ആദിവാസി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; മുഖ്യപ്രതി കസ്റ്റഡിയില്‍

Posted on: February 11, 2017 12:30 pm | Last updated: February 11, 2017 at 12:18 pm

കാഞ്ഞങ്ങാട്: മൂന്നുമക്കളുടെ മാതാവായ ആദിവാസി യുവതിയെ ആള്‍താമസമില്ലാത്ത വീട്ടില്‍ മൂന്ന് ദിവസം തടങ്കലിലാക്കി കൂട്ടബലാല്‍സംഗം ചെയ്തുവെന്ന് പരാതി.
വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മാലോം കാര്യോട്ടുചാലില്‍ താമസിക്കുന്ന ഇരുപത്തേഴുകാരിയാണ് ബലാല്‍സംഗത്തിനിരയായതായി പോലീസില്‍ പരാതി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് കാര്യോട്ട് ചാലിലെ ഷിജു, സിജു എന്നിവര്‍ക്കും കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കുമെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.

ഷിജുവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീട്ടുജോലി തരപ്പെടുത്തി നല്‍കാമെന്നുപറഞ്ഞാണ് ആദിവാസി യുവതിയെ ഓട്ടോഡ്രൈവറായ ഷിജു ആള്‍താമസമില്ലാത്ത വീട്ടിലേക്ക് കൊണ്ടുവന്നത്. ഫെബ്രുവരി ആറിന് എത്തിയ യുവതിയെ മൂന്ന് ദിവസം ഇവിടെ പൂട്ടിയിടുകയായിരുന്നു. ആദ്യം ഷിജുവും പിന്നീട് മറ്റുരുപേരും ചേര്‍ന്ന് മൂന്നുദിവസം യുവതിയെ ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു.
തടങ്കലില്‍ നിന്നും മോചിതയായ യുവതി വിവരം ഭര്‍ത്താവിനെയും വീട്ടുകാരെയും അറിയിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പീഡനത്തിനിടെ സംഘം തന്നെ ബലമായി മദ്യം കുടിപ്പിക്കുകയും പട്ടിണിക്കിടുകയും ചെയ്തതായി യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.