ട്രെയിനില്‍ പീഡന ശ്രമം: പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവ്

Posted on: February 11, 2017 12:40 pm | Last updated: February 11, 2017 at 12:24 pm

തൃശൂര്‍: ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ 20 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് മൂന്ന് വര്‍ഷം കഠിനതടവും ഒരു മാസം വെറും തടവും ശിക്ഷ വിധിച്ചു. പെരിഞ്ഞനം കൊറ്റന്‍കുളം ചിറ്റേഴത്ത് വിനയനെ (44)യാണ് തൃശൂര്‍ പ്രിന്‍സിപ്പല്‍ ആന്‍ഡ് സെഷന്‍സ് ജഡ്ജി വി ബി സുജയമ്മ ശിക്ഷിച്ചത്. 2016 മാര്‍ച്ച് 14ന് ഉച്ചക്ക് ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ ട്രെയിനിന്റെ വനിതാ കമ്പാര്‍ട്ടുമെന്റില്‍ അതിക്രമിച്ചു കയറി തൃശൂര്‍ സ്വദേശിനിയായ 20 വയസ്സുകാരിയായ ബി കോം വിദ്യാര്‍ഥിനിയെ ട്രെയിനിനുള്ളില്‍ തള്ളിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് ശിക്ഷ. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിക്ക് അര്‍ഹമായ ശിക്ഷ വിധിച്ചെന്ന അപൂര്‍വത ഈ കേസിനുണ്ട്. കേരളം ഏറെ ചര്‍ച്ച ചെയ്ത സൗമ്യ കേസിനു സമാനമാണിതെന്നതും ശ്രദ്ധേയമാണ്.

സംഭവത്തലേന്ന് ഗുരുവായൂരുള്ള മാതാവിന്റെ വീട്ടില്‍ കുടുംബക്ഷേത്രത്തിലെ താലപ്പൊലിയില്‍ പങ്കെടുത്ത് പിറ്റേദിവസം എറണാകുളത്തേക്ക് പുറപ്പെടുന്ന ട്രെയിനില്‍ കളമശ്ശേരിയിലേക്ക് ടിക്കെറ്റെടുത്ത് ട്രെയിനില്‍ ഇരിക്കു േമ്പാഴാണ് പ്രതി അതി ക്രമിച്ചുകയറി പെണ്‍കുട്ടിയെ കടന്നു പിടിച്ചത്. തുടര്‍ന്ന് കമ്പാര്‍ട്ട്‌മെന്റിനുള്ളില്‍ ബാത്ത് റൂമുകളുടെ ഇടയിലേക്ക് തള്ളിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. നിലവിളി കേട്ട് യാത്രക്കാര്‍ ഓടിക്കൂടി. കൂട്ടിലൊരാള്‍ പ്രതിയെ ബലമായി കീഴ്‌പ്പെടുത്തുകയും ചെയ്തു. റെയില്‍വേ വനിതാ പോലീസിന്റെ സഹായത്തോടെ യാത്രക്കാര്‍ തന്നെ പ്രതിയെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസിന് കൈമാറുകയും ചെയ്തു. പ്രതിയുടെ ആക്രമണത്തില്‍ പെണ്‍കുട്ടിക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.