വിതരണം മുടങ്ങിയിട്ട് നാല് മാസം: മുന്‍ഗണനേതരര്‍ക്ക് ഇനി റേഷന്‍ ഗോതമ്പില്ല

Posted on: February 10, 2017 8:25 am | Last updated: February 9, 2017 at 11:26 pm

കണ്ണൂര്‍: മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് റേഷന്‍ കടകളിലൂടെയുള്ള ഗോതമ്പ് വിതരണം പൂര്‍ണമായും നിര്‍ത്തലാക്കുന്നു. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ നവംബറില്‍ നിലച്ച ഗോതമ്പിന്റെ വിതരണം ദീര്‍ഘ കാലത്തേക്ക് മരവിപ്പിക്കാനാണ് തീരുമാനം. വരുന്ന മാര്‍ച്ച് മാസം വരെ അനുവദിക്കപ്പെട്ട കേന്ദ്ര വിഹിതത്തില്‍ മുന്‍ഗണനേതര(എ പി എല്‍)വിഭാഗക്കാര്‍ക്കുള്ള ഗോതമ്പ് ഒഴിവാക്കിയാണ് റേഷന്‍ വിഹിതം അനുവദിക്കപ്പെട്ടത്.

നിലവില്‍ സംസ്ഥാനത്തിന് പ്രതിമാസം 11,777 ടണ്‍ ഗോതമ്പാണ് അനുവദിച്ചിരുന്നത്. ഇതില്‍ മുന്‍ഗണനേതര വിഭാഗക്കാര്‍ക്കുള്ള 6,500 ടണ്‍ ഗോതമ്പ് ഇത്തവണ കുറവ് വരുത്തി. സംസ്ഥാനത്തെ 62 ലക്ഷം കുടുംബങ്ങള്‍ക്കാണ് നിലവല്‍ ഗോതമ്പു ലഭിച്ചുകൊണ്ടിരുന്നത്. ബി പി എല്‍, എ പി എല്‍ വിഭാഗങ്ങളിലായി രണ്ട് രൂപ, 6.70 രൂപ എന്നീ നിരക്കിലായിരുന്നു ഗോതമ്പ് വിതരണം ചെയ്തിരുന്നത്. മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ട 1,54,80,000 കാര്‍ഡുടമകള്‍ക്ക് ആളോഹരി പ്രതിമാസം നാല് കിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് അനുവദിച്ചിട്ടുള്ളത്. മുന്‍ഗണനേതരാ പട്ടികയില്‍ 45,89,324 കാര്‍ഡുകളുണ്ട്. ഇതില്‍പ്പെട്ടവര്‍ക്ക് പ്രതിമാസം രണ്ട് കിലോ ഭക്ഷ്യധാന്യം വീതം മാത്രമാണ് ലഭിക്കുന്നത്. എന്നാല്‍ ഗോതമ്പ് വിതരണം നിര്‍ത്തിയതോടെ അടുത്ത മാസം മുതല്‍ അരി ആറ് കിലോയായി വര്‍ധിപ്പിക്കുമെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ വ്യക്തമാക്കുന്നു.
റേഷന്‍ വിതരണ മേഖലയില്‍ കൊണ്ടുവന്ന പരിഷ്‌കാരത്തിന്റെ ഭാഗമായി, 2016 ഒക്ടോബര്‍ വരെ അരിയും ഗോതമ്പും ഉള്‍പ്പെടെ 16 ലക്ഷം മെട്രിക് ടണ്‍ അനുവദിച്ച സ്ഥാനത്ത് ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ മാസാന്ത റേഷന്‍ വിഹിതം 14.25 മെട്രിക് ടണ്‍ ആയി വെട്ടിക്കുറച്ചിരുന്നു. ഇതിനിടെയാണ് ഗോതമ്പ് വിഹിതത്തില്‍ വന്‍ കുറവുണ്ടായത്. ആദ്യമായാണ് ഇത്തരത്തില്‍ ഗോതമ്പിന്റെ വിതരണം പൂര്‍ണമായും തുടര്‍ച്ചയായ മാസങ്ങളില്‍ ഇല്ലാതാകുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ സീസണിലുണ്ടായ വരള്‍ച്ചമൂലം ഗോതമ്പിന്റെ ഉത്പാദനം കുറഞ്ഞുവെന്നും ഇതാണ് ഗോതമ്പ് വിഹിതം വെട്ടിക്കുറക്കാന്‍ കാരണമെന്നുമാണ് കേന്ദ്ര ഭക്ഷ്യവിതരണ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ മുന്‍ഗണനേതര വിഭാഗത്തിന് ഇനി മുതല്‍ ഗോതമ്പ് നല്‍കേണ്ടതില്ലെന്ന നിലപാടാണ് ബന്ധപ്പെട്ടവര്‍ കൈക്കൊണ്ടിട്ടുള്ളതത്രെ.

അതിനിടെ ഗോതമ്പ് വിഹിതം ഇല്ലാതായാതോടെ റേഷന്‍ കടകളിലൂടെയുള്ള ആട്ട വിതരണവും നിലച്ചു. കിലോഗ്രാമിന് 15 രൂപ നിരക്കിലാണ് ആട്ട വിതരണം ചെയ്തിരുന്നത്. പൊതു വിപണിയേക്കാള്‍ ഗുണമേന്മയും വിലക്കുറവുമുള്ള ആട്ടക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു. പോഷകമൂല്യം കൂട്ടാന്‍ ഫോളിക് ആസിഡ്, ഇരുമ്പ് സത്ത് എന്നിവയെല്ലാം ചേര്‍ത്താണ് സപ്ലൈകോ ആട്ട തയ്യാറാക്കിയിരുന്നത്. എ പി എല്‍ വിഭാഗക്കാര്‍ക്കാണ് കാര്‍ഡൊന്നിന് ഒരു കിലോ വീതം ആട്ട നല്‍കിയിരുന്നത്. 82 ലക്ഷം കാര്‍ഡുടമകള്‍ക്കാണ് നേരത്തെ ആട്ട ലഭിച്ചിരുന്നത്. എന്നാല്‍ പിന്നീട് 17 ലക്ഷം പേര്‍ക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തിയിരുന്നു. മുന്‍ഗണനേതര വിഭാഗത്തിനുള്ള ഗോതമ്പില്‍ നിന്ന് ഒരു വിഹിതമെടുത്ത് മില്ലുകളില്‍ നല്‍കി പൊടിപ്പിച്ചാണ് ആട്ടയായി നല്‍കിയിരുന്നത്. 3500-4000 ടണ്‍ ഗോതമ്പാണ് സപ്ലൈകോ ആട്ടയാക്കി മാറ്റാറുള്ളത്. ബാക്കി ഗോതമ്പ് റേഷന്‍കട വഴിതന്നെ വിതരണം ചെയ്യുന്നതിന് തിരിച്ചേല്‍പ്പിക്കുകയാണ് പതിവ്. ഗോതമ്പ് വിഹിതം നിലച്ചതോടെ ഇനി ആട്ടയുടെ വിതരണവും പൂര്‍ണമായും ഇല്ലാതാകും. ഇപ്പോള്‍ പൊതുവിപണിയില്‍ ആട്ടക്ക് 45 മുതല്‍ 75 രൂപ വരെ നല്‍കണം.
അതേസമയം സംസ്ഥാനത്തെ 14,256 റേഷന്‍ കടകളിലൂടെ വിതരണം ചെയ്യാനായി സംസ്ഥാനത്തെ വിവിധ ഗോഡൗണുകളില്‍ എത്തിച്ച 10,000 ടണ്‍ ഗോതമ്പ് ഇപ്പോഴും കെട്ടിക്കിടന്നു നശിക്കുന്നതായും പരാതിയുണ്ട്. കേന്ദ്രത്തിന്റെ നിലപാട് കാരണമാണ് ഇത് വിതരണം ചെയ്യാന്‍ കഴിയാത്തത്.