അന്തമില്ലാതെ തമിഴ്‌നാടകം

Posted on: February 10, 2017 11:31 pm | Last updated: February 11, 2017 at 11:35 am

ചെന്നൈ/ ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ അധികാരത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിക്ക് അയവില്ല. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണെന്നിരിക്കെ തീരുമാനം നീണ്ടു പോകുന്നത് പ്രതിസന്ധിയുടെ ആഴമേറ്റുകയാണ്. ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ ഗവര്‍ണര്‍ വിളിച്ചുവരുത്തി. ഡി ജി പി, ചെന്നൈ പോലീസ് കമ്മീഷണര്‍ എന്നിവരും സ്ഥിതിഗതികള്‍ ഗവര്‍ണറെ അറിയിച്ചു. കേന്ദ്രത്തിന് പുതിയ റിപ്പോര്‍ട്ട് ഗവര്‍ണര്‍ സമര്‍പ്പിച്ചു.

തത്സ്ഥിതി തുടരട്ടെയെന്നാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് അറിയുന്നു. ഇത് ശശികല വിഭാഗത്തിന് തിരിച്ചടിയാണ്. എന്നാല്‍ ഈ മാധ്യമവാര്‍ത്തകള്‍ രാജ്ഭവന്‍ നിഷേധിച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ ഇരു വിഭാഗവും കഴിഞ്ഞ ദിവസം ഗവര്‍ണറെ കണ്ടിരുന്നു. 130 എം എല്‍ എമാരുടെ പിന്തുണയുണ്ടെന്നാണ് ശശികലയുടെ അവകാശവാദം. പാര്‍ട്ടിയെ ആരുടെയും കാല്‍ക്കീഴിലാക്കാന്‍ അനുവദിക്കില്ലെന്ന് ഇടക്കാല മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം പറഞ്ഞു. ഡി എം കെ നേതാവ് എം കെ സ്റ്റാലിനും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഭരണപ്രതിസന്ധി തുടരുകയാണെന്നും അടിയന്തരമായി ഇടപെടണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. പനീര്‍ശെല്‍വത്തെ പിന്തുണച്ച് സംസാരിക്കാനും സ്റ്റാലിന്‍ തയ്യാറായി. ശെല്‍വം കഴിവുറ്റ ഭരണാധികാരിയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.

എം എല്‍ എമാര്‍ക്ക് ‘സുഖവാസം’

എം എല്‍ എമാരെ രണ്ട് റിസോര്‍ട്ടുകളിലായി താമസിപ്പിച്ചിരിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കൂവത്തൂര്‍, പൂന്താണ്ടലം എന്നിവിടങ്ങളിലായുള്ള രണ്ട് റിസോര്‍ട്ടുകളിലായാണ് എം എല്‍ എമാരുള്ളത്. മൊബൈല്‍ ഫോണ്‍, ടി വി ഉള്‍പ്പെടെയുള്ള വാര്‍ത്താവിനിമയ ബന്ധങ്ങള്‍ ഇവിടെ വിച്ഛേദിച്ചിരിക്കുകയാണ്. ശശികലയുമായി ബന്ധമുള്ള അഞ്ച് എം എല്‍ എമാര്‍ മാധ്യമ പ്രവര്‍ത്തകരെ കണ്ടു. തങ്ങള്‍ ബന്ദികളല്ലെന്നും സ്വതന്ത്രരാണെന്നും അവര്‍ പറഞ്ഞു.
പുറത്ത് അകത്ത്

പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന നേതാവും പ്രസീഡിയം ചെയര്‍മാനുമായിരുന്ന ഇ മധുസൂദനനെ എ ഐ എ ഡി എം കെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. കെ എ സെങ്കോട്ടയ്യനെ പ്രസീഡിയം ചെയര്‍മാനായി നിയമിച്ചു. ശശികലയെ ജനറല്‍ സെക്രട്ടറിയായി അംഗീകരിക്കാനാകില്ലെന്നും പാര്‍ട്ടി ഭരണഘടന അനുസരിച്ചല്ല ശശികലയെ തിരഞ്ഞെടുത്തതെന്നും ചൂണ്ടിക്കാട്ടി മധുസൂദനന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. പനീര്‍ശെല്‍വം ക്യാമ്പിന് നേരിയ ആശ്വാസം നല്‍കിക്കൊണ്ട് മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ഇ പൊന്നുസ്വാമി പിന്തുണ പ്രഖ്യാപിച്ചു.

എം എല്‍ എമാര്‍ എവിടെ?

എ ഐ എ ഡി എം കെ. എം എല്‍ എമാരെ അനധികൃതമായി റിസോര്‍ട്ടില്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും അവരില്‍ ഇരുപത് പേര്‍ നിരാഹാരം നടത്തുകയുമാണെന്ന ആരോപണങ്ങളില്‍ മദ്രാസ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി. എം എല്‍ എമാരെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പോലീസിനോടും ഹൈക്കോടതി നിര്‍ദേശിച്ചു. എം എല്‍ എമാര്‍ ഹോസ്റ്റലില്‍ ഇല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഹരജി ഉടന്‍
പരിഗണിക്കില്ല

ശശികല മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി സുപ്രീം കോടതി പരിഗണിച്ചില്ല. ഹരജിയില്‍ ഉന്നയിച്ചിരിക്കുന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാത്തതിനാല്‍ ഹരജി അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതില്ലെന്ന് കണ്ടാണ് മാറ്റിവെക്കാന്‍ തീരുമാനിച്ചത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീം കോടതി വിധി പ്രസ്താവിക്കുന്നത് വരെ ശശികല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹരജി അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കാനാകില്ലെന്ന് അറിയിച്ചത്.
മുന്‍ മുഖ്യമന്ത്രി ജയലളിതയും സഹായിയായിരുന്ന വി കെ ശശികലയും ഉള്‍പ്പെട്ട അനധികൃത സ്വത്ത് സമ്പാദന കേസിലെ പ്രതികളെ വെറുതെ വിട്ട കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലിലാണ് സുപ്രീം കോടതി അന്തിമവിധി പ്രഖ്യാപിക്കാനുള്ളത്. ഈ കേസില്‍ ഓരാഴ്ചക്കകം വിധി പ്രഖ്യാപിക്കുമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം കര്‍ണാടകത്തെ അറിയിച്ചിരുന്നു.