കോടിയേരിയുടെ ലേഖനം: ജാള്യത മറക്കുന്നതിനെന്ന് വി എം സുധീരന്‍

Posted on: February 11, 2017 2:50 pm | Last updated: February 11, 2017 at 2:41 pm
SHARE

മലപ്പുറം: ലോ അക്കാദമി സമരത്തില്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടതിലെ ജാള്യത മറക്കാനാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ലേഖനവുമായി രംഗത്തുവന്നതെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍(കെ പി എസ് ടി എ) സംസ്ഥാന പ്രതിനിധി സമ്മേളനം മലപ്പുറം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാനേജുമെന്റിന്റെ ദാസ്യന്‍മാരായാണ് സി പി എം പ്രവര്‍ത്തിച്ചത്. രാഷ്ട്രീയ കാപട്യം തിരിച്ചറിഞ്ഞതിന്റെ ദുഃഖത്തിലാണ് സി പി എം കമ്മ്യൂനിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് ഒരിക്കലുമുണ്ടാവാന്‍ പാടില്ലാത്ത സമീപനമായിരുന്നു സര്‍ക്കാറിന്റേത്. അവസരം വന്നാല്‍ സ്വാശ്രയ മാനേജുമെന്റുകളുടെ വക്താക്കളാവാന്‍ മടിയില്ലെന്ന് സി പി എം തെളിയിച്ചു. മുന്‍കാലങ്ങളില്‍ എസ് എഫ് ഐ നടത്തിയ സ്വാശ്രയ സമരങ്ങള്‍ പൊളളയായിരുന്നെന്നും ജനത്തിന് ബോധ്യപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ വിദ്യാര്‍ഥി വഞ്ചനയാണ് ലോ കോളജ് സമരത്തില്‍ എസ് എഫ് ഐ നടത്തിയത്.

പുറമേക്ക് എതിരാളികളെന്ന് പറയുമ്പോഴും ബി ജെ പിയെ പ്രോത്സാഹിപ്പിക്കാനും വളര്‍ച്ചക്ക് കളമൊരുക്കാനുമാണ് സി പി എം ശ്രമിക്കുന്നത്. ഇരുപാര്‍ട്ടികളും പരസ്പര സഹകരണത്തിന്റെ പാലമിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ബി ജെ പിയെ മുഖ്യഎതിരാളിയായി ചിത്രീകരിച്ച് ന്യൂനപക്ഷ വോട്ടുകള്‍ വലയിലാക്കാനാണ് സി പി എമ്മിന്റെ ശ്രമം. സി പി എമ്മിനെ ഭയക്കുന്നവര്‍ തങ്ങളുടെ പാര്‍ട്ടിയിലേക്ക് വരുമെന്ന് ബി ജെ പിയും കണക്കുകൂട്ടുന്നു. ജീവനക്കാരോട് ശത്രുതാ മനോഭാവത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പെരുമാറുന്നത്. യാതൊരു മാനദണ്ഡവുമില്ലാതെ 15,000ത്തോളം ജീവനക്കാരെ സ്ഥലം മാറ്റിയത് ഇതിന്റെ തെളിവാണെന്നും വി എം സുധീരന്‍ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് പി ഹരിഗോവിന്ദന്‍ അധ്യക്ഷനായി. കെ പി സി സി ജനറല്‍ സെക്രട്ടറി പി സി വിഷ്ണുനാഥ്, ശരത്ചന്ദ്ര പ്രസാദ്, വി വി പ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here