നെഹ്‌റു കോളജിലും ലോ അക്കാദമി മോഡല്‍ സമരത്തിന് തയ്യാറെടുക്കുന്നു

Posted on: February 11, 2017 2:01 pm | Last updated: February 11, 2017 at 2:01 pm

ഒറ്റപ്പാലം: പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യചെയ്ത ജിഷ്ണുവിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ലോ അക്കാഡമി മോഡല്‍ ഉപവാസ സമരത്തിന് ബി ജെ പി തയ്യാറെടുക്കുന്നു. വാണിയംകുളം മാളൂട്ടി കല്യാണമണ്ഡപത്തില്‍ ചേര്‍ന്ന ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍ നിയോജകമണ്ഡലം കമ്മിറ്റികളുടെ സംയുക്ത യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ അഡ്വ കൃഷ്ണദാസിന്റെ ഒറ്റപ്പാലത്തെ വസതിക്കു മുന്നില്‍ അനിശ്ചിതകാല ഉപവാസ സമരം ആരംഭിക്കും. നെഹ്‌റു കോളേജ് പ്രശ്‌നത്തില്‍ ഒരു മാസം പിന്നിട്ടിട്ടും പരിഹാരമാകാത്തതാണ് ബി ജെ പി സമരം ഏറ്റെടുക്കാന്‍ കാരണം. ദേശീയ നിര്‍വ്വാഹക സമിതി അംഗം വി മുരളീധരന്‍ എ ബി വി പി നടത്തിയ ഉപവാസ സമരപന്തലില്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. നെഹ്‌റു കോളേജിലെ നിരവധി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ബി ജെ പി നേതാക്കളെ വിളിച്ച് സഹായം അഭ്യര്‍ഥിച്ചിരുന്നു.