ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ പരീക്ഷണം വിജയം

Posted on: February 12, 2017 10:26 am | Last updated: February 12, 2017 at 10:26 am
SHARE

ബാലസോര്‍ (ഒഡീഷ): ദ്വിതല ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ രംഗത്ത് നാഴികക്കല്ലായി മാറുന്ന ഇന്റര്‍സെപ്റ്റര്‍ മിസൈലിന്റെ പരീക്ഷണ വിക്ഷേപണം ഒഡീഷാ തീരത്ത് വിജയകരമായി പൂര്‍ത്തിയാക്കി. അബ്ദുല്‍ കലാം ദ്വീപിലെ വിക്ഷേപണത്തറയില്‍ നിന്ന് ഇന്നലെ രാവിലെ 7.45നാണ് മിസൈല്‍ പരീക്ഷിച്ചത്. ഭൗമാന്തീക്ഷത്തിന് പുറത്തുള്ള ലക്ഷ്യം ഭേദിക്കാന്‍ കഴിയുന്നതാണ് ഈ മിസൈലെന്ന് ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി ആര്‍ ഡി ഒ) വൃത്തങ്ങള്‍ അറിയിച്ചു.
പൃഥ്വി പ്രതിരോധ വാഹനം (പി ഡി വി) മിഷന്‍ എന്ന് പേരിട്ടിരിക്കുന്ന ദൗത്യം പൂര്‍ണമായും സ്വയം പ്രവര്‍ത്തനന സജ്ജവും റഡാര്‍ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ സാധിക്കുന്നതുമാണ്. ശത്രു മിസൈലിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ റഡാറും കമ്പ്യൂട്ടര്‍ ശൃംഖലയുമുപയോഗിച്ച് ഇതിന് സാധിക്കും. ഭൗമാന്തരീക്ഷത്തിന് പുറത്തുകടക്കുന്നതോടെ മിസൈലിന്റെ താപ കവചം വിഛേദിക്കപ്പെടുകയും ഐ ആര്‍ സീക്കര്‍ ഡോമിന്റെ സഹായത്തോടെ ലക്ഷ്യം ഭേദിക്കുകയുമാണ് ചെയ്യുന്നത്.