Connect with us

Malappuram

നേതൃ ഇടപെടലും നിഷ്ഫലം; ഐക്യ മുജാഹിദില്‍ വീണ്ടും പൊട്ടലും ചീറ്റലും

Published

|

Last Updated

തിരൂരങ്ങാടി: വര്‍ഷങ്ങളോളം പിണങ്ങി നിന്നതിന് ശേഷം ഐക്യപ്പെടല്‍ മാമാങ്കം നടത്തിയ സലഫി ഗ്രൂപ്പുകള്‍ക്കിടയില്‍ വീണ്ടും പൊട്ടലും ചീറ്റലും. ഏറെക്കാലമായി തര്‍ക്കത്തിലിരിക്കുന്ന അടിസ്ഥാനപരമായ വിഷയങ്ങളില്‍ ഉണ്ടായ വാദവിവാദങ്ങളാണ് പുതിയ പൊട്ടിത്തെറികള്‍ക്ക് കാരണമായത്.
മുജാഹിദ് ഔദ്യോഗിക വിഭാഗവും മടവൂര്‍ വിഭാഗവും തമ്മിലുള്ള തര്‍ക്ക വിഷയങ്ങളില്‍ തങ്ങളുടെ നിലപാട് വെളിപ്പെടുത്തി കൊണ്ട് ഇരുവിഭാഗത്തിന്റെയും പ്രസിദ്ധീകരണങ്ങളില്‍ ലേഖനം എഴുതിയത് അണികള്‍ക്കിടയിലും സംഘര്‍ഷങ്ങള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്. സിഹ്ര്‍ (മാരണം) ഫലിക്കുമെന്ന് സമര്‍ഥിച്ച് കൊണ്ട് ഔദ്യോഗിക വിഭാഗത്തിന്റെ പ്രസിദ്ധീകരണമായ വിചിന്തനം വാരികയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ലേഖനം വന്നിരുന്നു. സിഹ്ര്‍ ഫലിക്കുമെന്നാണ് ഇസ്‌ലാമിക വിശ്വാസമെന്ന് തെളിവ് സഹിതം നിരത്തിക്കൊണ്ടാണ് വിചിന്തനത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ലേഖനം. എന്നാല്‍, ഈ ലേഖനത്തിന് മറുപടിയുമായി മടവൂര്‍ വിഭാഗത്തിന്റെ പ്രസിദ്ധീകരണമായ ശബാബ് മാസികയില്‍ കഴിഞ്ഞ ദിവസം ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. സിഹ്ര്‍ ഫലിക്കുകയില്ലെന്നും ഫലിക്കുമെന്ന് വിശ്വസിക്കല്‍ ശിര്‍ക് (ബഹുദൈവ വിശ്വാസം) ആണെന്നുമാണ് ശബാബില്‍ എഴുതിയത്.
പിശാച് ജിന്ന് തുടങ്ങിയവരുടെ സഹായത്തോടെ മറ്റുള്ളവര്‍ക്ക് ദ്രോഹം ചെയ്യുന്ന സിഹ്ര്‍ വലിയ കുറ്റമാണെന്നും സിഹ്ര്‍ ഫലിക്കുമെന്നാണ് മുസ്‌ലിം ലോകം ഒന്നടങ്കം വിശ്വസിക്കുന്നതും എന്നായിരുന്നു മുജാഹിദ് ഔദ്യോഗിക വിഭാഗത്തിന്റെ വിശ്വാസം. ഈ വാദം തെളിയിക്കാനായി ഖുര്‍
ആനും ഹദീസും നിരത്തിയിരുന്നു.

എന്നാല്‍, സിഹ്ര്‍ ഫലിക്കുമെന്ന് വിശ്വസിക്കല്‍ ബഹുദൈവാരാധനയാണെന്നും മാരണം കൊണ്ട് എതെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കല്‍ അല്ലാഹു അല്ലാത്തവര്‍ക്ക് കഴിവുണ്ടെന്ന് വിശ്വസിക്കലാണെന്നുമാണ് മടവൂര്‍ വിഭാഗത്തിന്റെ നിലപാട്. ജിന്ന് സിഹ്ര്‍ വിവാദത്തിന്റെ പേരില്‍ ഔദ്യോഗിക വിഭാഗത്തില്‍ നിന്ന് ചില ഉപഗ്രൂപ്പുകളും പിളര്‍ന്നു പോയിരുന്നു. ഒന്നാം പിളര്‍പ്പ് സമയത്ത് പിളര്‍പ്പിന് ചുക്കാന്‍ പിടിച്ചിരുന്ന പലനേതാക്കളും ഇപ്പോള്‍ ഉപ ഗ്രൂപ്പുകളിലാണ്. വിസ്ഡം എന്ന പേരില്‍ അറിയപ്പെടുന്ന ജിന്ന് വിഭാഗത്തിലാണ് ഇപ്പോള്‍ പല ഉന്നത നേതാക്കളും.
ഔദ്യോഗിക വിഭാഗവും മടവൂര്‍ വിഭാഗവും ഐക്യപ്പെടാന്‍ വേണ്ടി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ തര്‍ക്കത്തിലിരിക്കുന്ന വിഷയങ്ങള്‍ തീരുമാനമാവുമെന്ന് അറിയിച്ചിരുന്നുവെങ്കിലും കടപ്പുറത്ത് നടന്ന ഐക്യ സമ്മേളനത്തില്‍ ഇതേകുറിച്ച് ഒന്നും മിണ്ടിയിരുന്നില്ല. തര്‍ക്ക വിഷയങ്ങള്‍ പ്രസംഗിക്കരുതെന്ന് പ്രഭാഷകര്‍ക്കും പ്രവര്‍ത്തകര്‍ക്കും കോച്ചിംഗ് നല്‍കിയിരുന്നു. എന്നാല്‍, താഴേ തട്ട് മുതല്‍ ഉന്നത തലങ്ങളില്‍ വരേ തര്‍ക്ക വിഷയങ്ങളുടെ പേരില്‍ സംഘര്‍ഷങ്ങള്‍ പതിവായിരുന്നു. അതിനിടെയാണ് വിചിന്തനത്തില്‍ സിഹ്‌റിനെ അനുകൂലിച്ച് ലേഖനം വന്നത്. ഇതിന്റെ പേരില്‍ മടവൂര്‍ വിഭാഗം നേതാവും ഐക്യപ്പെട്ട സംഘടനയിലെ സംസ്ഥാന സെക്രട്ടറിയുമായ എം അസ്ഗറലി രാജിവെച്ചിരുന്നു. പിന്നീടാണ് വിചിന്തനത്തിന് മറുപടിയായി ശബാബ് ലേഖനമെഴുതിയത്.
1982ല്‍ മുജാഹിദ് സംഘടന പ്രസിദ്ധീകരിച്ചിരുന്ന അല്‍മനാര്‍ മാസികയില്‍ മൂസ വാണിമേല്‍ എഴുതിയ സിഹ്‌റും വിവാദങ്ങളും എന്ന ലേഖനമാണ് ശബാബ് പുനഃപ്രസിദ്ധീകരിച്ചത്. സിഹ്ര്‍ എന്നകാര്യം അടിസ്ഥാനപരമായി തന്നെ അന്ധവിശ്വാസമാണെന്നും സിഹ്ര്‍ ഫലിക്കില്ലെന്നും സമര്‍ഥിച്ച് കൊണ്ടാണ് ഈ ലേഖനം ഉള്ളത്.
തൗഹീദില്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ടുള്ള ഒരു ഐക്യം തങ്ങള്‍ അംഗീകരിക്കുയില്ലെന്ന് മടവൂര്‍ വിഭാഗം അണികള്‍ പരസ്യമായി തന്നെ പറയുന്നുണ്ട്. എന്നാല്‍ പൊട്ടിത്തെറി കൂടുതല്‍ ശക്തിപ്പെടുന്നതിന് മുമ്പ് പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ നേതാക്കള്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല.