ഭരണ മാറ്റത്തിനനുസരിച്ച് പാഠ്യപദ്ധതി പരിഷ്‌കരിക്കരുത്: ചെന്നിത്തല

Posted on: February 10, 2017 6:36 am | Last updated: February 9, 2017 at 11:37 pm

മലപ്പുറം: ഭരണകൂടങ്ങള്‍ മാറുന്നതിന് അനുസരിച്ച് പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നത് വിദ്യാര്‍ഥികള്‍ക്കും സമൂഹത്തിനും ഗുണകരമാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മലപ്പുറത്ത് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രഥമ സംസ്ഥാന സമ്മേളനത്തില്‍ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാഭ്യാസത്തെ രാഷ്ട്രീയ വത്കരിക്കാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്രത്തില്‍ ബി ജെ പി സര്‍ക്കാര്‍ ഇഷ്ടാനുസരണം മാറ്റങ്ങളുണ്ടാക്കുന്നു. ഇതിനെ കെ പി എസ് ടി ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പി ഹരിഗോവിനന്ദന്‍ അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ സമ്മേളനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥും വനിതാ സമ്മേളനം ഷാനിമോള്‍ ഉസ്മാനും ഉദ്ഘാടനം ചെയ്തു. കെ പി എസ് ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും പാപ്പിനിശ്ശേരി ഉപജില്ലയിലെ അരോളി ജി എച്ച് എസ് എസിലെ അധ്യാപകനുമായ പി വി രാധാകൃഷ്ണന്‍ കുഴഞ്ഞുവീണ് മരിച്ചതിനെ തുടര്‍ന്ന് അധ്യാപക പ്രകടം ഒഴിവാക്കി കറുത്ത ബാഡ്ജ് ധരിച്ച് മൗനജാഥ നടത്തി. തുടര്‍ന്ന് നടന്ന അനുശോചന സമ്മേളനം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ മൂന്നാം ദിവസമായ ഇന്ന് രാവിലെ 10ന് മലപ്പുറം ടൗണ്‍ഹാളില്‍ പ്രതിനിധി സമ്മേളനം നടക്കും. എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്യും. 11.30ന് സുഹൃദ് സമ്മേളനം, രണ്ട് മണിക്ക് സാംസ്‌കാരിക സമ്മേളനം, 7.30ന് സംസ്ഥാന കൗണ്‍സില്‍ എന്നിവ നടക്കും. നാളെ ഉച്ചക്ക് 12 മണിക്ക് നടക്കുന്ന സമാന സമ്മേളനം എ കെ ആന്റണി ഉദ്ഘാടനം ചെയ്യും.