തട്ടിക്കൊണ്ടുപോകലിന്റെ തെലുഗു ദേശം മാതൃക

Posted on: February 11, 2017 11:30 am | Last updated: February 11, 2017 at 11:30 am
എന്‍ ടി രാമറാവു,

ഹൈദരാബാദ്: എം എല്‍ എമാരെ റിസോര്‍ട്ടുകളില്‍ പാര്‍പ്പിച്ച് തമിഴ്‌നാട്ടില്‍ ‘ജനാധിപത്യ സംരക്ഷണം’ അരങ്ങേറുമ്പോ ള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതിലും വലിയ തട്ടിക്കൊണ്ടുപോകല്‍ നടന്നതിന്റെ ഓര്‍മയിലാണ് ആന്ധ്ര പ്രദേശ്. 1984ലും 1995ലും എന്‍ ടി രാമറാവുവിന്റെ ഭരണനേതൃത്വം വെല്ലുവിളി നേരിട്ടപ്പോഴാണ് തമിഴ്‌നാടിന് സമാനമായ കടത്തിക്കൊണ്ടുപോകല്‍ അരങ്ങേറിയത്.

തെലുഗു ദേശം പാര്‍ട്ടി (ടി ഡി പി) എന്‍ ടി രാമറാവുവിന്റെ നേതൃത്വത്തില്‍ ഭരണം നടത്തിവരവെ 1984ലാണ് ആദ്യ സംഭവം. പാര്‍ട്ടിയില്‍ ഭൂരിപക്ഷം എം എല്‍ എമാരുടെയും പിന്തുണ തനിക്കാണെന്ന് അവകാശപ്പെട്ട് ധനമന്ത്രി നദേന്ത്‌ല ഭാസ്‌കര റാവു രംഗത്തെത്തിയതോടെ രാമറാവു അവരെ കര്‍ണാടകയില്‍ മൈസൂരിനടുത്തുള്ള നന്ദിഹില്‍സ് റിസോര്‍ട്ടിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു. പുറംലോകവുമായുള്ള എല്ലാ ബന്ധവും അവര്‍ക്ക് നിഷേധിക്കുകയും ചെയ്തു. ഒരു മാസത്തോളമാണ് ആന്ധ്രയില്‍ ഇതേത്തുടര്‍ന്ന് രാഷ്ട്രീയ അനിശ്ചിതത്വം തുടര്‍ന്നത്.

നദേന്ത്‌ല ഭാസ്‌കര റാവു,

ഗവര്‍ണറുടെ പിന്തുണയോടെയായിരുന്നു ഭാസ്‌കര റാവു ഭരണം പിടിച്ചെടുത്തത്. ഇതിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ ഗവര്‍ണറെ മാറ്റാന്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നിര്‍ബന്ധിതയായി. രാംലാലിന് പകരം ശങ്കര്‍ ദയാല്‍ ശര്‍മ സംസ്ഥാന ഗവര്‍ണറായി. റാമ റാവുവിന് ഭൂരിപക്ഷം ഉണ്ടെന്ന് വ്യക്തമായതോടെ അദ്ദേഹത്തോട് സര്‍ക്കാറുണ്ടാക്കാന്‍ ശര്‍മ നിര്‍ദേശിക്കുകയും ചെയ്തു.

പത്ത് വര്‍ഷത്തിന് ശേഷം 1995ല്‍ എന്‍ ടി രാമറാവു വീണ്ടും ഇതേ പ്രതിസന്ധിയില്‍ അകപ്പെട്ടു. ഇത്തവണ മരുമകനും റവന്യു മന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡുവാണ് അദ്ദേഹത്തിന് വെല്ലുവിളിയുയര്‍ത്തിയത്. രണ്ടാം ഭാര്യ ലക്ഷ്മീ പാര്‍വതിക്ക് രാമ റാവു അധികാരം കൈമാറിയേക്കുമെന്ന ആശങ്കയെ തുടര്‍ന്ന് ഭാര്യാ പിതാവിനെ അധികാര ഭ്രഷ്ടനാക്കാനുള്ള നീക്കം നായിഡു നടത്തുകയായിരുന്നു. അന്നത്തെ വൈസ്‌റോയി ഹോട്ടലിലാണ് ജനപ്രതിനിധികളെ നായിഡു കട ത്തിക്കൊണ്ടുപോയി പാര്‍പ്പിച്ചത്.

ചന്ദ്രബാബു നായിഡു

സംഭവം സമയം സംസ്ഥാനത്തില്ലായിരുന്ന സ്പീക്കര്‍ സ്വകാര്യ വിമാനത്തില്‍ തലസ്ഥാനത്തേക്ക് പറന്നെത്തുകയും എം എല്‍ എമാരുടെ തലയെണ്ണി നായിഡുവിന്റെ ഭൂരിപക്ഷം പ്രഖ്യാപിക്കുകയും ചെയ്തു. അതിനിടെ അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട എന്‍ ടി രാമ റാവു രാജിവെക്കുകയും ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയുമായിരുന്നു.