Connect with us

Kerala

മദ്യശാല: പ്രതിരോധം മറികടക്കാന്‍ ഗൂഢ നീക്കം

Published

|

Last Updated

തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ ബീവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ, പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും എം എല്‍ എമാരുടെയും പിന്തുണയാര്‍ജിച്ച് ജനകീയ പ്രതിരോധം മറികടക്കാന്‍ ബിവറേജസ് കോര്‍പറേഷന്റെ രഹസ്യ ശ്രമം. സുപ്രീം കോടതി വിധി മറികടക്കാന്‍ നഗരങ്ങളില്‍ ഉള്‍പ്രദേശങ്ങളിലേക്കും ഗ്രാമീണ മേഖലകളിലേക്കും ഔട്ട്‌ലെറ്റുകള്‍ മാറ്റാനുള്ള ശ്രമമാണ് ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പരാജയപ്പെടുന്നത്. 29 ഔട്ട്‌ലെറ്റുകള്‍ ഇതുവരെ മാറ്റിയെങ്കിലും ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇതില്‍ പത്തെണ്ണം ഇതിനകം പൂട്ടി. 19 ഔട്ട്‌ലെറ്റുകള്‍ മാറ്റിയ സ്ഥലങ്ങളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പലയിടത്തും പ്രതിഷേധം തുടരുകയാണ്.

അതേസമയം, ഔട്ട്‌ലെറ്റുകള്‍ മാറ്റാന്‍ എം എല്‍ എമാരുടെ സഹായം തേടിയെങ്കിലും ജനരോഷം ഭയന്ന് ആരും പ്രതികരിച്ചില്ല. തിരുവനന്തപുരം നഗര ഹൃദയഭാഗത്തും കൊട്ടിയത്തും കോഴിക്കോട് ബേപ്പൂരിലും മുക്കത്തുമെല്ലാം മാറ്റി സ്ഥാപിച്ച ഔട്ട്‌ലെറ്റുകള്‍ പൂട്ടേണ്ടി വന്നു. പുതിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാതെ വന്നിടത്ത് പഴയ സ്ഥലങ്ങളില്‍ തന്നെ പുനഃസ്ഥാപിക്കാനാണ് ശ്രമം. ഇതിനെതിരെയും പ്രതിഷേധമുണ്ട്.
ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ മാര്‍ച്ച് 31ന് മുമ്പ് അടച്ച് പൂട്ടണമെന്നാണ് സുപ്രീം കോടതി നിര്‍ദേശം. പാതയോരങ്ങളിലെ മദ്യശാലകളുടെ ബോര്‍ഡുകളും പരസ്യങ്ങളുമെല്ലാം നീക്കണമെന്നും ഉത്തരവിട്ടിരുന്നു. ബീവറേജസ് കോര്‍പറേഷന്റെ 270 ഔട്ട്‌ലെറ്റുകളില്‍ 183 എണ്ണവും ദേശീയ, സംസ്ഥാന പാതയോരങ്ങളിലാണ്. ഇതില്‍ 29 ഔട്ട്‌ലെറ്റുകള്‍ മാത്രമാണ് ഇതുവരെ മാറ്റാനായത്. ഇതില്‍ പത്തെണ്ണം ഇതിനകം പൂട്ടി.

ജനങ്ങളുടെ എതിര്‍പ്പ് ശക്തമായതോടെയാണ് ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് ബിവറേജസ് കോര്‍പറേഷന്‍ എം എല്‍ എമാരുടെ സഹായം തേടിയത്. ജനങ്ങളെ അനുനയിപ്പിക്കാന്‍ ഇടപെടാനും ഔട്ട്‌ലെറ്റുകളുടെ സുഗമമായ മാറ്റി സ്ഥാപിക്കലിന് സഹായം തേടിയും എം എല്‍ എമാരെ സമീപിക്കാന്‍ റീജ്യണല്‍ മാനേജര്‍മാര്‍ക്കും വെയര്‍ ഹൗസിംഗ് മാനേജര്‍മാര്‍ക്കുമാണ് ബെവ്‌കോ എം ഡി നിര്‍ദേശം നല്‍കിയത്. പ്രാദേശിക ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും പിന്തുണ തേടണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, പ്രാദേശിക എതിര്‍പ്പ് ഭയന്ന് എം എല്‍ എമാരില്‍ ഒരാള്‍ പോലും വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായില്ല. ഔട്ട്‌ലെറ്റുകള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തു.
അതേസമയം, ഔട്ട്‌ലെറ്റുകള്‍ മാറ്റുന്നതിനെതിരായ സമരത്തിന് ബാറുടമകളുടെ പരോക്ഷ പിന്തുണയുണ്ടെന്നാണ് ബെവ്‌കോ വൃത്തങ്ങള്‍ പറയുന്നത്.

 

---- facebook comment plugin here -----

Latest