എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

Posted on: February 10, 2017 6:58 pm | Last updated: February 11, 2017 at 10:36 am

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ ഗുണ്ടകള്‍ സദാചാര പോലീസ് ചമഞ്ഞു മൂന്നുപേരെ മര്‍ദ്ദിച്ചു എന്ന വാര്‍ത്ത ഒട്ടും അതിശയം സൃഷ്ടിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇവര്‍ ഉയര്‍ത്തുന്ന സ്വാതന്ത്ര്യം,ജനാധിപത്യം,സോഷ്യലിസം എന്ന മുദ്രാവാക്യം എത്രയോ നാളുകളായി ഈ കലാലയത്തില്‍ ചവിട്ടി മെതിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ ഗുണ്ടകള്‍ സദാചാര പോലീസ് ചമഞ്ഞു മൂന്നുപേരെ മര്‍ദ്ദിച്ചു എന്ന വാര്‍ത്ത ഒട്ടും അതിശയം സൃഷ്ടിക്കുന്നില്ല. ഇവര്‍ ഉയര്‍ത്തുന്ന സ്വാതന്ത്ര്യം,ജനാധിപത്യം,സോഷ്യലിസം എന്ന മുദ്രാവാക്യം എത്രയോ നാളുകളായി ഈ കലാലയത്തില്‍ ചവിട്ടി മെതിക്കുന്നു! വേട്ടക്കാരനും ഇരയ്ക്കും ഒപ്പം ഓടാന്‍ അറിയാവുന്ന സംഘടനയാണ് എസ്.എഫ്.ഐ. ട്രാന്‍സ്‌ജെന്‍ഡര്‍ മെമ്പര്‍ ഷിപ് ഒരു ഭാഗത്ത് ഏര്‍പ്പെടുത്തുമ്പോള്‍ മറുഭാഗത്ത് സദാചാര പോലീസ് കളിക്കുന്നു. രണ്ടു റോളുകളും ഭംഗിയായി അവര്‍ ആടുന്നു. മറ്റു വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനം പോയിട്ട് തെരെഞ്ഞെടുപ്പില്‍ നോമിനേഷന്‍ സമര്‍പ്പിക്കാന്‍ പോലും എസ്.എഫ്.ഐ ഹിറ്റ്‌ലര്‍മാര്‍ അനുവദിക്കാറില്ല. രാജ്യത്തെ അസഹിഷ്ണുതയെ പറ്റി വാചാലമാകുകയും സ്വന്തം കലാലയത്തില്‍ സഹപാഠികളെ തല്ലിച്ചതയ്ക്കുകയും അവരുടെ മേല്‍ ചാപ്പ കുത്തുകയും ചെയ്യുന്ന നയമാണ് ഇവര്‍ സ്വീകരിച്ചിരിക്കുന്നത്.സ്വാശ്രയ കോളേജുകളുടെ ഇടിമുറികള്‍ക്കെതിരേ സമരം ചെയ്യുകയും ഒരു സര്‍ക്കാര്‍ കോളേജ് കാമ്പസ് മൊത്തം ഇടിമുറിയാക്കുകയും ചെയ്യുന്ന രീതി എസ് എഫ് ഐ അവസാനിപ്പിക്കണം.
ജിജേഷ് , അഷ്മിത , സൂര്യ ഗായത്രി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. 13 എസ് എഫ് ഐ ക്കാര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മര്‍ദനമേറ്റ മൂന്നുപേരും നിയമവഴിയില്‍ മുന്നോട്ട് പോകുന്നു. വനിതാ കമ്മീഷനിലും മനുഷ്യാവകാശ കമ്മീഷനിലും ഇവര്‍ പരാതി നല്‍കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നു.