Connect with us

Wayanad

ആധുനികവല്‍കരണത്തിന് പ്രാഥമിക സഹകരണ ബേങ്കുകള്‍ തയ്യാറാകണമെന്ന് മന്ത്രി

Published

|

Last Updated

കല്‍പ്പറ്റ: പണമിടപാടുരംഗത്തെ ആധുനികവല്‍കരണത്തിന് പ്രാഥമിക സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ തയ്യാറാവണമെന്ന് സഹകരണവകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ജില്ലയിലെ പ്രാഥമിക സര്‍വ്വീസ് സഹകരണബാങ്കുകള്‍ കോര്‍ ബാങ്കിങ്ങിലേക്കു കടക്കുന്നതിന്റെ ഉദ്ഘാടനം കല്‍പ്പറ്റയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മേഖലയിലേക്ക് കോര്‍ ബാങ്കിങ്ങ് കൊണ്ടുവരാനായത് എടുത്തുപറയത്തക്ക നേട്ടമാണ്.

ഏറ്റവും പുതിയ ശാസ്ത്ര- സാങ്കേതിക സൗകര്യം പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ ശ്രമിക്കണം. ബാങ്ക് സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വിധത്തില്‍ പുന:ക്രമീകരിക്കണം. അതിന് ജീവനക്കാരെ പ്രാപ്തരാക്കുകയും പുതിയ സംവിധാനങ്ങള്‍ അവരെ പരിചയപ്പെടുത്തുകയും സ്ഥാപനങ്ങളില്‍ അതിനുള്ള ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. വരള്‍ച്ചയും കൃഷിനാശവുംമൂലമുണ്ടായേക്കാവുന്ന വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ നടത്തുന്ന ശ്രമങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

പ്രൈമറി കോ ഓപ്പറേറ്റീവ് അസോസിയേഷന്റെയും ജില്ലാ സഹകരണബാങ്കിന്റെയും നബാര്‍ഡിന്റെയും നേതൃത്വത്തിലാണ് കോര്‍ ബാങ്കിങ് സംവിധാനം നടപ്പാക്കുന്നത്. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷനായി. ചടങ്ങില്‍ എ.ടി.എം. സൈ്വപിങ് മെഷീനുകളുടെ ഉദ്ഘാടനം കോ ഓപ്പറേറ്റീവ് സൊസൈറ്റി ജോയന്റ് ഡയറക്ടര്‍ വേലായുധനും ചിപ് കാര്‍ഡുകളുടെ ഉദ്ഘാടനം സഹകരണസംഘം ജോയിന്റ് ഡയറക്ടര്‍ വി.മുഹമ്മദ് നൗഷാദും പ്രോജക്ട് മോണിറ്ററിങ് യൂണിറ്റ് ഓഫീസ് നബാര്‍ഡ് എ.ജി.എം. എന്‍.എസ്.സജികുമാറും ഉദ്ഘാടനം ചെയ്തു. ജില്ലാ സഹകരണബാങ്ക് ജനറല്‍ മാനേജര്‍ പി.ഗോപകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രൈമറി കോ ഓപ്പറേറ്റീവ് അസോസിയേഷന്‍ സെക്രട്ടറി മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഫോറം പ്രസിഡന്റ് എം.വാസന്തി തുടങ്ങിയവര്‍ സംബന്ധിച്ചു. കോര്‍ കമ്മറ്റി ചെയര്‍മാന്‍ പി.ഗഗാറിന്‍ സ്വാഗതവും കണ്‍വീനര്‍ പി.സുരേഷ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

 

---- facebook comment plugin here -----

Latest