Connect with us

Malappuram

തെരുവ് നായ ശല്യം: വന്ധ്യകരണ ദൗത്യവുമായി ഉത്തരേന്ത്യന്‍ സംഘമെത്തി

Published

|

Last Updated

തിരൂരില്‍ നിന്നും പിടികൂടിയ തെരുവ് നായകളുമായി ഹ്യുമേണ്‍ സൊസൈറ്റി ഇന്റര്‍ നാഷനലിന്റെ പ്രവര്‍ത്തകര്‍

തിരൂര്‍: ജില്ലയില്‍ തെരുവ് നായശല്യം രൂക്ഷമായ സാഹചര്യത്തില്‍ വന്ധ്യകരണ ദൗത്യവുമായി പ്രത്യേക സംഘം ജില്ലയിലെത്തി. പരിശീലനം സിദ്ധിച്ച ഏഴംഗ സംഘമാണ് ഇന്നലെ തിരൂരിലെത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരുവ് നായകളെ പിടികൂടി പ്രതിരോധ കുത്തിവെപ്പ് നല്‍കിയും വന്ധ്യകരിച്ചും തെരുവ്‌നായ ശല്യം കുറക്കുകയാണ് ലക്ഷ്യം.

ആദ്യഘട്ടത്തില്‍ തിരൂര്‍, പൊന്നാനി, എടപ്പാള്‍ ഭാഗങ്ങളിലെ തെരുവ് നായകളെയാണ് പ്രത്യുല്‍പാദന ശേഷിയില്ലാതാക്കുന്ന ശസ്ത്രക്രിയക്ക് വിധേയമാക്കുന്നത്. ഹ്യുമേണ്‍ സൊസൈറ്റി ഇന്റര്‍ നാഷനലിന്റെ സഹകരണത്തോടെ മലപ്പുറം ജില്ലാപഞ്ചായത്താണ് പദ്ധതി നടപ്പാക്കുന്നത്. ലോകോത്തര സംഘടനയായ ഹ്യുമേണ്‍ സൊസൈറ്റി ഇന്റര്‍ നാഷനലിന്റെ പ്രോഗ്രാം മാനേജര്‍ സാലി കണ്ണന്‍, പ്രവര്‍ത്തകരായ സഞ്ജയ്, സൂരജ്, പവന്‍, റോബേര്‍ട്ട്, സുഭാഷ്, ഡോ. രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.
തെരുവ് നായ്ക്കളെ പിടികൂടുന്നതിനായി സംഘം പുലര്‍ച്ചെ അഞ്ച് മണിക്ക് നഗരത്തിലിറങ്ങും. എത്ര അക്രമാസക്തരാണെങ്കിലും സൗഹൃദത്തോടെ പിടികൂടി പ്രത്യേകം തയ്യാര്‍ ചെയ്ത വാഹനത്തില്‍ കയറ്റും. തുടര്‍ന്ന് സംഘം തമ്പടിച്ചിട്ടുള്ള പൊന്നാനിയിലെ സര്‍ജറി മൊബൈല്‍ ആംബുലന്‍സില്‍ എത്തിച്ച് വന്ധ്യകരണ ശസ്ത്രക്രിയക്ക് വിധേയമാക്കും. പ്രതിരോധ കുത്തിവെപ്പും നല്‍കി രണ്ട് ദിവസം കഴിഞ്ഞ ശേഷം ഇതേ വാഹനത്തില്‍ നായകളെ പിടികൂടിയ സ്ഥലത്തു തന്നെ കൊണ്ടിറക്കുകയാണ് ചെയ്ത് വരുന്നത്. ജനുവരി ഒന്നിനാണ് ഹ്യുമേണ്‍ സൊസൈറ്റി സംഘം പൊന്നാനിയില്‍ എത്തിയത്.

പിന്നീട് മൂന്നാഴ്ചയോളമായി തിരൂരിലും പരിസര പ്രദേശങ്ങളിലും സര്‍വെ നടത്തി വരികയായിരുന്നു. തെരുവ് നായകളെ സംബന്ധിച്ച് പ്രദേശികമായി തരം തിരിച്ചുള്ള പഠനത്തിന് ശേഷമാണ് വന്ധ്യംകരണ നടപടി തുടങ്ങിയത്. ഇതുവരെ 150 ഓളം തെരുവ് നായകളെ വന്ധ്യകരിച്ചതായി പ്രോഗ്രാം മാനേജര്‍ പറഞ്ഞു. രണ്ടാഴ്ച കൂടി പൊന്നാനിയില്‍ തുടരും.
ശേഷം മഞ്ചേരിയിലായിരിക്കും അടുത്ത പ്രവര്‍ത്തനം. മാര്‍ച്ച് അവസാന വാരം വരെ സംഘം കേരളത്തില്‍ തുടരും.