Connect with us

Gulf

വീട്ടു വിസക്കാരുടെ ജോലി സമയവും അവധികളും നിയമം വ്യക്തമാക്കുന്നു

Published

|

Last Updated

ദോഹ: ജോലി സമയവും ആഴ്ചയിലും വര്‍ഷത്തിലുമുള്ള അവധിയുമുള്‍പ്പെടെ തൊഴില്‍ അവകാശങ്ങളും നിബന്ധനകളും വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ച വീട്ടുവിസക്കാരുടെ തൊഴില്‍ നിയമമെന്ന് അല്‍ ശര്‍ഖ് അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു.

വീട്ടുവേലക്കാരും വീട്ടുടമസ്ഥരും തമ്മിലെ ബന്ധത്തെ പ്രതിപാദിക്കുന്ന പുതിയ നിയമം വീട്ടുവേലക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതാണെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. വീട്ടുവേലക്കായി തൊഴിലാളികളെ റിക്രൂട്ട് ചെയ്യല്‍, കരാര്‍ സംവിധാനം, വീട്ടുവേലക്കാര്‍ക്കാവശ്യമായ താമസ സൗകര്യങ്ങള്‍ ലഭ്യമാക്കല്‍ എന്നിവയും വിശദീകരിക്കുന്നുണ്ട്. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ അംഗീകൃത റിക്രൂട്ട്‌മെന്റ് ഓഫിസുകള്‍ വഴി മാത്രമേ വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യാനാകൂ.

വീട്ടുവേലക്കാരനും വീട്ടുടമസ്ഥനും തമ്മിലെ തര്‍ക്കങ്ങള്‍ക്ക് സാധ്യതയില്ലാത്ത വിധമാണ് പുതിയ നിയമം തയ്യാറാക്കിയിരിക്കുന്നത്. വീട്ടുവേലക്കാരുടെ ശമ്പളം, വാര്‍ഷിക അവധി, യാത്രാ ടിക്കറ്റ് തുടങ്ങിയ കാര്യങ്ങളിലെ തര്‍ക്കങ്ങള്‍ക്ക് പുതിയ നിയമത്തിലൂടെ പരിഹാരമാകും. വീട്ടു വേലക്കാര്‍ക്ക് ആഴ്ചയില്‍ അവധി നല്‍കണം, ഒരു ദിവസത്തെ തൊഴില്‍ സമയം നിര്‍ണയിക്കണം, നിര്‍ണിത സമയത്തേക്കാള്‍ കൂടുതല്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ ഓവെൈര്‍ടം അടിസ്ഥാനത്തില്‍ വേതനം നല്‍കണം തുടങ്ങിയ കാര്യങ്ങള്‍ പുതിയ നിയമത്തില്‍ വ്യക്തമായി പരാമര്‍ശിക്കുന്നു.
തൊഴില്‍ അവസാനിച്ച് പിരിഞ്ഞു പോകുകയോ പിരിച്ചു വിടുകയോ ചെയ്യുമ്പോള്‍ മാന്യമായ നഷ്ടപരിഹാരത്തിനു വീട്ടുവേലക്കാര്‍ അര്‍ഹരായിരിക്കും. പുതിയ നിയമത്തിലുള്ള എല്ലാ നിബന്ധനകളും പൂര്‍ത്തീകരിക്കുമെന്ന ഉറപ്പ് ലഭിക്കാതെ വീട്ടുടമസ്ഥര്‍ക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ സാധിക്കുന്നതല്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. വീട്ടുവേലക്കാരികള്‍ (ഹൗസ് മെയിഡ്), ഡ്രൈവര്‍മാര്‍, തോട്ടം പരിപാലകര്‍ എന്നിങ്ങനെ വീട്ടുടമസ്ഥന്റെ സഹായിയായി കൂടെ താമസിക്കുന്നവരെയാണ് പുതിയ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.