ഥര്‍ തട്ടിവിട്ടു.
ഗെയില്‍ പദ്ധതി വ്യാവസായിക ആവശ്യത്തിനുള്ള പ്രസാരണ പൈപ്പ് മാത്രമാണ്. ഈ വാതകം ബ്യൂട്ടെയിന്‍, സള്‍ഫര്‍ തുടങ്ങിയ സ്‌ഫോടനാത്മക സ്വഭാവമുള്ള മൂലകങ്ങള്‍ അടങ്ങിയതിനാല്‍ ഇത് പാചകവാതകമായി ഉപയോഗിക്കാന്‍ പാടില്ല. വീടുകള്‍ക്ക് ഗെയില്‍ കണക്ഷന്‍ നല്‍കുമെന്ന് പറയുന്നത് 110 കെ വി വൈദ്യുതി ലൈനില്‍ നിന്ന് വീടുകള്‍ക്ക് നേരിട്ട് കണക്ഷന്‍ നല്‍കുമെന്ന് പറയുന്നതുപോലുള്ള ഭോഷത്തവും തെറ്റിദ്ധരിപ്പിക്കലുമാണ്. മുമ്പ് ഗ്രീക്ക് തത്വചിന്തകന്‍ നട്ടുച്ച നേരത്ത് ചൂട്ട് കത്തിച്ച് നടന്നപ്പോള്‍ ഭ്രാന്തരെന്ന് വിളിച്ചവരോട് അദ്ദേഹം മറുപടി പറഞ്ഞത് ഒരു മനുഷ്യപ്പറ്റുള്ള മനുഷ്യനെ തിരയുകയാണ് എന്നാണെങ്കില്‍ ഈ മനുഷ്യവിരുദ്ധ ഗെയിലിനെതിരെ പ്രതികരിക്കാന്‍ ചങ്കുറപ്പുളള മനുഷ്യര്‍ക്ക് വേണ്ടി ചൂട്ട് കത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
സാധാരണക്കാരായ പലരും ചോദിക്കുന്നത്, ഭൂമി നഷ്ടപ്പെടാതെ റോഡുണ്ടാവുമോ? വികസനം സാധ്യമാണോ? എന്നാണ്. റോഡ് വികസനം പോലെ, പാലം പണിയല്‍ പോലെ, വൈദ്യതി ലൈന്‍ വിതരണം പോലെ ഇത് ഒരു വികസനം പോലുമല്ല. ഇത് സാധാരണക്കാര്‍ക്ക് ഒരു ഉപകാരവുമില്ലാത്തതും മുതലാളിമാര്‍ക്ക് കുറഞ്ഞ വിലക്ക് വാതകമെത്തിക്കുന്നതുമായ ഒരു കോര്‍പറേറ്റ് പദ്ധതിയാണ്. ഒരു രാജ്യം വികസിതമാകണമെങ്കില്‍ ഗ്രാമീണ ജനതയുടെ മുഖത്ത് ചിരി തെളിയണമെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. റോഡിലൂടെ ടാങ്കറുകളില്‍ കൊണ്ടുപോകുന്ന വാതകം കോര്‍പറേറ്റിന്റെ കൊള്ള ലാഭത്തിന് വേണ്ടി ഗ്രാമീണ ജനതയുടെ കിടപ്പാടത്തിലൂടെ കൊണ്ടു പോകുന്നതാണോ വികസനം?
ഗെയില്‍ പദ്ധതി ഒരു വികസനമാണെങ്കില്‍ നിയമപരമായ മാനദണ്ഡങ്ങള്‍ പ്രകാരം മറ്റു വികസന പദ്ധതികള്‍ക്ക് നല്‍കുന്നതുപോലെ ഭൂമി വിട്ടുനല്‍കുന്നതിന് ഒരു പ്രദേശത്തുകാര്‍ക്കും പ്രശ്‌നമില്ല. പക്ഷേ, ഗെയില്‍ ജീവിതത്തിന് തീരാ ദുരന്തങ്ങള്‍ സമ്മാനിക്കുന്ന അപകട പദ്ധതിയാണ്. 2015 ജൂണ്‍ 19ന് ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലുണ്ടായ വാതക പൈപ്പ് ലൈന്‍ അപകടത്തില്‍ വെന്തുമരിച്ചത് 19 പേരാണ്; അതും വിജനമായ പ്രദേശമായിട്ട് പോലും. ഏകദേശം 1.5 കിലോമീറ്റര്‍ ദുരന്തത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറിത്തെറിച്ചു. ഭോപ്പാല്‍ വാതക ചോര്‍ച്ചയെ കുറിച്ച് പഠനം നടത്തിയ നാഗ്പൂരിലുള്ള ദേശീയ പരിസ്ഥിതി ഗവേഷണ എന്‍ജിനീയറിംഗ് സ്ഥാപനത്തിലെ ശാസ്ത്രജ്ഞരായ ഡോ. എഫ് ഗുപ്ത, എച്ച് എന്‍ മധേക്കര്‍ എന്നിവര്‍ പറയുന്നത് 24 ഇഞ്ച് വ്യാസമുള്ള പൈപ്പിലൂടെയുള്ള വാതക പ്രസരണ പദ്ധതിക്ക് എവിടെയെങ്കിലും അപകടമുണ്ടായാല്‍ പൈപ്പിന്റെ ഓരോ വശത്തും 732 മീറ്റര്‍ അഗ്‌നിഗോളം സൃഷ്ടിക്കപ്പെടുമെന്നാണ്. അതിനാല്‍ പൈപ്പിന്റെ ഇരുവശത്തും ഗ്യാസ് രശ്മീ സുരക്ഷിത മേഖല (Rad-iance saftey distance) ചുരുങ്ങിയത് 1.5 കിലോമീറ്റര്‍ ആണ്. കേരളത്തില്‍ എവിടെയെങ്കിലും ഈ മാനദണ്ഡം പാലിച്ചിട്ടുണ്ടോ? കേരളത്തിലെ ആയിരക്കണക്കിന് ജനങ്ങളുടെ സുരക്ഷാ ഭീഷണി എന്തുകൊണ്ട് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രധാന വിഷയമാവുന്നില്ല? ലക്ഷ്മി നായര്‍, സരിത നായര്‍ വിഷയങ്ങളിലൊക്കെ പലപ്പോഴും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളോടൊപ്പം ഭരണപക്ഷ പാര്‍ട്ടികളും തോളുരുമ്മി ഐക്യസമരം ചെയ്യുമ്പോള്‍ ഗെയില്‍ വിഷയത്തില്‍ എന്തുകൊണ്ട് അര്‍ഥഗര്‍ഭമായ മൗനം പാലിക്കുന്നു ?
ഗെയില്‍ പദ്ധതി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
1. അമേരിക്കയിലടക്കം ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി ജനവാസ മേഖലകളില്‍ നിന്ന് 1.5 കിലോമീറ്റര്‍ അകലെയാണെന്നിരിക്കെ കേരളത്തില്‍ എന്തുകൊണ്ട് ജനങ്ങള്‍ തിങ്ങി താമസിക്കുന്ന പ്രദേശത്തുകൂടെ കൊണ്ട് പോകുന്നു?
2. ഏതൊരു പദ്ധതിക്കും സാങ്കേതിക അനുമതി (Technical Sanction) പാരിസ്ഥിതിക അനുമതി എന്നിവ വേണമെന്നിരിക്കെ ഗെയില്‍ പദ്ധതിയുടെ കാര്യത്തില്‍ ഇത് അട്ടിമറിക്കപ്പെട്ടു?
3. വ്യാവസായിക ആവശ്യത്തിന് ഗ്യാസ് കടത്തിവിടുവാന്‍ മൂന്ന് സെന്റിലും അഞ്ച് സെന്റിലും ജീവിക്കുന്ന ആയിരങ്ങളെ കുടിയിറക്കുന്ന പദ്ധതിക്ക് എന്തുകൊണ്ട് ബദല്‍ മാര്‍ഗം അന്വേഷിക്കുന്നില്ല? (ഉദാ: കടല്‍ മാര്‍ഗം, റെയില്‍വേ ആന്‍ഡ് നാഷണല്‍ ഹൈവേ പുറമ്പോക്ക് ഭൂമി)
4) വാതകം കടത്തിവിടാനുള്ള പൈപ്പ് ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പാര്‍ലിമെന്റ് പാസ്സാക്കിയ 1964 ലെ പി എം പി ആക്ട് എന്തുകൊണ്ട് ഇരകള്‍ക്ക് നിഷേധിക്കുന്നു?
5) സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എന്തുകൊണ്ട് ഗെയിലിന്റെ കാര്യത്തില്‍ പാലിക്കുന്നില്ല?
6) ഗെയില്‍ പദ്ധതി സാധാരണക്കാര്‍ക്ക് ഗ്യാസ് നല്‍കുന്ന ഒരു വികസന പദ്ധതിയാണെങ്കില്‍ എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ളവര്‍ക്ക് വികസനം വേണ്ടേ?
7) മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജന സാന്ദ്രത കൂടിയ പ്രദേശമായ കേരളത്തില്‍ ഗെയില്‍ പദ്ധതിയുടെ ദുരന്തത്തെക്കുറിച്ച് എന്തുകൊണ്ട് കേരള രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നില്ല?
8) തമിഴ്‌നാട്ടില്‍ ഗെയില്‍ പദ്ധതി പൂര്‍ണമായും കൃഷി ഭൂമിയിലൂടെയും വയലിലൂടെയും കടന്നു പോയിട്ടും തമിഴക രാഷ്ട്രീയപ്പാര്‍ട്ടികളും സര്‍ക്കാറും ഒറ്റക്കെട്ടായി ഗെയിലിനെതിരെ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയപ്പോള്‍ കേരളം എന്തുകൊണ്ട് ആയിരക്കണക്കിന് ജനങ്ങളെ ദുരന്തത്തിലേക്ക് തള്ളിവിടുന്ന പദ്ധതിക്ക് ചൂട്ട് പിടിക്കുന്നു?
9) ഭൂകമ്പങ്ങളും ഉരുള്‍പ്പൊട്ടലുകളും ഇടക്കിടെ ഉണ്ടാകാറുള്ള താമരശ്ശേരി, കാരശ്ശേരി തുടങ്ങിയ മലയോര പ്രദേശത്തുകൂടി പദ്ധതി കടന്നു പോകുമ്പോള്‍ ജനങ്ങളുടെ സുരക്ഷക്ക് യാതൊരു വിലയും കല്‍പ്പിക്കുന്നില്ലേ?
10) ഗെയില്‍ പദ്ധതിക്ക് വേണ്ടി നോട്ടിഫൈ ചെയ്ത സര്‍വേ നമ്പറിലുള്ള പദ്ധതി കടന്നു പോകുന്നതും പോകാത്തതുമായ ആയിരക്കണക്കിന് സാധാരണക്കാരുടെ ഭൂമി ക്രയവിക്രയം നടക്കാതെ സ്തംഭിച്ചു നില്‍ക്കുമ്പോള്‍ നിരവധി വിവാഹങ്ങള്‍, കടബാധ്യതകള്‍ എന്നിവക്ക് പരിഹാരം കാണാതെ ഗ്രാമീണര്‍ തീ തിന്ന് കഴിയുന്നത് എന്തുകൊണ്ട് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ നിസ്സംഗതയോടെ നോക്കി നില്‍ക്കുന്നു?
ഗെയില്‍ സമരക്കാര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ഭൂമി നഷ്ടപ്പെടാതിരിക്കാനുള്ള കുറുക്കുവഴികളുടേതല്ല. പിറന്ന രാജ്യത്ത് ഏതൊരു പൗരനും ലഭിക്കേണ്ട മനുഷ്യാവകാശങ്ങളെക്കുറിച്ചാണ്. ഒന്നുകില്‍ ഇരകള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം തരാന്‍ ഭരണക്കാരും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിക്കാരും തയ്യാറാകണം. അല്ലെങ്കില്‍ സമരത്തിന്റെ കൂടെ നില്‍ക്കണം. ഇതു രണ്ടുമല്ലാത്ത നിസ്സംഗ സമീപനമാണ് തുടരുന്നതെങ്കില്‍ ചരിത്രം നിങ്ങളെ ഒറ്റുകാരെന്ന് വിധിയെഴുതും.