അധികം കാത്തിരിക്കാനാവില്ല, വൈകിയാല്‍ വേണ്ടതു ചെയ്യുമെന്ന ഭീഷണിയുമായി ശശികല

Posted on: February 11, 2017 4:08 pm | Last updated: February 12, 2017 at 10:17 am

ചെന്നൈ:കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന് പിന്തുണ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തന്റെ സത്യപ്രതിജ്ഞയുടെ കാര്യത്തില്‍ വേഗത്തില്‍ നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിന് ശശികലയുടെ കത്ത്. തമിഴ്‌നാടിന്റെ നന്മക്കുവേണ്ടി വേഗം നടപടി വേണം, ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നും ശശികല കത്തില്‍ ആവശ്യപ്പെട്ടു. ഒ.പനീര്‍ശെല്‍വം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിട്ട് ഏഴ് ദിവസമായി. പുതിയ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിനുള്ള ഭരണഘടനാപരമായ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം. ഭരണഘടനാപരമായുള്ള തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ വൈകരുതെന്നും ശശികല കത്തില്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടുതല്‍ നേതാക്കള്‍ പനീര്‍ശെല്‍വത്തെ പിന്തുണച്ച് രംഗത്തെത്തിയതോടെയാണ് ശശികല പുതിയ നീക്കത്തിന് തയ്യാറെടുക്കുന്നത്.

ജനാധിപത്യത്തെ മാനിച്ചാണ് താന്‍ സംയമനം പാലിക്കുന്നതെന്ന് ശശികല മാധ്യമങ്ങളോട് പറഞ്ഞു. ഒരുപരിധി കഴിഞ്ഞാല്‍ തനിക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജയലളിത താമസിച്ചിരുന്ന പോയസ് ഗാര്‍ഡനിലെ വേദനിലയം ജയ സ്മാരകമാക്കാന്‍ പനീര്‍ശെല്‍വം ഉത്തരവിട്ടതിന് പിന്നാലെയാണ് ശശികല മാധ്യമങ്ങളോട് പ്രതികരിച്ചത്.