Connect with us

Editorial

ഇന്റേണല്‍ മാര്‍ക്കെന്ന ഡമോക്ലസിന്റെ വാള്‍

Published

|

Last Updated

പാമ്പാടി നെഹ്‌റു കോളജിനും ലോ അക്കാദമിക്കും പിന്നാലെ ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ കൂടുതല്‍ സ്ഥാപനങ്ങള്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. അധ്യാപകര്‍ ബോധപൂര്‍വം ഇന്റേണല്‍ മാര്‍ക്ക് കുറച്ചു തുടര്‍പഠനത്തിനുള്ള അവസരം നഷ്ടപ്പെടുത്തുന്നതായി തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജിലെ ആദിവാസി വിദ്യാര്‍ഥിനി കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കുകയുണ്ടായി. ഇടുക്കി വണ്ടിപ്പെരിയാര്‍ ഊരാളി ആദിവാസി കോളനിയിലെ തങ്കപ്പന്റെ മകള്‍ ആതിരയാണ് തുടര്‍പഠനത്തിന് സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയത്. ഒന്നും രണ്ടും സെമസ്റ്ററുകളില്‍ ഇന്റേണല്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് ആതിരക്ക് മൂന്നാം സെമസ്റ്ററില്‍ പഠിക്കാനുള്ള അവസരം ഇല്ലാതായി. അധ്യാപകര്‍ ബോധപൂര്‍വം ഇന്റേണല്‍ മാര്‍ക്ക് കുറക്കുകയായിരുന്നുവെന്നാണ് ഈ വിദ്യാര്‍ഥിനിയുടെ പരാതി.

ശ്രീകണ്ഠപുരം ചെമ്പേരി വിമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളജ് മാനേജ്‌മെന്റ് ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ നടത്തുന്ന പീഡനത്തിനെതിരെ വിവിധ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ കോളജിലേക്ക് മാര്‍ച്ച് നടന്നത് രണ്ടാഴ്ച മുമ്പാണ്. വിദ്യാര്‍ഥികളില്‍ നിന്നു വന്‍തോതില്‍ പിഴ ഈടാക്കുകയും പ്രതികരിക്കുന്ന കുട്ടികള്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് നല്‍കാതെ പീഡിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് പരാതി. കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് സമീപത്തെ ജൂനിയര്‍ ഹെല്‍ത്ത് നേഴ്‌സ് ട്രെയിനിംഗ് സ്‌കൂളില്‍ ഇതിനിടെ ഇന്റേണല്‍ മാര്‍ക്ക് നല്‍കാതെയും മറ്റു തരത്തിലും പീഡിപ്പിക്കുന്നുവെന്നാരോപിച്ചു വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചിരുന്നു. സംസ്ഥാനത്തെ കോളജുകളില്‍ പ്രത്യേകിച്ചും സ്വാശ്രയ സ്ഥാപനങ്ങളില്‍ അരങ്ങേറുന്ന സമരങ്ങളുടെ അടിസ്ഥാന കാരണങ്ങളിലേക്ക് ചൂഴ്ന്നിറങ്ങുമ്പോള്‍ എത്തിച്ചേരുന്നത് ഏറെയും ഇന്റേണല്‍ മാര്‍ക്ക് ദാനത്തിലെ വിവേചനത്തിലേക്കും ക്രമക്കേടുകളിലേക്കുമാണ്.
സെമസ്റ്റര്‍ സമ്പ്രദായം വന്നതോടെയാണ് കോളജുകളില്‍ വാര്‍ഷിക പരീക്ഷക്ക് പുറമെ ഇന്റേണല്‍ അസസ്‌മെന്റ് സിസ്റ്റം നടപ്പായത്. വിദ്യാര്‍ഥികളുടെ സ്വഭാവശുദ്ധി, പാഠ്യ പാഠ്യേതര വിഷയങ്ങളിലെ പ്രകടനം, ഹാജര്‍ തുടങ്ങിയവ വിലയിരുത്തി അധ്യാപകരോ സ്ഥാപന മേധാവിയോ നല്‍കുന്ന ഈ മാര്‍ക്ക് കൂടി പരിഗണിച്ചാണ് വിദ്യാര്‍ഥികളുടെ ജയാപചയങ്ങളും തുടര്‍ പഠനത്തിനുള്ള സാധ്യതകളും നിര്‍ണയിക്കുന്നത്. അധ്യാപകര്‍ സത്യസന്ധമായും സുതാര്യമായുമാണ് നിര്‍വഹിക്കുന്നതെങ്കില്‍ സ്വാഗതാര്‍ഹവും വിദ്യാര്‍ഥികളുടെ ഭാവിക്ക് സഹായകവുമാണിത്. ഇന്ന് പക്ഷേ മിക്ക സ്ഥാപനങ്ങളിലും വിദ്യാര്‍ഥികളുടെ മികവിനും സ്വഭാവ ശുദ്ധിക്കുമപ്പുറം മറ്റു പല താത്പര്യങ്ങളുമാണ് ഇന്റേണല്‍ അസസ്‌മെന്റിന് പരിഗണിക്കുന്നത്. പഠനത്തിലും പാഠ്യേതര വിഷയത്തിലും മിടുക്ക് കാണിക്കുന്ന വിദ്യാര്‍ഥിയെങ്കിലും കോളജ് അധികൃതരുടെയോ സ്ഥാപന നടത്തിപ്പിലെയോ അപാകത ചൂണ്ടിക്കാട്ടുകയോ അഭിപ്രായം പ്രകടിപ്പിക്കുകയോ ചെയ്താല്‍ അര്‍ഹമായ ഇന്റേണല്‍ മാര്‍ക്ക് ലഭിച്ചെന്ന് വരില്ല. ഇന്റേണല്‍ മാര്‍ക്ക് ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികളെ സ്ഥാപന മേധാവികളുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ജോലി ചെയ്യിപ്പിക്കുന്ന സ്ഥാപനങ്ങളുമുണ്ട് സംസ്ഥാനത്ത്. ലോ അക്കാദമിയില്‍ കാന്റീനില്‍ സൗജന്യ സേവനം ചെയ്യേണ്ടിവരുന്നുവെന്നായിരുന്നുവല്ലോ വിദ്യാര്‍ഥികള്‍ ഉന്നയിച്ചിരുന്ന ആരോപണങ്ങളിലൊന്ന്.

വിദ്യാര്‍ഥിനികളാണ് ഇന്റേണല്‍ മാര്‍ക്കിനെ ചൊല്ലി ഏറ്റവുമധികം ചൂഷണത്തിനിരയാകുന്നത്. അവര്‍ ലൈംഗിക ചൂഷണത്തിന് വരെ വിധേയമാക്കപ്പെടുന്നതായി ക്യാമ്പസുകളിലെ ലിംഗ നീതിയെക്കുറിച്ചു പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു.~ഒരു മികച്ച വിദ്യാര്‍ഥിക്ക് ന്യായമായി മാര്‍ക്കിടാന്‍ അധ്യാപകര്‍ തന്നെ ധൈര്യപ്പെടാത്ത അവസ്ഥയും നിലവിലുണ്ട്. സ്ഥാപനത്തിലെ മറ്റു പലരുടെയും തൃപ്തിയെയും അനുവാദത്തെയും ആശ്രയിച്ചു മാത്രമേ അധ്യാപകര്‍ക്ക് മാര്‍ക്കിടാനാകൂ. ഇല്ലെങ്കില്‍ അവരും മാനേജ്‌മെന്റിന്റെ നോട്ടപ്പുള്ളികളായി മാറും. ഇന്റേണല്‍ മാര്‍ക്കിന് ജാതിയും സമുദായവും പരിഗണിക്കപ്പെടുന്ന പ്രവണതയും ഇല്ലാതില്ല. തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിനി ആതിരയുടെ കാര്യത്തില്‍ അതാണോ സംഭവിച്ചതെന്ന് സന്ദേഹിക്കപ്പെടുന്നുണ്ട്. സ്വാശ്രയ മാനേജ്‌മെന്റുകള്‍വിദ്യാഭ്യാസത്തെ കേവല കച്ചവടമാക്കി മാറ്റിയതിന്റെയും അധ്യാപക സമൂഹത്തിലെ ധാര്‍മിക ച്യുതിയുടെയും പരിണതിയാണിതെല്ലാം. ഡമോക്ലസിന്റെ വാള് പോലെ വിദ്യാര്‍ഥികളുടെ തലക്ക് മീതെ തൂങ്ങിക്കിടക്കുകയാണ് ഇന്റേണല്‍ മാര്‍ക്ക് സമ്പ്രദായം; പ്രത്യേകിച്ചും സ്വാശ്രയ സ്ഥാപനങ്ങളില്‍. വിദ്യാഭ്യാസത്തിനായി മുടക്കിയ വന്‍തുക പ്രയോജനകരമല്ലാതാകുമെന്ന ആശങ്കയാല്‍ വിദ്യാര്‍ഥികള്‍ എല്ലാം സഹിക്കാനും പലതും ത്യജിക്കാനും നിര്‍ബന്ധിതരാകുകയാണ്. വിദ്യാര്‍ഥികള്‍ക്ക് മനഃസമാധാനത്തോടെ പഠനം നടത്താനും വിദ്യാഭ്യാസ മേഖല സംഘര്‍ഷരഹിതവും ശാന്തവുമാകാനും ഈ പ്രശ്‌നത്തിന് എത്രയും വേഗത്തില്‍ പ്രായോഗികമായ പരിഹാരം കാണേണ്ടതുണ്ട്.