നരേന്ദ്ര മോദി കുളിമുറിയിലെ ഒളിഞ്ഞു നോട്ടക്കാരനാണെന്ന് രാഹുല്‍ ഗാന്ധി

Posted on: February 11, 2017 1:54 pm | Last updated: February 12, 2017 at 11:01 am

ലഖ്‌നൗ: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ ചുട്ട മറുപടി. മോദി കുളിമുറിയിലെ ഒളിഞ്ഞു നോട്ടക്കാരനാണെന്ന് രാഹുല്‍ പരിഹസിച്ചു. മോദിക്ക് മറ്റുള്ളവരുടെ കുളിമുറിയില്‍ ഒളിഞ്ഞു നോക്കാനും ഗൂഗിളില്‍ തിരയാനും മാത്രമേ സമയം കണ്ടെത്തുന്നുള്ളുവെന്ന് രാഹുല്‍ പരിഹസിച്ചു. ഇതിനിടയില്‍ അദ്ദേഹം എപ്പോഴാണ് ഭരണം നടത്തുന്നതെന്നും രാഹുല്‍ ചോദിച്ചു. മോദിയുടെ ഇത്തരം വികല സമീപനങ്ങള്‍ക്ക് തെരഞ്ഞെടുപ്പിലൂടെ മറുപടി ലഭിക്കുമെന്നും രാഹുല്‍ തുറന്നടിച്ചു.

രാജ്യസഭയില്‍, രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനു മറുപടി പറയവേയാണ് നരേന്ദ്രമോദി മന്‍മോഹന്‍സിംഗിനെ കുളിമുറിയില്‍ മഴക്കോട്ടിട്ട് കുളിക്കുന്നയാളാണ് മന്‍മോഹനെന്ന് പരിഹസിച്ചിരുന്നു. മന്‍മോഹന്റെ സാമ്പത്തിക പരിഷ്‌കാര നടപടികളെ അപ്പാടെ തള്ളിയ മോദി ഏറ്റവും കൂടുതല്‍ അഴിമതികള്‍ നടന്നത് യുപിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നുവെന്നും വിമര്‍ശിച്ചിരുന്നു. അതിനു ശേഷം മറ്റൊരു പൊതുപരിപാടിയില്‍ സംസാരിക്കവെ രാഹുല്‍ ഗാന്ധിയേയും മോദി വിമര്‍ശിച്ചിരുന്നു. ഗൂഗിളില്‍ രാഹുല്‍ ഗാന്ധി എന്ന് തിരഞ്ഞാല്‍ ഏറ്റവും വലിയ തമാശകള്‍ കാണാനാകുമെന്നായിരുന്നു മോദിയുടെ വാക്കുകള്‍.
ഇതിനെല്ലാമെതിരെയാണ് രാഹുല്‍ ഗാനധി കടുത്ത ഭാഷയില്‍ പ്രതികരിച്ചത്.