കുടിയേറ്റ വിലക്ക്: ട്രംപിന്റെ ഹര്‍ജി യുഎസ് അപ്പീല്‍ കോടതി തള്ളി

Posted on: February 10, 2017 8:50 am | Last updated: February 10, 2017 at 1:54 pm

സാന്‍ഫ്രാന്‍സിസ്‌കോ: ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. വിലക്ക് ഏര്‍പ്പെടുത്തിയ ഉത്തരവ് പുന:സ്ഥാപിക്കണമെന്ന ട്രംപ് ഭരണകൂടത്തിന്റെ ഹര്‍ജി യുഎസ് അപ്പീല്‍ കോടതി തള്ളി.

യാത്രാ വിലക്ക് ജനങ്ങള്‍ക്ക് പ്രയാസം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി കീഴ്‌കോടതി സര്‍ക്കാര്‍ ഉത്തരവ് നേരത്തെ റദ്ദാക്കിയിരുന്നു. ഇതിനെതിരെ ട്രംപ് ഭരണകൂടം സാന്‍ഫ്രാന്‍സിസ്‌കോ അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, ഹര്‍ജി പരിഗണിച്ച അപ്പീല്‍ കോടതി കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കാതെ എതിര്‍കക്ഷിയുടെ വാദം കേള്‍ക്കുകയായിരുന്നു.

ഇറാഖ്, ഇറാന്‍, സുഡാന്‍, സിറിയ, ലിബിയ, സോമാലിയ, യമന്‍ എന്നീ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് യുഎസ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ഒപ്പം സിറിയന്‍ അഭയാര്‍ഥികളെയും രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞു. വിലക്കിനെതിരെ ലോകവ്യാപകമായി വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.