രജിസ്‌ട്രേഷന്‍ ഓഫീസുകളില്‍ ഇ പേയ്‌മെന്റ് പ്രാബല്യത്തില്‍

Posted on: February 12, 2017 10:23 am | Last updated: February 12, 2017 at 12:37 pm

തിരുവനന്തപുരം: രജിസ്‌ട്രേഷന്‍ വകുപ്പില്‍ രജിസ്‌ട്രേഷന്‍ ഫീസ് ഇ പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തി ഉത്തരവിറങ്ങി. രജിസ്‌ട്രേഷന് എത്തുന്ന ഇടപാടുകാരുടെ ബേങ്ക് അക്കൗണ്ടില്‍ നിന്ന് ട്രഷറിയിലേക്ക് നേരിട്ട് പണം കൈമാറുന്ന സംവിധാനമാണിത്. രജിസ്‌ട്രേഷന്‍ ഫീസ് പണമായി ഒടുക്കുന്ന സംവിധാനമാണ് ഇപ്പോള്‍ നിലവിലുള്ളത്. തിരുവനന്തപുരം ജില്ലയില്‍ അഞ്ച് സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇ പേയ്‌മെന്റ് സംവിധാനം ഇതിനകം നടപ്പാക്കിയിരുന്നു.
തിരുവനന്തപുരത്തെ ചാല, ശാസ്തമംഗലം, പട്ടം, തിരുവല്ലം, നേമം സബ് ജിസ്ട്രാര്‍ ഓഫീസുകളിലാണ് പൈലറ്റ് പ്രോജക്റ്റായി ഇത് നടപ്പാക്കിയത്. ഇത് വിജയകരമെന്ന് കണ്ടതോടെയാണ് സംസ്ഥാനത്തെ 309 സബ് രജിസ്ട്രാര്‍ ഓഫീസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത്. മാര്‍ച്ച് 31 ഓടെ പദ്ധതി എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലേക്കും വ്യാപിപ്പിക്കും. ഇതിന്റെ സാങ്കേതിക തടസ്സങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബി എസ് എന്‍ എല്‍, ട്രഷറി, ബേങ്ക് എന്നിവയുടെ പ്രതിനിധികളുടെ യോഗം രജിസ്‌ട്രേഷന്‍ വകുപ്പ് വിളിച്ചിട്ടുണ്ട്.
സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ പണമിടപാടുകള്‍ ഓണ്‍ലൈനായി സ്വീകരിച്ചു വരുന്ന സാഹചര്യത്തിലാണ് രജിസ്‌ട്രേഷന്‍ വകുപ്പിലും ഇ പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. പദ്ധതി നടപ്പാകുന്നതോടെ നേരിട്ട് പണം സ്വീകരിക്കുന്ന രീതി രജിസ്ട്രാര്‍ ഓഫീസുകളില്‍ ഇല്ലാതാകും.
നെറ്റ് ബേങ്കിംഗ്, ട്രഷറികളില്‍ പണം നേരിട്ട് നല്‍കി എടുക്കുന്ന ഇ ചെലാന്‍ എന്നിവയിലൂടെ മാത്രമാകും ഇനി സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ പണം സ്വീകരിക്കുക. ഓഫീസുകള്‍ കറന്‍സിരഹിതമാക്കുന്നതിനും ഇടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനും നടപടി ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇടപാടുകാരില്‍ നിന്നുള്ള അനധികൃത പണപ്പിരിവും ഇതിലൂടെ അവസാനിക്കും. പൊതുജനങ്ങള്‍ക്ക് സേവനം തടസ്സപ്പെടാതിരിക്കാന്‍ നേരിട്ട് ഫീസ് അടക്കുന്ന സംവിധാനവും തുടരും.