കുത്തഴിഞ്ഞ ജീവിതമായിരുന്നു എന്റേത്, മക്കളെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല: എരഞ്ഞോളി മൂസ

Posted on: February 10, 2017 8:20 pm | Last updated: February 10, 2017 at 8:07 pm

ദുബൈ: കുത്തഴിഞ്ഞ ജീവിതമായിരുന്നു എന്റേത്. മക്കളെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. എല്ലാത്തിനും പ്രായശ്ചിത്തം ചെയ്യണം, മാപ്പിളപ്പാട്ട് രംഗത്തെ കുലപതിയായ ഗായകന്‍ മൂസ എരഞ്ഞോളിയുടേതാണ് വാക്കുകള്‍. ദുബൈയില്‍ പ്രവാസ ലോകം നല്‍കുന്ന ആദരവ് ഏറ്റുവാങ്ങാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

ഇന്നെനിക്ക് 76 വയസായി. കഴിഞ്ഞ 35 വര്‍ഷം മാത്രമാണ് ഞാന്‍ നല്ല മനുഷ്യനായി ജീവിച്ചത്. അതിനു മുമ്പ് കുത്തഴിഞ്ഞ ജീവിതമായിരുന്നു. എന്റെ ആത്മകഥയായ ഗ്രാമഫോണില്‍ ഞാനതെല്ലാം തുറന്നുപറഞ്ഞിട്ടുണ്ട്. അത് തന്നെ ഇവിടെയും ആവര്‍ത്തിക്കാന്‍ യാതൊരു മടിയുമില്ല. വിവരക്കേടുകള്‍ കൊണ്ട് ജീവിതത്തിന്റെ ആദ്യ കാലത്ത് ഏറെ അരുതായ്മകള്‍ ചെയ്തു. സ്വന്തം ഭാര്യയെയും മക്കളെയും ഏറെ കാലം പട്ടിണിക്ക് പോലുമിട്ടു. അവരെ നന്നായി നോക്കാന്‍ പറ്റാത്തതില്‍ ഇന്നേറെ ഖേദമുണ്ട്. പിന്നീട് അവരെ നല്ല നിലയിലെത്തിച്ചെങ്കിലും അന്ന് ചെയ്തുകൊടുക്കാന്‍ സാധിക്കാത്തതെല്ലാം അടുത്ത ജന്മത്തില്‍ ചെയ്തുകൊടുക്കണമെന്നാണ് ആഗ്രഹം.

ദാരിദ്ര്യത്താല്‍ ചെറുപ്പകാലത്ത് വീട്ടുപറമ്പിലെ ചീരയും ചേമ്പും ചക്കയും വാഴപ്പിണ്ടിയുമൊക്കെ ഭക്ഷിച്ചതാണ് ഈ പ്രായത്തിലും എന്റെ ആരോഗ്യത്തിന്റെ രഹസ്യം. മാപ്പിളപ്പാട്ടാണ് എന്നെ രക്ഷപ്പെടുത്തിയത്. അല്ലെങ്കില്‍ ഈ പ്രായത്തിലും നാട്ടില്‍ കൂലിപ്പണിക്കാരനായി കഴിയേണ്ടി വന്നേനെ. പ്രവാസികളാണ് എനിക്ക് ഏറെ പ്രോത്സാഹനങ്ങള്‍ നല്‍കിയിട്ടുള്ളത്. യു എ ഇയിലേക്ക് ഇത് 158-ാമത്തെ വരവാണ്. ഇതിനകം എണ്ണമില്ലാത്തത്ര വേദികളില്‍ പാടി. എന്നാല്‍ അന്നും ഇന്നും ശ്രോതാക്കള്‍ ആവശ്യപ്പെടുന്നത് 1972ല്‍ ആദ്യമായി പാടിയ മിഹ്‌റാജിലെ കാറ്റ് അടക്കമുള്ള തനിമയാര്‍ന്ന ഗാനങ്ങളാണ്. പുതിയ പാട്ടുകള്‍ പാടാന്‍ ഇതുമൂലം അവസരം ലഭിക്കാറില്ല. അതിനാല്‍ അവയൊക്കെ സി ഡികളില്‍ ഒതുങ്ങിപ്പോകുന്നു.

മാപ്പിളപ്പാട്ട് രംഗത്തെ നാല് തലമുറകളോടൊപ്പം പാടാന്‍ ഭാഗ്യമുണ്ടായ ഗായകനാണ് ഞാന്‍. അതില്‍ ആദ്യത്തെ തലമുറക്കാരെല്ലാം വിടപറഞ്ഞു. എന്നാല്‍, പുതിയ തലമുറ മാപ്പിളപ്പാട്ടിനെ ഗൗരവമായി കാണുന്നില്ല. പാട്ടുപാടുക മാത്രമല്ല, രചനയും സംഗീതവും അവര്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. അറിയാത്ത കാര്യങ്ങള്‍ ചെയ്താല്‍ ഒരിക്കലും അതിന് നിലവാരമുണ്ടാകില്ല. വരിക്കൊത്ത സംഗീതമായിരുന്നു പഴയ കാലത്ത്. ഇന്ന് നിയെന്റേതല്ലേ, ഞാന്‍ നിന്റേതല്ലേ എന്നൊക്കെ പാടിയാല്‍ അതിന് എന്തു സംഗീതമാണ് നല്‍കുക? റിയാലിറ്റി ഷോയിലൂടെ പാടിത്തുടങ്ങുന്ന കുട്ടികളെ അത് കഴിയുന്നതോടെ ജനം മറക്കുന്ന കാഴ്ചയാണിന്ന്. പത്രങ്ങളും ആകാശവാണിയുമാണ് ആദ്യ കാലത്ത് എനിക്ക് ഏറെ പ്രോത്സാഹനം തന്നത്. പിന്നീട് ചാനലുകള്‍ എന്നെ നന്നായി ഉപയോഗിച്ചു. മാപ്പിളപ്പാട്ടിന് സമയം കിട്ടില്ല എന്നതുകൊണ്ടാണ് സിനിമാ രംഗത്ത് നിന്ന് വിട്ടുനില്‍ക്കുന്നതെന്നും മൂസ എരഞ്ഞോളി പറഞ്ഞു.