ചാകര വെറും ‘ചാകരക്കൊയ്ത്ത്’ മാത്രമല്ലെന്ന് പഠനം

Posted on: February 11, 2017 8:11 am | Last updated: February 11, 2017 at 12:12 am

കൊച്ചി: ചാകര (മഡ് ബാങ്ക്‌സ്) എന്നാല്‍ മീനുകളുടെ കൂട്ടമല്ലെന്നും കാറ്റ്, ഒഴുക്ക്, തിര, ചെളി, സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് മുകളിലേക്കുണ്ടാകുന്ന ശക്തമായ ജലപ്രവാഹം എന്നിവ മൂലം കേരളത്തിന്റെ ചില തീരപ്രദേശങ്ങളില്‍ ഉണ്ടാകുന്ന പ്രതിഭാസമാണെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒഷീനോഗ്രഫി (എന്‍ ഐ ഒ ) ശാസ്ത്രജ്ഞര്‍. ആലപ്പുഴ തീരത്തെ ചാകരയെ കുറിച്ച് എന്‍ ഐ ഒ കൊച്ചി സെന്റര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ആഗോളതാപനത്തെ തടയാന്‍ സഹായകരമാകുന്ന ബാക്ടീരിയ അടക്കം നിരവധി ജൈവ കൗതുകങ്ങളാണ് ചാകര പ്രതിഭാസത്തില്‍ ഒളിഞ്ഞിരിക്കുന്നതെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

മത്സ്യങ്ങളുടെ കൂട്ടമാണ് ചാകര എന്നത് തെറ്റിദ്ധാരണ മാത്രമാണെന്നും ചാകര മൂലമുണ്ടാകുന്ന ഫ്രജിലേറിയ പോലെയുള്ള സസ്യപ്ലവകങ്ങള്‍ കഴിക്കുന്നതിനായാണ് മത്സ്യങ്ങള്‍ എത്തുന്നതെന്നും എന്‍ ഐ ഒ വ്യക്തമാക്കുന്നു. കൊച്ചിയില്‍ നടക്കുന്ന ചാകര സംബന്ധിച്ച ദ്വിദിന ദേശീയ ശില്‍പശാലയോടനുബന്ധിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ശാസ്ത്രജ്ഞര്‍ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ശാസ്ത്രജ്ഞരുടെ അഭിപ്രായപ്രകാരം പ്രക്ഷുബ്ധമായ മണ്‍സൂണ്‍ കാലവര്‍ഷത്തില്‍ കടലില്‍ രൂപപ്പെടുന്ന ശാന്തമായ തീരപ്രദേശങ്ങളാണ് ചാകര. കേരളത്തോടടുത്ത തീരങ്ങളില്‍ കനത്ത തിരയുള്ളപ്പോഴാണ് ചാകര കൂടുതലായി കാണപ്പെടുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ കാണപ്പെടുന്ന ചാകര ചിലയവസരങ്ങളില്‍ സെപ്തംബര്‍ വരെ നീണ്ടു പോകാറുണ്ട്. കേരളത്തിലെ തീരപ്രദേശങ്ങളില്‍ സാമൂഹിക സാമ്പത്തിക പ്രസക്തിക്കപ്പുറം ബീച്ചുകളിലെ മണ്ണൊലിപ്പ് തടയുന്നതിനും ചാകര സഹായകമാകുന്നുണ്ട്.

സമുദ്രത്തിന്റെ അടിത്തട്ടിലെ ജലം മുകള്‍ത്തട്ടിലേക്ക് പ്രവഹിക്കുന്ന പ്രതിഭാസം മൂലമുണ്ടാകുന്ന ഭൗതിക രൂപവത്കരണമാണ് ചാകര അഥവാ മഡ് ബാങ്ക് എന്നാണ് എന്‍ ഐ ഒ നടത്തിയ പഠനങ്ങളില്‍ വ്യക്തമായത്. കാറ്റും ഒഴുക്കും ശക്തമാകുമ്പോള്‍ അടിത്തട്ടില്‍ അടിഞ്ഞു കൂടിയ ചെളി മുകളിലേക്ക് ഉയരുകയും ഇത് തീരക്കടലില്‍ അടിഞ്ഞു കൂടുകയും ചെയ്യും. ചെളിവെള്ളത്തില്‍ തട്ടി തിരയുടെ ശക്തി കുറയുകയും ഈ പ്രദേശങ്ങള്‍ ശാന്തമായി രൂപപ്പെടുകയും ചെയ്യും. സമുദ്രത്തിന്റെ ഉപരിതലത്തില്‍ ഇങ്ങനെ അടിഞ്ഞു കൂടുന്ന ചെളി നിറഞ്ഞ വെള്ളമാണ് ചാകര എന്ന പ്രതിഭാസമായി രൂപപ്പെടുന്നത്.
ചാകരയുടെ ഫലമായി രൂപപ്പെടുന്ന രാസ പദാര്‍ഥങ്ങളില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ ഏറെ കൗതുകകരമാണ്. ഇത് മൂലം ചെളിയില്‍ അടങ്ങിയിരിക്കുന്ന വര്‍ധിച്ച ഫോസ്ഫറസ് കണികകള്‍ വികസിക്കുകയും ഇവ ജലകണങ്ങളെ ആകര്‍ഷിക്കുകയും ചെയ്യും. ഇപ്രകാരം ഇളകി വരുന്ന ചെളി കട്ടിയാകാതെ ചെളിവെള്ളമായി തന്നെ കിടക്കും. മൂന്നോ നാലോ മാസത്തേക്ക് ഇത് തുടരുകയും ചെയ്യും. സമുദ്രത്തിന്റെ അടിത്തട്ടിലെ ജലം മുകള്‍ത്തട്ടിലേക്ക് പ്രവഹിക്കുന്ന പ്രക്രിയക്ക് മുമ്പ് സമുദ്രത്തില്‍ ഗ്രീന്‍ ഹൗസ് ഗ്യാസ് ഇനത്തില്‍പ്പെട്ട മീഥെയിന്‍ അംശം വളരെ കൂടുതലായിരിക്കും. മീഥെയിന്‍ ഉത്പാദിപ്പിക്കുന്ന ബാക്ടീരിയയുടെ സാന്നിധ്യമാണ് ഇതിന് കാരണം. അന്തരീക്ഷത്തിലേക്ക് മീഥെയിന്‍ കലരാതിരിക്കാന്‍ ഈ ബാക്ടീരിയ സഹായകരമാകും. ഇതോടെ ആഗോള താപനം നിയന്ത്രണ വിധേയമാകുകയും ചെയ്യും.
മാലിന്യ നിര്‍മാര്‍ജനത്തിനും ആഗോളതാപനത്തിനും എതിരെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ബയോ ടെക്നോളജി വിദ്യ ഇതിലൂടെ വികസിപ്പാക്കാനുള്ള സാധ്യതകളാണ് ഇതോടെ തെളിഞ്ഞത്. ഈ മേഖലയില്‍ കൂടുതല്‍ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമുള്ള തയ്യാറെടുപ്പിലാണ് ശാസ്ത്ര ലോകം. ചാകരയോടനുബന്ധിച്ച് രൂപപ്പെടുന്ന ഫ്രജിലേറിയ, നോക്റ്റിലുക്ക, കോസിനോഡിസ്‌കസ് തുടങ്ങിയ സസ്യപ്ലവകങ്ങള്‍ ഭക്ഷിക്കുന്നതിനായാണ് മത്സ്യങ്ങള്‍ എത്തുന്നത്. ഫ്രജിലേറിയ കൂടുതലായി രൂപപ്പെടുന്ന സമയത്ത് ചാള ആയിരിക്കും കൂടുതല്‍ എത്തുക. ഇങ്ങനെ ഓരോ സമയത്തും വ്യത്യസ്ത മീനുകളാകും എത്തുക. സാധാരണയായി ചാള, അയല, ചെമ്മീന്‍, കൊഴുവ എന്നീ മത്സ്യങ്ങളാണ് ഇങ്ങനെ ഒന്നിച്ചു കൂടുന്നത്. തവിട്ടു നിറം കലര്‍ന്ന ഹരിതനിറമുള്ള വെള്ളമായിരിക്കും ഈ പ്രദേശങ്ങളില്‍ കാണപ്പെടുക. പോളവെള്ളം എന്നാണ് സാധാരണയായി ഇതറിയപ്പെടുന്നത്.

സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് പോകും തോറും ഓക്‌സിജന്‍ അളവ് കുറഞ്ഞു വരും. അടിത്തട്ടില്‍ നിന്ന് ജലം ശക്തിയായി മുകളിലേക്ക് തള്ളുമ്പോള്‍ ഓക്‌സിജന്‍ ലഭിക്കുന്നതിനായി മീനുകള്‍ മുകള്‍ ഭാഗത്തേക്ക് ആകര്‍ഷിക്കപ്പെടും. എന്നാല്‍, ചാകര ഉള്ളിടത്തെല്ലാം മത്സ്യങ്ങള്‍ കാണപ്പെടണമെന്നില്ല. മത്സ്യങ്ങള്‍ കൂട്ടമായി കാണുന്നിടത്ത് ചാകര ഉണ്ടാകണമെന്നുമില്ല, ഇത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ് കൊച്ചിയിലെ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഒഷീനോഗ്രഫി. എന്‍ ഐ ഒ ഗോവ ഡയറക്ടര്‍ ഡോ.എസ് പ്രസന്നകുമാര്‍, ഡോ. പി കെ ദിനേശ്കുമാര്‍, ഡോ. ടി പങ്കജാക്ഷന്‍, ഡോ. വി കൃപ (സി എം എഫ് ആര്‍ ഐ), ഡോ. കെ കെ ബാലചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.