പാല്‍വില വര്‍ധന

Posted on: February 11, 2017 6:04 am | Last updated: February 11, 2017 at 12:06 am

പാല്‍വില കുത്തനെ വര്‍ധിപ്പിച്ചിരിക്കയാണ് മില്‍മ. ലിറ്ററിന് നാല് രൂപയാണ് കൂട്ടിയത്. തൈര്, വെണ്ണ, നെയ്യ്, പാല്‍പ്പൊടി തുടങ്ങിയ ഉത്പന്നങ്ങളുടെ വിലയിലും വര്‍ധനവുണ്ട്. സംസ്ഥാനത്ത് പാലുത്പാദനത്തില്‍ ഗണ്യമായി കുറവ് വരികയും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഉയര്‍ന്ന വിലക്ക് പാല്‍ വാങ്ങേണ്ടിവരികയും ചെയ്ത സാഹചര്യമാണ് വില വര്‍ധനവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 11.27 ലക്ഷം ലിറ്റര്‍ പാലാണ് പ്രതിദിനം മില്‍മ സംഭരിച്ചിരുന്നത്. വേനല്‍ കടുത്തതോടെ സംഭരണം 10.20 ലക്ഷം ലിറ്ററായി കുറഞ്ഞു. അതേസമയം പാലിന്റെ വില്‍പ്പന 20,000 ലിറ്റര്‍ കൂടുകയും ചെയ്തു. ഏകദേശം 13 ലക്ഷം ലിറ്റര്‍ പാല്‍ വേണം മില്‍മക്ക് സംസ്ഥാനത്ത് വിതരണം ചെയ്യാന്‍. ആഭ്യന്തര ഉത്പാദനം കഴിച്ചു സംസ്ഥാനത്തെ ആവശ്യത്തിന് ശരാശരി നാല് ലക്ഷം ലിറ്ററോളം പാല്‍ മില്‍മ കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുന്നുണ്ട്. ഈ സംസ്ഥാനങ്ങള്‍ പാലിന്റെ വില അടുത്തിടെ വര്‍ധിപ്പിക്കുകയുണ്ടായി.
വരള്‍ച്ചയും വര്‍ധിക്കുന്ന ഉത്പാദനച്ചെലവിനെ തുടര്‍ന്ന് കര്‍ഷകര്‍ ക്ഷീരോത്പാദന മേഖല വിടുന്നതുമാണ് ആഭ്യന്തര ഉത്പാദനത്തിലെ കുറവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. വരള്‍ച്ചയും പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റങ്ങളും പാലിന്റെ അളവ് ഗണ്യമായി കുറയാന്‍ ഇടയാക്കുന്നുണ്ട്. ഉയര്‍ന്ന ചൂട് പാലുത്പാദനത്തെ സാരമായി ബാധിക്കും. വേനലില്‍ തീറ്റയിലുണ്ടാകുന്ന കുറവും പാല്‍ കുറയാനിടയാക്കുന്നു. കാലാവസ്ഥയുടെ കാഠിന്യങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുകയും സദാസമയവും ആവശ്യമായ അളവില്‍ ശുദ്ധജലം ലഭ്യമാക്കുകയും ചെയ്യുന്ന തരത്തില്‍ തൊഴുത്തുകള്‍ സജ്ജീകരിക്കുകയാണ് ഇതിനുള്ള മാര്‍ഗം.
2014 ജൂലൈയിലാണ് ഇതിന് മുമ്പ് വില വര്‍ധിപ്പിച്ചത്. അതിന് ശേഷം കാലിത്തീറ്റകള്‍ക്ക് മൂന്ന് തവണ വില കൂടി.

വൈക്കോലിനും വില വര്‍ധിച്ചു. ഒരു കാലത്ത് സംസ്ഥാനത്ത് സുലഭമായിരുന്ന തീറ്റപ്പുല്ലിന് കടുത്ത ക്ഷാമം നേരിടുന്നു. നാടന്‍ ഇനങ്ങളെ വിട്ടു കൂടുതല്‍ പാല്‍ ലഭിക്കുന്ന ജേഴ്‌സി, സ്വിസ് ബ്രൗണ്‍, എച്ച് എഫ് തുടങ്ങിയ ഇനം കാലികളെയാണ് കര്‍ഷകര്‍ വളര്‍ത്തുന്നത്. ഇവക്കുളള കാലിത്തീറ്റയുടെയും പരിചരണങ്ങളുടെയും ചെലവിന് അനുസൃതമായി പാലില്‍ നിന്ന് ലഭിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പരാതിപ്പെടുന്നത്. അതേസമയം, അയല്‍സംസ്ഥാനങ്ങളില്‍ പാലിന്റെ ആഭ്യന്തര വില കേരളത്തേക്കാള്‍ കുറവാണ്. പാല്‍ സംഭരണവും വിതരണവും നടത്തുന്ന ഔദ്യോഗിക ഏജന്‍സികള്‍ കര്‍ഷകര്‍ക്ക് കുറഞ്ഞ വിലക്ക് കാലിത്തീറ്റ വിതരണം ചെയ്തും ശാസ്ത്രീയമായ ക്ഷീരോത്പാദനത്തില്‍ പരിശീലനം നല്‍കി ഉത്പാദനം വര്‍ധിപ്പിച്ചുമാണ് അവര്‍ വില പിടിച്ചു നിര്‍ത്തുന്നത്. സമാനമായ പദ്ധതികളിലൂടെ കേരളത്തിലും വില വര്‍ധനവ് പരമാവധി നിയന്ത്രിക്കാന്‍ മില്‍മ ശ്രദ്ധിക്കേണ്ടതുണ്ട്. ഉത്പാദനച്ചെലവ് പെരുപ്പിച്ചു കാട്ടി അടിക്കടി വില കുത്തനെ വര്‍ധിപ്പിക്കുന്ന പ്രവണത ന്യയീകരിക്കാനാകില്ല. പാലുത്പാദകരുടെതെന്ന പോലെ ഉപഭോക്താക്കളുടെ താത്പര്യവും മില്‍മ കണക്കിലെടുക്കേണ്ടതുണ്ട്.
ക്ഷീരകര്‍ഷകരുടെ പുരോഗതിക്കും മായം ചേര്‍ക്കാത്ത പാല്‍ ലഭിക്കുന്നതിനുമാണ് മില്‍മ രൂപവത്കരിച്ചത്. തങ്ങള്‍ വിതരണം ചെയ്യുന്ന പാലും പാലുത്പന്നങ്ങളും തീര്‍ത്തും ശുദ്ധവും മായം കലരാത്തതുമാണെന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്തം സ്ഥാപനത്തിനുണ്ട്. ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി നടത്തിയ സര്‍വേയില്‍ രാജ്യത്തെ വിപണികളില്‍ ലഭിക്കുന്ന 68 ശതമാനം പാലും ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയതുമാണ്. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും കേരളത്തിലെത്തുന്ന പാലില്‍ മാരകമായ രാസപദാര്‍ഥങ്ങള്‍ അടങ്ങിയതായി പരിശോധനകളില്‍ കണ്ടെത്തിയതാണ്.

കൂടുതല്‍ ദിവസം കേടുവരാതെ സൂക്ഷിക്കുന്നതിന് ഫോര്‍മാലിന്‍, സോഡിയം കാര്‍ബണേറ്റ് തുടങ്ങിയ അതീവ മാരകമായ രാസപദാര്‍ഥങ്ങള്‍ ചേര്‍ത്താണ് മേല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ ഇവിടെ എത്തിക്കുന്നത്. കേടാകാതിരിക്കാന്‍ പാല്‍ ശാസ്ത്രീയമായി സംസ്‌കരിക്കുമ്പോള്‍ ഒരു ലിറ്ററിന് രണ്ടുരൂപവരെ ചെലവു വരുമെങ്കില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള സംസ്‌കരണത്തിന് പരിമിതമായ ചെലവേ വരുന്നുള്ളൂവെന്നത് കൊണ്ടാണ് അവര്‍ ഈ വഴി സ്വീകരിക്കുന്നത്. പാക്കറ്റ് പാലുകളിലാണ് കൂടുതല്‍ മാരകമായ വിഷാംശങ്ങളുടെ സാന്നിധ്യം എങ്കിലും അല്ലാത്ത പാലിലും അത് ചേര്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനം ക്ഷീരോത്പന്നങ്ങളുടെ കാര്യത്തില്‍ സ്വയം പര്യാപ്തത നേടി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന പതിവ് അവസാനിപ്പിക്കുകയാണ് പരിഹാര മാര്‍ഗം. ക്ഷീരമേഖല തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഉത്പാദനച്ചെലവ് ഗണ്യമായി കുറക്കാനാകും. ഇതിന് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുന്നതുള്‍പ്പെടെ മേഖലയുടെ വികസനത്തിനും ഉത്പാദനം വര്‍ധിപ്പിച്ചു അടിക്കടിയുള്ള വില വര്‍ധന യില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കുന്നതിനും ആസൂത്രിതവും സമയ ബന്ധിതവുമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കേണ്ടതുണ്ട്.