Connect with us

National

തേജ് ബഹാദൂര്‍ യാദവ് സാംബയിലെന്ന് ബി എസ് എഫ്

Published

|

Last Updated

ന്യൂഡല്‍ഹി: സൈനികര്‍ക്ക് നല്‍കുന്ന മോശം ഭക്ഷണത്തെ കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പരാതി ഉന്നയിച്ച സൈനികന്‍ തേജ് ബഹാദൂര്‍ യാദവ് സാംബയിലുണ്ടെന്ന് ബി എസ് എഫ്. ബഹാദൂറിനെ കാണാനില്ലെന്ന് കാട്ടി അദ്ദേഹത്തിന്റെ ഭാര്യ ഡല്‍ഹി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി ഫയല്‍ ചെയ്തിരുന്നു.
ഇത് പരിഗണിക്കവെയാണ് ബി എസ് എഫ് പുതിയ വിവരം വെളിപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന്, ആഴ്ചയിലൊരിക്കല്‍ ഭാര്യക്ക് തേജ് ബഹാദൂര്‍ യാദവിനെ കാണാന്‍ അവസരമുണ്ടാക്കണമെന്ന് ബി എസ് എഫിനോട് കോടതി നിര്‍ദേശിച്ചു. കേസ് ഈ മാസം 15ന് കോടതി വീണ്ടും പരിഗണിക്കും.

യാദവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി രണ്ട് കത്തുകള്‍ ബി എസ് എഫ് മേധാവിക്ക് അയച്ചിരുന്നെങ്കിലും ഒന്നിനും മറുപടി ലഭിച്ചില്ലെന്നും ഭാര്യ കോടതിയില്‍ പറഞ്ഞിരുന്നു. ഈ സാഹചര്യം നിലനില്‍ക്കെയാണ് തേജ് ബഹാദൂര്‍ യാദവ് ജമ്മു കശ്മീരിലെ മറ്റൊരു സൈനിക സംഘത്തോടൊപ്പം സാംബ ജില്ലയില്‍ ഉണ്ടെന്ന വിവരം ബി എസ് എഫ് കോടതിയെ അറിയിക്കുന്നത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഡല്‍ഹി ഹൈക്കോടതിയില്‍ ബി എസ് എഫ് അറിയിച്ചു.
ജനുവരി ഒമ്പതിനാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വീഡിയോ ബി എസ് എഫ് ജവാനായ തേജ് ബഹാദൂര്‍ യാദവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സൈന്യത്തിലെ മോശം ഭക്ഷണത്തെ കുറിച്ചുള്ള വിഡിയോ വൈറലായതിന് പിന്നാലെയാണ് അദ്ദേഹത്തെ കാണാതായത്.

Latest