ഫൈസല്‍ വധം: 11 പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

Posted on: February 11, 2017 3:54 pm | Last updated: February 11, 2017 at 3:54 pm
SHARE

മഞ്ചേരി: കൊടിഞ്ഞി പുല്ലാണി ഫൈസല്‍ വധക്കേസില്‍ 11 പ്രതികള്‍ക്ക് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മുഖ്യപ്രതികളുടെയും ഗൂഢാലോചന കേസിലെ എട്ട് പ്രതികളുടെയും ജാമ്യാപേക്ഷയാണ് ജില്ലാകോടതി പരിഗണിച്ചത്.
ഗൂഢാലോചനയില്‍ പങ്കാളികളായ ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് ഒന്നാം പ്രതി പുല്ലാണി വിനോദ് എന്ന അപ്പുട്ടി(39), മാതൃസഹോദര പുത്രനും മൂന്നാം പ്രതിയുമായ പുല്ലാണി സജീഷ് (32) എന്ന കുഞ്ഞുട്ടി, രണ്ടാം പ്രതി തയ്യാലിങ്ങല്‍ പുളിക്കല്‍ ഹരിദാസന്‍ എന്ന കൊച്ചുട്ടന്‍(30), നാലാം പ്രതിയും ഹരിദാസന്റെ ജ്യേഷ്ഠനുമായ ദിനേശ് എന്ന ഷാജി (39), അഞ്ചാം പ്രതി ചുള്ളിക്കുന്ന് ചാലത്ത് സുനി (39), ആറാം പ്രതി കളത്തില്‍ പ്രദീപ് എന്ന കുട്ടന്‍ (32), ഏഴാം പ്രതി പരപ്പനങ്ങാടി കോട്ടയില്‍ ജയപ്രകാശ് എന്ന ബാബു(50), ഒമ്പതാം പ്രതി പന്താരങ്ങാടി പള്ളിപ്പടി തയ്യില്‍ ലിജീഷ് എന്ന ലിജു (27), പതിനൊന്നാം പ്രതി തിരൂര്‍ മംഗലം കാരാറ്റ് കടവ് പുല്ലൂണി പ്രജീഷ് എന്ന ബാബു (30), പന്ത്രണ്ടാം പ്രതി വള്ളിക്കുന്ന് അത്താണിക്കല്‍ മുണ്ടിയന്‍കാവ് പറമ്പ് പല്ലാട്ട് ശ്രീകേഷ് എന്ന അപ്പു (26), പതിമൂന്നാം പ്രതി വെള്ളിയാമ്പുറം ചൂലന്‍കുന്ന് സ്വദേശിയും തിരൂര്‍ പുല്ലൂണിയില്‍ താമസക്കാരനുമായ തടത്തില്‍ സുധീഷ് കുമാര്‍ എന്ന കുട്ടാപ്പു (25) എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. നേരത്തേ രണ്ടുതവണ പരപ്പനങ്ങാടി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി തള്ളിയിരുന്നു.
ഒരു ലക്ഷം രൂപ വീതമുള്ള രണ്ടാള്‍ ജാമ്യം, പ്രതികള്‍ മലപ്പുറം ജില്ല വിട്ടുപോകരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം. കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെയോ ഏപ്രില്‍ 13 വരെയോ എല്ലാ ബുധനാഴ്ച്ചകളിലും രാവിലെ 10 നും 11നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.

നവംബര്‍ 19ന് പുലര്‍ച്ചെ അഞ്ചു മണിക്കാണ് സംഭവം. താനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഭാര്യയുടെ മാതാപിതാക്കളെ കൊണ്ടുവരാനായി ഫൈസല്‍ സ്വന്തം ഓട്ടോയില്‍ പോകുകയായിരുന്നു. പ്രതികള്‍ പിന്തുടരുന്നുവെന്ന് മനസ്സിലാക്കിയ ഫൈസല്‍ ഫറൂഖ് നഗറില്‍ ഓട്ടോ നിര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും രണ്ട് ബൈക്കുകളില്‍ എത്തിയ പ്രതികള്‍ കത്തി കൊണ്ട് കുത്തിയും വടിവാള്‍ കൊണ്ട് വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു.
ആര്‍ എസ് എസിന്റെ സജീവ പ്രവര്‍ത്തകരായ ബിപിന്‍ദാസ്, കളക്കല്‍ പ്രജീഷ് എന്ന ബാബു, തടത്തില്‍ സുധീഷ്‌കുമാര്‍ എന്ന കുട്ടാപ്പു, പല്ലാട്ട് ശ്രീകേഷ് എന്ന അപ്പു എന്നിവര്‍ കൊലപ്പെടുത്തിയെന്നും മറ്റു പ്രതികള്‍ ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here