Connect with us

Kannur

നാട്ടിലെങ്ങും 'കാഷ്യൂ ബൂത്തുകള്‍', കുട്ടികള്‍ക്കായി ഇനി ചില്‍ഡ്രന്‍സ് വിറ്റ

Published

|

Last Updated

കണ്ണൂര്‍: ശരീരത്തെ സംരക്ഷിക്കാനും രോഗങ്ങള്‍ക്കെതിരെ പോരാടാനും ശേഷിയുള്ള ഉഗ്ര മരുന്നെന്ന് ലോകമാകെ അംഗീകരിക്കപ്പെട്ട കശുവണ്ടിയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് പ്രിയമേറുന്നു. ആഭ്യന്തര വിപണിയിലും വിദേശ വിപണിയിലും ആവശ്യക്കാരേറെയുള്ള കശുവണ്ടി പരിപ്പുള്‍പ്പടെയുള്ള ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ സമഗ്ര പദ്ധതികള്‍ക്ക് രൂപം നല്‍കി.

നിലവില്‍ വന്‍തോതില്‍ വിറ്റുവരവുള്ള ഉത്പന്നങ്ങളുടെ വിപണനം കുറേക്കൂടി വിപുലപ്പെടുത്താനാണ് ആലോചന. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന കശുവണ്ടി സമ്പൂര്‍ണമായി കോര്‍പറേഷന്റെ കൈകളിലെത്തിക്കാന്‍ നടപടി തുടങ്ങിയതിന് പിന്നാലെയാണ് ഏറെ തൊഴിലവസരങ്ങള്‍ക്കും കാര്‍ഷിക വളര്‍ച്ചക്കും സാധ്യതയേകുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കുന്നത്. ഇതിന്റെ ആദ്യ പടിയെന്നോണം കൂടുതല്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വിപണിയിലിറക്കും. കശുവണ്ടി ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് സംസ്ഥാനത്ത് എല്ലായിടത്തും മില്‍മ ബൂത്ത് മാതൃകയില്‍ കാഷ്യു ബൂത്തുകളും തുടങ്ങും. ബസ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, മറ്റു പൊതു ഇടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഇത്തരത്തില്‍ ഉത്പന്ന വിതരണകേന്ദ്രങ്ങള്‍ തുടങ്ങാനാണ് ആലോചനയെന്ന് കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍ പറഞ്ഞു. എല്ലാ ജില്ലകളിലും ഔട്ട്‌ലറ്റുകള്‍ തുടങ്ങുന്നതിനായി വിതരണക്കാരില്‍ നിന്നും ഉടന്‍ അപേക്ഷകള്‍ ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കൊല്ലത്തെ കാഷ്യു ഹൗസില്‍ നിന്ന് ആറ് ഉത്പന്നങ്ങളാണ് ഉണ്ടാക്കുന്നത്. പ്രതിമാസം പത്ത് ലക്ഷത്തില്‍പ്പരം രൂപയുടെ വരുമാനം ഇപ്പോള്‍ ഉത്പന്നങ്ങളുടെ വിറ്റുവരവ് വഴി കോര്‍പ്പറേഷന് ലഭിക്കുന്നുണ്ട്. പദ്ധതി വിപുലപ്പെടുത്തിയാല്‍ ഇതിന്റെ എത്രയോ ഇരിട്ടി വരുമാനമായി ഇതുയര്‍ത്താമെന്നും കോര്‍പ്പറേഷന്‍ കരുതുന്നു.കാഷ്യൂ വിറ്റ, കാഷ്യൂ സൂപ്പ്, കാഷ്യൂ പൗഡര്‍, കാഷ്യൂ ബിറ്റ്‌സ്, മില്‍ക്കി കാഷ്യു തുടങ്ങിയവയാണ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമായവ. ചോക്‌ളേറ്റ് പൊതിഞ്ഞ കാഷ്യൂവും കശുവണ്ടി വികസന കോര്‍പറേഷന്‍ മാര്‍ക്കറ്റില്‍ എത്തിച്ചിട്ടുണ്ട്. ഇതിനു പുറമെ ചില്‍ഡ്രന്‍സ് വിറ്റ എന്ന പേരില്‍ പുതിയൊരു ഉത്പന്നവും രംഗത്തെത്തുന്നുണ്ട്. കശുവണ്ടി പരിപ്പില്‍ നിന്നും ഉണ്ടാക്കുന്ന ചില്‍ഡ്രന്‍സ് വിറ്റ കുട്ടികളുടെ ആരോഗ്യത്തിന് ഗുണപ്രദമാകുമെന്ന ആരോഗ്യവകുപ്പിന്റെ പഠന പ്രകാരമാണ് പുതിയ ഉത്പന്നം പുറത്തിറക്കുന്നത്. കശുമാങ്ങയില്‍ നിന്ന് ജാം, വിനാഗിരി, വൈന്‍ എന്നിവ ഉല്‍പാദിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ കശുമാങ്ങയില്‍ നിന്നും കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത കാഷ്യൂ ജ്യൂസ്, കാഷ്യൂ ആപ്പിള്‍, പിക്കിള്‍, ഹല്‍വ, ജാം റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ മാര്‍ക്കറ്റുകളില്‍ വിജയകരമായി വില്‍ക്കാനാകുമെന്ന് കണ്ടെത്തിയിരുന്നു. കശുവണ്ടിയില്‍ അടങ്ങിയിരിക്കുന്ന ഫ്‌ലവനോയിഡ് വിഭാഗത്തില്‍പ്പെട്ട പ്രൊനത്തൊസിയാന്‍ഡിന്‍സ്( proanthocyanidisn) ശരീരത്തില്‍ കാന്‍സറിന് കാരണമാകുന്ന മുഴകളെ വിഭജിച്ച് ഇല്ലാതാക്കുന്നുവെന്നും ഉയര്‍ന്ന തോതില്‍ ചെമ്പ് അടങ്ങിയിട്ടുള്ളതിനാല്‍ ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും കുടല്‍ കാന്‍സറില്‍ നിന്നു സംരക്ഷിക്കുകയും ചെയ്യുമെന്നുമുള്ള പഠനങ്ങളും അടുത്തിടെ പുറത്തു വന്നിട്ടുണ്ട്. ആരോഗ്യം പ്രദാനം ചെയ്യുന്ന ഭക്ഷണം എന്ന നിലയിലാണ് കശുവണ്ടിയുടെ മൂല്യവര്‍ധന നടപ്പാക്കേണ്ടതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. 90 വര്‍ഷമായി ഇന്ത്യയില്‍ നിന്ന് കശുവണ്ടിപ്പരിപ്പ് കയറ്റുമതി ചെയ്യുന്നുണ്ട്. എന്നാല്‍, ഇതിന്റെ 0.5 ശതമാനം മാത്രമേ മൂല്യവര്‍ധിത രൂപത്തില്‍ കയറ്റുമതി ചെയ്യുന്നുള്ളൂ. ഇതില്‍ മാറ്റം വരുത്താനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest