Connect with us

Articles

വായ്പ: മക്കളുടെ വിദ്യാഭ്യാസം രക്ഷിതാക്കള്‍ക്ക് മരണക്കുരുക്ക്‌

Published

|

Last Updated

കേരളത്തില്‍ വിദ്യാഭ്യാസ വായ്പയെടുത്ത 4,03,335 വിദ്യാര്‍ഥികളും അവരുടെ കുടുംബങ്ങളും ജപ്തി ഭീഷണി നേരിടുകയാണിപ്പോള്‍. വിദ്യാഭ്യാസ വായ്പ തിരിച്ചു പിടിക്കാന്‍ റിലയന്‍സിന്റെ അസറ്റ്-റീ കണ്‍സ്‌ട്രേഷന്‍ കമ്പനിയെ ഏല്‍പ്പിക്കുവാന്‍ എസ് ബി ടി തീരുമാനിച്ചതിനെത്തുടര്‍ന്നാണ് സ്ഥിതി വിശേഷം ഗുരുതരമായി മാറിയത്. സ്റ്റേറ്റ് ലെവല്‍ ബേങ്കേഴ്‌സ് കമ്മിറ്റിയുടെ (S LBC)കണക്കുകള്‍ പ്രകാരം എസ് ബി ടിക്കു കിട്ടാനുള്ള 130 കോടി രൂപയുടെ എന്‍ പി എ അക്കൗണ്ടുകള്‍ തിരിച്ചുപിടിക്കാനാണ് ബേങ്ക്, 63 കോടി രൂപക്ക് ആസ്തി ബാധ്യതകള്‍ റിലയന്‍സ് കമ്പനിക്ക് വിറ്റത്. ബാക്കി 67 കോടി രൂപ കമ്പനിക്കു എസ് ബി ടി നല്‍കും. 130 കോടി രൂപയും കടക്കാരില്‍ നിന്ന് കമ്പനി പിരിച്ചെടുക്കും എന്ന വ്യവസ്ഥയിന്‍മേല്‍ പതിനഞ്ച് വര്‍ഷത്തെ കാലയളവ് അനുവദിച്ച് നീങ്ങുകയാണ് ബേങ്ക്. വിദ്യാഭ്യാസ വായ്പാതുക തിരിച്ചു പിടിക്കാന്‍ സ്വകാര്യ കമ്പനിയുടെ ഏജന്റുമാര്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഭീഷണിപ്പെടുത്തുവാന്‍ രംഗത്തിറങ്ങിയതോടെ പലയിടങ്ങളിലും സംഘര്‍ഷങ്ങള്‍ക്ക് വഴി തുറന്നിരിക്കുന്നു.

മക്കളുടെ വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സ്വാശ്രയ കോളജുകളില്‍ ഫീസടക്കാന്‍ ശേഷിയില്ലാത്ത രക്ഷിതാക്കളെ ബേങ്കുകള്‍, ആര്‍ ബി ഐയുടെ വ്യവസ്ഥകള്‍ക്കു വിരുദ്ധമായി, ജാമ്യക്കാരാക്കി പ്രഖ്യാപിച്ചു വേട്ടയാടുകയാണ്. യഥാര്‍ഥത്തില്‍, വിദ്യാഭ്യാസ വായ്പക്കു രക്ഷിതാക്കള്‍ ജാമ്യക്കാരല്ല. വിദ്യാര്‍ഥി മാത്രമാണ് വായ്പ തിരിച്ചടക്കാന്‍ ബാധ്യസ്ഥനായിട്ടുള്ളത്. എന്നാല്‍, ഇല്ലാത്ത ജാമ്യത്തിന്റെ പേരിലാണ് സ്വന്തം കിടപ്പാടവും കുടുംബവും തന്നെ വഴിയാധാരമാകുമെന്ന സ്ഥിതി വന്നു ചേര്‍ന്നിരിക്കുന്നത്. നഴ്‌സിംഗ്, എന്‍ജിനീയറിംഗ് പോലെയുള്ള കോഴ്‌സുകളില്‍ വന്‍തുക ഫീസ് കെട്ടിവെച്ച് ചേരാന്‍ നിര്‍ബന്ധിതരായവര്‍ കോഴ്‌സ് കഴിഞ്ഞ് തൊഴില്‍ തേടി അലയുന്ന കാഴ്ച കണ്ണില്‍ തറക്കേണ്ടതാണ്. അവരില്‍ മഹാഭൂരിപക്ഷവും വായ്പാ തുകയോ ബാങ്കുകള്‍ അടിച്ചേല്‍പ്പിക്കുന്ന അന്യായമായ പലിശയോ തിരിച്ചടക്കാനുള്ള പ്രാപ്തി കൈവന്നിട്ടില്ലാത്തവരാണ്. പക്ഷേ, അവര്‍ നിര്‍ദയം വേട്ടയാടപ്പെടുന്നു.
കോഴ്‌സ് പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിദ്യാഭ്യാസ വായ്പയും അതിന്റെ പലിശയും തിരിച്ചടയ്ക്കണമെന്നാണ് വ്യവസ്ഥ. അതിന് മുമ്പ് ജോലി ലഭിച്ചാല്‍ ആറു മാസത്തിനുള്ളില്‍ തന്നെ തിരിച്ചടവ് തുടങ്ങണം. നഴ്‌സിംഗ് മേഖലയില്‍ നാലായിരം മുതല്‍ പന്ത്രണ്ടായിരം രൂപ വരെയാണ് സ്വകാര്യ ആശുപത്രികള്‍ നല്‍കുന്ന ശമ്പളം. എന്‍ജിനീയറിംഗ് പാസാകുന്നവരില്‍ കൂടുതലും കരാര്‍ തൊഴിലുകളില്‍ ദിവസക്കൂലിക്കു പോകുന്നവരാണ്. അവരുടെ നിത്യനിദാന ചെലവുകള്‍ക്കുപോലും കിട്ടുന്ന തുച്ഛമായ തുക മതിയാവില്ല. അപ്പോള്‍ പിന്നെ എങ്ങനെയാണ് വിദ്യാഭ്യാസ വായ്പയുടെ പേരില്‍ 12 മുതല്‍ 16 ശതമാനം വരെ പലിശ ഈടാക്കുന്ന ബേങ്കുകളുടെ കഴുത്തറുപ്പന്‍ പരിപാടികള്‍ക്കു ഇരകളാകാന്‍ കഴിയുക?

മറ്റ് വായ്പകളില്‍ നിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസ വായ്പയുടെ കാര്യത്തില്‍ നിരവധി പരിരക്ഷകളുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അതൊന്നും പരിഗണിക്കാന്‍ പൊതു മേഖലാ ബേങ്കായ എസ് ബി ടി ഉള്‍പ്പെടെയുള്ളവര്‍ തയ്യാറാകാതെ വന്നപ്പോഴാണ്, കേരളത്തില്‍ ആത്മഹത്യകളുടെ എണ്ണം 28 ആയത്. ഏറ്റവും ഒടുവില്‍ നവംബര്‍ 6-ാം തിയതി ബി ടെക് ബിരുദധാരി അനില കൊല്ലം പട്ടത്താനത്ത് ആത്മഹത്യ ചെയ്തു. ഭര്‍ത്തൃവീട്ടുകാര്‍, ഭര്‍ത്താവ് ഉള്‍പ്പെടെയുള്ളവര്‍, മരണശേഷമാണ് വിദ്യാഭ്യാസ വായ്പയുടെ ബാധ്യതയെക്കുറിച്ച് അറിയുന്നത്. ബേങ്ക് മാനേജരുടെ ഭാഗത്ത് നിന്നുണ്ടായ നിരന്തരമായ ഭീഷണിയെ തുടര്‍ന്ന് ജീവനൊടുക്കുന്നുവെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.

മക്കളെ വിദ്യാഭ്യാസം ചെയ്യിക്കാന്‍ പരിശ്രമിച്ചതിന്റെ പേരില്‍ രക്ഷിതാക്കള്‍ വേട്ടയാടപ്പെടുമ്പോള്‍, കേന്ദ്ര – സംസ്ഥാന ഭരണാധികാരികള്‍ മൂകസാക്ഷികളായി നില്‍ക്കുന്നു. ആത്മഹത്യകള്‍ സംഭവിക്കുമ്പോള്‍ നടത്തുന്ന ആശ്വാസ പ്രസ്താവനകള്‍ക്കപ്പുറം ഒരു നടപടിയുമുണ്ടാകുന്നില്ല. രണ്ട് വര്‍ഷം മുമ്പ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച പലിശയിളവ് പോലും ഇതുവരെ എല്ലാവര്‍ക്കും ലഭ്യമായിട്ടില്ല. അതെല്ലാം ബേങ്കുകള്‍ പാവപ്പെട്ട വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും മറച്ചു വെക്കുന്നു. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വിദ്യാഭ്യാസ വായ്പയുടെ ബാധ്യത തീര്‍ക്കാന്‍ 1000 കോടി രൂപ വകയിരുത്തുമെന്ന് മന്ത്രി എ കെ ബാലന്‍ പ്രഖ്യാപിച്ചിരുന്നു. ആ പ്രഖ്യാപനവും പത്രത്താളുകളില്‍ സുഖനിദ്രയിലാണ്. മന്ത്രി തോമസ് ഐസക് ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ച നൂറ് കോടിയുടെ കാര്യവും തഥൈവ. രക്ഷിതാക്കളെ രക്ഷിക്കാന്‍ മന്ത്രി പ്രഖ്യാപനങ്ങള്‍ക്കാവില്ലല്ലോ, നടപടികളാണാവശ്യം.
വിദ്യാഭ്യാസം നേടണമെങ്കില്‍ ബേങ്ക് വായ്പയെ ആശ്രയിക്കാതെ രക്ഷയില്ലായെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ വന്നെത്തിയിരിക്കുകയാണ്. നഴ്‌സിംഗ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ കോളജില്‍ ഇരുപതിനായിരം രൂപ മതിയെന്നിരിക്കെ, സ്വാശ്രയകോളജുകളില്‍ നാലു ലക്ഷം രൂപയാണ് ഫീസ്. ബേങ്കും സ്വാശ്രയ മാനേജ്‌മെന്റും ഇടനിലക്കാരും ചേര്‍ന്നാണ് ഭീമമായ തുക മാനേജ്‌മെന്റ് ട്രഷറിയില്‍ എത്തിക്കാന്‍ വല വീശുന്നത്. വായ്പാധിഷ്ഠിത വിദ്യാഭ്യാസമെന്ന വിനാശകരമായ നയം പിന്തുടരുന്ന സര്‍ക്കാറുകള്‍ ഈ കൊള്ളയടിക്കു ഒത്താശ ചെയ്തു കൊടുക്കുന്നു. വായ്പാ തുക നേരിട്ട് ഡിമാന്‍ഡ് ഡ്രാഫ്റ്റായി മാനേജര്‍ക്ക് ലഭിക്കുന്നതോടെ മറ്റെല്ലാവരും പിന്മാറുന്നു; ബാധ്യത വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും തലയിലാവുന്നു. പിന്നെ അവര്‍ക്ക് നേരിടേണ്ടി വരുന്നത് ബേങ്കിന്റെ ജീവനക്കാരെയോ സ്വകാര്യ കമ്പനിയുടെ ഗുണ്ടകളെയോയാണ്.

കേരളത്തില്‍ എസ് ബി ടി ജനങ്ങളില്‍ നിന്ന് ബലം പ്രയോഗിച്ച് പണം പിരിക്കുന്ന തീക്കളിക്ക് സ്വകാര്യ മാഫിയ സംഘടനയെ ചുമതലപ്പെടുത്തിയത് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ്. റിലയന്‍സ് അസറ്റ് റീ-കണ്‍സ്ട്രക്ഷന്‍ മുകേഷ് അംബാനിയുടെ തന്നെ കമ്പനിയാണ്. മുകേഷ് അംബാനി പൊതുമേഖലാ ബേങ്കുകളില്‍ നിന്ന് എടുത്ത 16,010 കോടിരൂപയുടെ വായ്പ ഇനിയും തിരിച്ചടച്ചിട്ടില്ല. കോര്‍പ്പറേറ്റ് അധിപന്മാരായ വിജയ് മല്യയും 9000 കോടി രൂപയുമായി കടന്നുകളഞ്ഞിട്ടും അതൊന്നും തിരിച്ചു പിടിക്കാന്‍ ആത്മാര്‍ഥമായ ഒരു നടപടിയും സ്വീകരിച്ചു കാണുന്നില്ല. ആദിത്യ ബിര്‍ള ഉള്‍പ്പെടെയുള്ളവര്‍ എടുത്ത 23,100 കോടി രൂപയുടെ ബാധ്യത എഴുതിത്തള്ളിയതിന്റെ കണക്കുകള്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം തന്നെയാണ് പുറത്തുവിട്ടത്. വിദേശ കമ്പനികള്‍ 2015- ഏപ്രില്‍ ഒന്നിന് മുമ്പ് നല്‍കാനുള്ള 40,000 കോടി രൂപയുടെ നികുതി ബാധ്യത കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളിയതിന്റെ കണക്കുകളും ഏറ്റവുമൊടുവില്‍ പൊതുമേഖല ബേങ്കുകളുടെ 7016 കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളിയതിന്റെ വിവരങ്ങളും പുറത്തുവന്നിരിക്കുന്നു. കോര്‍പ്പറേറ്റുകളുടെ കോടികള്‍ എഴുതിത്തള്ളാന്‍ മടിയില്ലാത്ത സര്‍ക്കാറിന് സാധാരണ ജനങ്ങള്‍ മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടി എടുക്കുന്ന ചെറിയ തുക എഴുതിതള്ളാന്‍ എന്തുകൊണ്ട് കഴിയുന്നില്ല? യഥാര്‍ഥത്തില്‍ ശതകോടീശ്വരന്മാരുടെ കുടിശ്ശിക തുക പിടിച്ചെടുക്കുകയും സാധാരണ ജനങ്ങള്‍ക്ക് ഇളവുകള്‍ അനുവദിക്കുകയുമല്ലേ ഒരു ജനാനുകൂല സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്?
വിദ്യാഭ്യാസ ചുമതലയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുകയും എല്ലാം സ്വാശ്രയ വിപണിയുടെ നിയന്ത്രണങ്ങള്‍ക്ക് വിടുകയും ചെയ്തതിന്റെ ഫലമായിട്ടാണ് ഈ പ്രതിസന്ധികള്‍ യഥാര്‍ഥത്തില്‍ സാധാരണ ജനങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുള്ളത്. അല്ലെങ്കില്‍ ഇത്തരമൊരു കടക്കെണി ജനങ്ങളെ വേട്ടയാടുന്ന ഒരു സാഹചര്യം സംജാതമാകുമായിരുന്നില്ല. നമ്മുടെ ഭരണഘടനയില്‍ വാഗ്ദാനം നല്‍കുന്നതുപോലെ ഉന്നത വിദ്യാഭ്യാസം വരെയുള്ള ചുമതല ജനാധിപത്യപരമായി നിര്‍വഹിക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാവണം. മുന്‍ഗണനയനുസരിച്ച് പൊതു ഖജനാവിലെ തുക ആദ്യം ചെലവിടേണ്ടത് ജനങ്ങളുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയായിരിക്കണം. വികസനത്തിന്റെ മറവില്‍ വന്‍കിട പദ്ധതികള്‍ക്കു വേണ്ടി പൊതു ഖജനാവ് ധൂര്‍ത്തടിക്കുന്ന ജനദ്രോഹപരമായ സാമ്പത്തിക നയമാണ് തിരുത്തിയെഴുതേണ്ടത്. വിദ്യാഭ്യാസ വായ്പയുടെ പേരില്‍ സ്വന്തം കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ കേരളത്തിലെ ഒരു കുടുംബത്തിനും വരാന്‍ അവസരമൊരുക്കരുത്. ഇനിയൊരു ആത്മഹത്യ ഇതിന്റെ പേരില്‍ ഉണ്ടാകാതെ കാക്കാനുള്ള ചുമതല കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ക്കുണ്ട്. വിദ്യാഭ്യാസ വായ്പയുടെ ബാധ്യത പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ടു മാത്രമേ ഇന്നത്തെ പ്രതിസന്ധിക്കു പരിഹാരം കാണാനാകൂയെന്ന് ഇന്ത്യന്‍ നഴ്‌സസ് പേരന്റ്‌സ് അസോസിയേഷന്‍ (ഐ എന്‍ പി എ) നേതാക്കള്‍ പറയുന്നു. അതിനായി നിരന്തരം ജനകീയ സമ്മര്‍ദം വളര്‍ത്തിയെടുക്കാന്‍ സംഘടന ശ്രമിക്കുന്നുണ്ട്.

പ്രശ്‌നം ഏതെങ്കിലുമൊരു ബേങ്കോ ബേങ്കു മാനേജരോ അല്ല. പാവങ്ങള്‍ക്ക് വിദ്യാഭ്യാസാവകാശങ്ങള്‍ നിഷേധിച്ചുകൊണ്ട്, പ്രൊഫഷനല്‍ വിദ്യാഭ്യാസ മേഖല പൂര്‍ണമായും സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടക്കാരുടെ കാല്‍ക്കീഴിലേക്കു നയിച്ച വിദ്യാഭ്യാസ നയമാണ് പ്രശ്‌നം. മക്കളുടെ വിദ്യാഭ്യാസം രക്ഷിതാക്കള്‍ക്ക് മരണകുരുക്കൊരുക്കുന്ന ഇന്നത്തെ അവസ്ഥക്കു ദീര്‍ഘകാല പരിഹാരം കാണാനുള്ള നയപരമായ തീരുമാനമാണ് വേണ്ടത്. നമ്മുടെ ഭരണഘടന ഉദ്‌ഘോഷിക്കുന്നതുപോലെ വിദ്യാഭ്യാസം പൗരന്റെ ജനാധിപത്യാവകാശമായിരിക്കണം. വിപണിയുടെ കഴുകന്‍ കണ്ണുകളില്‍ നിന്ന് വിദ്യാഭ്യാസത്തിന്റെ ഉദാത്ത മൂല്യങ്ങളെ രക്ഷിക്കാനുള്ള നയം നടപ്പാക്കപ്പെട്ടേ തീരൂ, ആഗോളീകരണത്തിന്റെ ഭീകരതയെക്കുറിച്ചുള്ള കപടമായ പ്രഭാഷണങ്ങള്‍ മാത്രം പോരാ.

 

Latest