പ്രകാശോത്സവം; പ്രദര്‍ശനങ്ങള്‍ അവസാന ഘട്ടത്തിലേക്ക്

Posted on: February 10, 2017 7:52 pm | Last updated: February 10, 2017 at 7:52 pm

ഷാര്‍ജ: വര്‍ണരാജികള്‍ വാരി വിതറി ഷാര്‍ജ പ്രകാശോത്സവം അവസാന ദിവസങ്ങളിലേക്ക്. ഷാര്‍ജയുടെ പ്രധാന കേന്ദ്രങ്ങള്‍ വര്‍ണശോഭയില്‍ കുളിച്ചത് വീക്ഷിക്കാന്‍ ആയിരങ്ങളെത്തിയിരുന്നു.

ഈ മാസം രണ്ടിനാണ് മനം മയക്കുന്ന സംഗീതത്തിന്റെ അകമ്പടിയോടെ ത്രിമാന ചിത്രീകരണ കലയുടെ ആസ്വാദനശൈലിസമന്വയിപ്പിച്ചു കൊണ്ട് പ്രകാശോത്സവം ആരംഭിച്ചത്. ത്രിമാനചിത്രീകരണങ്ങള്‍ക്ക് മികവ് പകരുന്ന പ്രത്യേക തരം ഗ്ലാസിലാണ് പ്രദര്‍ശനങ്ങള്‍ നടക്കുന്നത്. സന്ദര്‍ശകര്‍ക്ക് തങ്ങളുടെ ചുറ്റുപാടുകളെ ഒരു വേള മറക്കും വിധമാണ് പ്രദര്‍ശനങ്ങളുടെ അവതരണ രീതി സംഘാടകര്‍ ക്രമീകരിച്ചിട്ടുള്ളത്. ഇസ്‌ലാമിക ചിത്ര കലയില്‍ മികച്ച രൂപകല്‍പനയില്‍ ഒരുക്കിയ പ്രദര്‍ശനങ്ങള്‍ പൗരാണികതയുടെ നേര്‍സാക്ഷ്യങ്ങള്‍ ഒരുക്കുന്നുണ്ട്. പൗരാണിക യു എ ഇയുടെ മണല്‍ ഭൂപ്രദേശങ്ങളിലെ സാംസ്‌കാരികതയും പ്രദര്‍ശനങ്ങളില്‍ ഭാഗമാകുന്നുണ്ട്. വൈകീട്ട് 6.30ന് ആരംഭിക്കുന്ന പ്രദര്‍ശനങ്ങള്‍ രാത്രി 11 വരെ നീണ്ടു നില്‍ക്കും. വാരാന്ത്യങ്ങളില്‍ അര്‍ധ രാത്രി വരെ പ്രദര്‍ശനങ്ങളുണ്ടാകും. ബുഹൈറ കോര്‍ണിഷ്, അല്‍ മജാസ് വാട്ടര്‍ഫ്രണ്ട്, യൂണിവേഴ്‌സിറ്റി ഹാള്‍, കള്‍ചറല്‍ പാലസ്, അല്‍ നൂര്‍ മസ്ജിദ്, അല്‍ തഖ്‌വാ മസ്ജിദ്, അല്‍ ഖസ്ബ, കല്‍ബ യൂണിവേഴ്‌സിറ്റി, ഖോര്‍ഫുകാന്‍ യൂണിവേഴ്‌സിറ്റി, ദിബ്ബ മസ്ജിദ്, അല്‍ ദൈദ് മസ്ജിദ് എന്നിവിടങ്ങളിലാണ് പ്രകാശോത്സവം നടക്കുന്നത്. ഈ മാസം 11 വരെ നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനങ്ങളില്‍ പൊതു ജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.