പീഡിപ്പിച്ചെന്ന പരാതി ഒത്തുതീര്‍ത്തെന്ന കാരണത്താല്‍ കേസ് റദ്ദാക്കാനാകില്ല: ഹൈക്കോടതി

Posted on: February 10, 2017 7:46 am | Last updated: February 9, 2017 at 11:47 pm

കൊച്ചി: അഞ്ചാം ക്ലാസുകാരനെ ഹോസ്റ്റല്‍ വാര്‍ഡന്‍ പീഡിപ്പിച്ചെന്ന പരാതി ഒത്തുതീര്‍ന്നെന്ന കാരണത്താല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കാന്‍ പ്രതിയായ തൃശൂരിലെ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ വാസുപ്രദാനന്ദ നല്‍കിയ ഹരജി തള്ളിയാണ് സിംഗിള്‍ ബഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. കോട്ടയം സ്വദേശിയായ അഞ്ചാം ക്ലാസുകാരനെ പീഡിപ്പിച്ചെന്ന പരാതിയില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമപ്രകാരം വാര്‍ഡനെതിരെ പോലീസ് കേസെടുത്തിരുന്നു.
എന്നാല്‍ ഇതു വ്യാജ പരാതിയാണെന്നും ഹോസ്റ്റല്‍ വാര്‍ഡന്റെ അച്ചടക്ക നടപടികളില്‍ സഹികെട്ട സീനിയര്‍ വിദ്യാര്‍ഥികള്‍ കെട്ടിച്ചമച്ചതാണെന്നും ഹരജിയില്‍ പറയുന്നു. കൂടാതെ ആരോപണം ഉയര്‍ന്നപ്പോള്‍ കുട്ടിയുടെ രക്ഷിതാവുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിച്ചതാണെന്നും വ്യക്തമാക്കി. എന്നാല്‍ ആരോപണം ഗുരുതരമാണെന്നും എഴുതിത്തള്ളാവുന്ന കേസല്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ബോധിപ്പിച്ചു. തുടര്‍ന്നാണ് ഒത്തുതീര്‍പ്പിന്റെ പേരില്‍ സമൂഹത്തില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്ന കുറ്റകൃത്യം എഴുതിത്തള്ളാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ഹരജി ഹൈക്കോടതി തള്ളിയത്.

2014ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കാന്‍ വിചാരണക്കോടതിക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്