Connect with us

National

പനീര്‍ശെല്‍വത്തെ പിന്തുണച്ച ഇ. മധുസൂദനനെ പുറത്താക്കി

Published

|

Last Updated

ചെന്നൈ: എഐഎഡിഎംകെ പ്രസീഡിയം ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഇ. മധുസൂദനനനെ പുറത്താക്കി. മധുസൂദനനെ പുറത്താക്കിയ വിവരം ശശികലയാണ് അറിയിച്ചത്. കെഎ ചെങ്കോട്ടയ്യനാണ് പുതിയ പ്രസീഡിയം ചെയര്‍മാന്‍. മധുസൂദനന്‍ ഇന്നലെ ഒ.പനീര്‍സെല്‍വത്തിന് പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം തന്നെ നീക്കം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്ന് മധുസൂദനന്‍ പറഞ്ഞു. ശശികല താല്‍ക്കാലിക ജനറല്‍ സെക്രട്ടറി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അണ്ണാഡിഎംകെയിലെ രണ്ടാമനായ ഇ മധുസൂദനനെ മുന്നില്‍നിര്‍ത്തി ശശികലയ്‌ക്കെതിരെ ഒ പനീര്‍ശെല്‍വം പടയൊരുക്കം തുടങ്ങിയതിന്റെ തൊട്ടുപുറകെയാണ് പുറത്താക്കല്‍ നടപടി. ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കിയത് ചട്ടങ്ങള്‍ ലംഘിച്ചല്ലെന്ന് ചൂണ്ടിക്കാട്ടി മധുസൂദനന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. താല്‍ക്കാലിക സെക്രട്ടറി സ്ഥാനം പാര്‍ട്ടി ഭരണഘടനയിലില്ല. ശശികലയെ തെരഞ്ഞെടുത്തതും ജനറല്‍ സെക്രട്ടറിയാക്കിയുള്ള പാര്‍ട്ടി പ്രമേയം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്.

വ്യാഴാഴ്ച്ചയാണ് മധുസൂദനന്‍ ഒപിഎസ്സിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. അമ്മ അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറിയാക്കാന്‍ ആഗ്രഹിച്ചിരുന്നത് മധുസൂദനനെ ആയിരുന്നുവെന്ന് നേരത്തെ പനീര്‍െസല്‍വം പറഞ്ഞിരുന്നു. ഡിസംബറില്‍ ചേര്‍ന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സിലാണ് ഇടക്കാല ജനറല്‍ സെക്രട്ടറിയായി ശശികലയെ തെരഞ്ഞെടുത്തിരുന്നത്. പാര്‍ട്ടി ഭരണഘടനാ പ്രകാരം അഞ്ച് വര്‍ഷം തുടര്‍ച്ചയായി പാര്‍ട്ടി അംഗമായിരുന്നാല്‍ മാത്രമേ ജനറല്‍ സെക്രട്ടറിയാകാന്‍ കഴിയൂ. 2012ലാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ശശികലയെ ജയലളിത തിരിച്ചെടുത്തിരുന്നത്. അതിനാല്‍ 2017 ഏപ്രിലില്‍ മാത്രമേ ശശികലയ്ക്ക് ജനറല്‍ സെക്രട്ടറി സ്ഥാനം പൂര്‍ണാര്‍ത്ഥത്തില്‍ ഏറ്റെടുക്കാന്‍ കഴിയൂ. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി അവരെ ഇടക്കാല ജനറല്‍ സെക്രട്ടറിയാക്കിയത്. ജയലളിതയുടെ ആത്മാവ് ശശികലയിലൂടെ പാര്‍ട്ടിയെ നയിക്കുമെന്നും പ്രമേയത്തില്‍ പറഞ്ഞിരുന്നു.

അതേസമയം എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന റിസോര്‍ട്ട് കള്ളപ്പണക്കേസില്‍ അറസ്റ്റിലായ വ്യവസായി ശേഖര്‍റെഡ്ഡിയുടേതാണെന്ന് സൂചനയുണ്ട്. മഹാബലിപുരത്തെ ഒരു റിസോര്‍ട്ടിലാണ് എഐഎഡിഎംകെയുടെ നൂറോളം എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്നത്.

Latest