Connect with us

Editorial

അതിരുവിടുന്ന ഇംഗ്ലീഷ് ഭ്രമം

Published

|

Last Updated

ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ മലയാളം സംസാരിച്ചതിന് വിദ്യാര്‍ഥി പീഡിപ്പിക്കപ്പെട്ട മറ്റൊരു സംഭവം കൂടി പുറത്തു വന്നിരിക്കുന്നു. കാളിയാര്‍ ജയ്‌റാണി ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്‌കൂളിലാണ് സംഭവം. ഈ സ്ഥാപനത്തിലെ ചില ക്ലാസുകളില്‍ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാവൂ എന്നു ചട്ടമുണ്ട്. കഴിഞ്ഞ ദിവസം ഒരു അഞ്ചാംക്ലാസ് വിദ്യാര്‍ഥി ഓര്‍ക്കാതെ മലയാളം സംസാരിച്ചു. അത് ശ്രദ്ധയില്‍പ്പെട്ട അധ്യാപിക ഉടന്‍ ശിക്ഷ വിധിച്ചു. “ഞാന്‍ മലയാളം സംസാരിച്ചു” എന്നെഴുതിയ സ്റ്റിക്കര്‍ കുട്ടിയുടെ വസ്ത്രത്തിനു പിറകില്‍ പിന്‍ ചെയ്തു പിടിപ്പിച്ചു. വൈകുന്നേരം വരെ വിദ്യാര്‍ഥി ഇതുമായാണ് ക്ലാസില്‍ ഇരുന്നത്. ഇത്തരം ശിക്ഷാനടപടി ഇവിടെ സാധാരണമാണത്രേ. ശിക്ഷാ നടപടിയുടെ ഭാഗമായി പതിക്കുന്ന സ്റ്റിക്കര്‍ വൈകീട്ട് സ്‌കൂള്‍ അധികൃതര്‍ തന്നെ അഴിച്ചുമാറ്റുകയാണ് പതിവ്. എന്നാല്‍, ഈ കുട്ടിയുടെ വസ്ത്രത്തില്‍ പതിപ്പിച്ച സ്റ്റിക്കര്‍ അഴിച്ചുമാറ്റാന്‍ അധ്യാപിക മറന്നതിനാല്‍ അതുമായാണ് വൈകീട്ട് അവന്‍ വീട്ടിലെത്തിയത്. ഇതേ തുടര്‍ന്നാണ് വീട്ടുകാര്‍ സംഭവം അറിഞ്ഞത്. രക്ഷാകര്‍ത്താക്കള്‍ കാളിയാര്‍ പോലീസില്‍ പരാതി നല്‍കി. പ്രശ്‌നം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ മാപ്പുപറയുകയും രക്ഷിതാക്കള്‍ പരാതി പിന്‍വലിക്കുകയും ചെയ്‌തെങ്കിലും സ്ഥാപനത്തില്‍ വിദ്യാര്‍ഥി അനുഭവിച്ച മാനസിക പീഡനം അതുകൊണ്ട് പരിഹരിക്കപ്പെടുകയില്ലല്ലോ.
തൃശൂര്‍ ജില്ലയില്‍ മാളയിലുള്ള ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വളപ്പില്‍ മലയാളം സംസാരിച്ചതിന്, സ്‌കൂള്‍ അധികൃതരുടെ ശിക്ഷ കുട്ടികള്‍ക്ക് സസ്‌പെന്‍ഷനും 1000 രൂപ പിഴയുമായിരുന്നു. കോട്ടയത്തെ ഒരു സ്‌കൂളില്‍ മലയാളം സംസാരിച്ചാല്‍ 250 രൂപയാണ് പിഴ. ഏതാനും വര്‍ഷം മുമ്പ് കോഴിക്കോട് ജില്ലയിലെ ഒരു സ്ഥാപനത്തില്‍ മലയാളം പറഞ്ഞതിന് കുട്ടികളുടെ തല മൊട്ടയടിച്ച സംഭവം വന്‍ വിവാദമായതാണ്. മിക്ക ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും ഇംഗ്ലീഷില്‍ മാത്രമേ സംസാരിക്കാവൂ എന്ന് ചട്ടമുണ്ട്. അത് തെറ്റിച്ചാല്‍ വിദ്യാര്‍ഥികള്‍ കൊടിയ പീഡനങ്ങളും ശിക്ഷകളും സഹിക്കേണ്ടി വരുന്നു. ഇംഗ്ലീഷില്‍ മികവ് നേടിയാല്‍ മാത്രമേ ഉന്നത ജോലികളും ജീവിത വിജയവും നേടാനാകൂ എന്ന ചിന്ത പൊതുസമൂഹത്തെ ബാധിച്ചതിനാല്‍ മിക്ക രക്ഷിതാക്കളും അതിനെതിരെ പ്രതികരിക്കാറില്ല. കോട്ടയത്തെ സ്‌കൂളില്‍ മലയാളം സംസാരിച്ചതിന് പിഴ ഈടാക്കിയതിനെതിരെ വിമര്‍ശമുയര്‍ന്നപ്പോള്‍, സ്ഥാപനത്തിലെ നിയമമാണിതെന്നും രക്ഷിതാക്കളുടെ അനുമതിയോടെയാണ് ഇത് നടപ്പാക്കിയതെന്നുമായിരുന്നു സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. എന്റെ കുട്ടി ഇംഗ്ലീഷ് മീഡിയത്തിലാ, അവന് മലയാളം പറയാന്‍ അറിയില്ലെന്ന് “അഭിമാനത്തോടെ” പറയുന്ന രക്ഷാകര്‍ത്താക്കള്‍ ജീവിക്കുന്ന ഒരു നാട്ടില്‍ സ്‌കൂള്‍ അധികൃതര്‍ ഇതുപോലുള്ള നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ഒരുമ്പെടുന്നതില്‍ അത്ഭുതമില്ല. മാതൃഭാഷയോട് ഇമ്മട്ടില്‍ അവജ്ഞ കാണിക്കുകയും അവമതിക്കുകയും ചെയ്യുന്ന പ്രവണത കേരളത്തിലല്ലാതെ മറ്റെവിടെയുണ്ട്?
ലോകഭാഷയായ ഇംഗ്ലീഷിന് തൊഴില്‍ മേഖലയില്‍ വന്‍ പ്രാധാന്യമുണ്ടെന്ന കാര്യം നിഷേധിക്കാനാകില്ല. ഉപരിപഠനത്തിനും തൊഴില്‍ ലഭ്യതക്കുമെല്ലാം ഇംഗ്ലീഷ് പരിജ്ഞാനം ആവശ്യവുമാണ്. അത് നേടാന്‍ പക്ഷേ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ തന്നെ വേണമെന്നില്ല. മലയാളം മാധ്യമത്തിലുള്ള സ്‌കൂളുകളില്‍ പഠിച്ചു വളര്‍ന്ന പഴയ തലമുറയിലെ എത്രയോ പേര്‍ ഇംഗ്ലീഷ് ഭാഷാ നൈപുണ്യം നേടുകയും ഉയര്‍ന്ന തസ്തികകളില്‍ നിയമിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇനി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അനിവാര്യമാണെന്ന് അഭിപ്രായമുള്ളവര്‍ അത് നടത്തുകയും ക്ലാസുകള്‍ ഇംഗ്ലീഷില്‍ കൈകാര്യം ചെയ്യുകയും ചെയ്യട്ടെ. പക്ഷേ, സ്ഥാപനത്തില്‍ ക്ലാസിന്‍ പുറത്തും ഇംഗ്ലീഷ് തന്നെ സംസാരിക്കണമെന്നും മാതൃഭാഷയില്‍ ഒരക്ഷരവും മിണ്ടിക്കൂടെന്നും പറയുന്നത് അംഗീകരിക്കാനാകില്ല. അതൊരു ശിക്ഷയര്‍ഹിക്കുന്ന തെറ്റായി കാണാന്‍ സ്വന്തം നാടിനെയും മാതൃഭാഷയെയും സ്‌നേഹിക്കുന്നവര്‍ക്കാകില്ല. ഇംഗ്ലീഷ് പഠനം ഒരു ഭാഷാ പഠനം മാത്രമാണെന്ന കാര്യം വിസ്മരിക്കരുത്. അത് മാത്രമാണ് രക്ഷപ്പെടാനുള്ള ഏക മാര്‍ഗമെന്ന ചിന്തയും കാഴ്ചപ്പാടും ഉപേക്ഷിക്കപ്പെടേണ്ടതാണ്. നമ്മുടെ അയല്‍ സംസ്ഥാനങ്ങളെല്ലാം മാതൃഭാഷക്കുള്ള സ്ഥാനം നിലനിര്‍ത്തിയും അര്‍ഹമായ പരിഗണന നല്‍കിയുമാണ് ഇംഗ്ലീഷ് പഠിപ്പിക്കുന്നത്. മാതൃഭാഷ സംസാരിച്ചതിന്റെ പേരില്‍ അവിടെയൊന്നും വിദ്യാര്‍ഥികള്‍ ക്രൂശിക്കപ്പെടാറില്ല. എന്നിട്ടും അവിടുത്തെ പഠിതാക്കള്‍ ഉന്നതങ്ങള്‍ കീഴടക്കുന്നുണ്ട്. മാത്രമല്ല, ഇംഗ്ലീഷ് പരിജ്ഞാനത്തില്‍ കേരളത്തിലെ വിദ്യാര്‍ഥികളേക്കാള്‍ അവര്‍ മികവ് പുലര്‍ത്തുകയും ചെയ്യുന്നു.
സ്വന്തം ഭാഷയെക്കുറിച്ചു അനിവാര്യമായും ഉണ്ടായിരിക്കേണ്ട ആത്മാഭിമാനത്തിന്റെ അതിര്‍വരമ്പുകളെ ലംഘിക്കുന്ന ഇംഗ്ലീഷ്ഭ്രമം കേരളത്തിന് പുറത്തെവിടെയും ദൃശ്യമല്ല. ഇംഗ്ലീഷ് പഠിപ്പിക്കാന്‍ മലയാളത്തെ ക്ലാസ് റൂമിന് പുറത്തു പോലും അകറ്റി നിര്‍ത്തണമെന്നില്ല. മാതൃഭാഷയോടുള്ള സ്‌നേഹവും ആദരവും നിലനിര്‍ത്തിക്കൊണ്ട് തന്നെ ഇംഗ്ലീഷ് ഭാഷാ പഠനത്തിനുള്ള ആധുനിക സങ്കേതങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തി കുട്ടികള്‍ക്ക് ആ ഭാഷയില്‍ കഴിവും പ്രാവീണ്യവും സൃഷ്ടിക്കാനാകും.

Latest