കുഴല്‍ കിണറുകള്‍ ഭൂമിയെ ഓട്ടക്കലമാക്കുകയാണ്

12,000 കിണറുകള്‍ നിര്‍മിച്ച ശേഷം 6,000 ത്തോളം കിണറുകള്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ കുഴിക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ ജലനിധി തീരുമാനിച്ചിരിക്കുകയാണ്. മറ്റിടങ്ങളിലും ആനുപാതികമായി പ്രതീക്ഷിക്കാം. കുഴല്‍കിണറുകള്‍ വ്യാപകമായി നിര്‍മിക്കുമ്പോള്‍ ഭൂഗര്‍ഭത്തിലുണ്ടാകുന്ന ആഘാതത്തെപ്പറ്റി എന്തെങ്കിലും ആധികാരിക പഠനങ്ങള്‍ ഏതെങ്കിലും ഔദ്യോഗിക ഏജന്‍സി നടത്തിയിട്ടുണ്ടോ? എണ്‍പതുകളില്‍ കേരളത്തില്‍ കുഴല്‍കിണര്‍ നിര്‍മാണമാരംഭിച്ചതു മുതലാണ് ഭൂഗര്‍ഭ ജല ശോഷണത്തിന് തീവ്രത കൂടിയത്. വ്യാപകമായി കുഴല്‍കിണറുകള്‍ നിര്‍മിച്ച് ഫണ്ട് വിനിയോഗം 100 ശതമാനമാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഭാവിയില്‍ എങ്ങിനെ അനുഭവപ്പെടുമെന്ന് വിശകലനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Posted on: February 10, 2017 6:00 am | Last updated: February 9, 2017 at 11:21 pm

തുലാവര്‍ഷം നമ്മെ വിസ്മരിച്ചതിനാല്‍ വേനല്‍ നേരത്തെ തന്നെ ആരംഭിച്ചിരിക്കുന്നു. വരാന്‍ പോകുന്ന ദിനങ്ങളിലെ ജലക്ഷാമത്തിന്റെ രൂക്ഷതയെപ്പറ്റിയാണെങ്ങും ആശങ്കകള്‍. ആഗോളതാപനം, ഹരിതഗൃഹ വാതകങ്ങളുടെ വര്‍ധനവ് അടക്കമുള്ള കാരണങ്ങള്‍ കണ്ടെത്തി സമാധാനിക്കുമ്പോഴും സമൃദ്ധമായ ജല സമ്പന്നതയുടെ ഉടമകളായ നമുക്ക് ഈ അവസ്ഥ വരാന്‍ പ്രധാന കാരണങ്ങളില്‍ ഒന്ന് ഭരണസിരാ കേന്ദ്രങ്ങളിലും നയരൂപവത്കരണ സമിതികളിലും പിടിമുറുക്കിയ ഉദ്യോഗസ്ഥ, രാഷ്ട്രീയ, റിയല്‍ എസ്റ്റേറ്റ് അച്ചുതണ്ടിന്റെ സാമ്പത്തിക താത്പര്യങ്ങള്‍ക്കനുസരിച്ച പ്രവര്‍ത്തനങ്ങളാണ്.

ജൈവവൈവിധ്യങ്ങളുടെ നിക്ഷേപങ്ങളായ 44 നദികള്‍, നിരവധി തടാകങ്ങള്‍, അരുവികള്‍, കുളങ്ങള്‍, നീര്‍ച്ചോലകള്‍ എല്ലാം കൊണ്ടും സമൃദ്ധമായിരുന്ന ഭൂപ്രകൃതിയെ പണമാക്കി മാറ്റാന്‍ മലകള്‍ തുരന്ന് കൂറ്റന്‍ ടിപ്പറുകളില്‍ കടത്തുന്നവര്‍ തന്നെ ശുദ്ധജല വിതരണ കമ്പോളത്തെ ലക്ഷ്യമാക്കി വരള്‍ച്ചയെ സസന്തോഷം കാത്തിരിക്കുന്നു. ഉത്സവത്തിനു കാത്തിരിക്കുന്ന വാണിഭക്കാരെ പോലെ. അധിക തുരക്കലും നികത്തലും അനുമതിപത്രങ്ങളുടെ പിന്‍ബലത്തിലാണത്രേ. ചില പ്രദേശങ്ങളില്‍ നല്‍കിയ അനുമതിപത്രങ്ങളും അവയുടെ മറവില്‍ നടക്കുന്ന അനധികൃത പ്രവര്‍ത്തനങ്ങളും പരിശോധിച്ചാല്‍ അവ നല്‍കിയ അധികാരികള്‍ പഠിച്ച സിലബസില്‍ കാര്യമായ അപാകതകള്‍ സംശയിച്ചാല്‍ തെറ്റാവില്ല.
ഭൂഗര്‍ഭ ജലവിതാനം അതിവേഗത്തില്‍ ശോഷിക്കുന്നതില്‍ കുഴല്‍കിണറുകളുടെ പങ്കിനെപ്പറ്റി അധികാരികള്‍ വിസ്മരിക്കുന്നതിന്റെ പിന്നില്‍ വ്യക്തമായ അജന്‍ഡയുണ്ടോ? കോടികളുടെ ഇടപാടുകള്‍ നടക്കുന്ന പ്രവര്‍ത്തന മേഖലയാണ് കുഴല്‍കിണര്‍ നിര്‍മാണ മേഖല. നിശ്ചിത വിഹിതം യഥാസമയം എത്തേണ്ട ഇടത്ത് എത്തുന്നതു കൊണ്ടായിരിക്കണം യാതൊരു തടസ്സവുമില്ലാതെ സംസ്ഥാനത്ത് ഇപ്പോഴും കുഴിക്കല്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. 12,000 കിണറുകള്‍ നിര്‍മിച്ച ശേഷം 6,000 ത്തോളം കിണറുകള്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ കുഴിക്കാന്‍ വാട്ടര്‍ ആതോറിറ്റിയുടെ ജലനിധി തീരുമാനിച്ചിരിക്കുകയാണ്. മറ്റിടങ്ങളിലും ആനുപാതികമായി പ്രതീക്ഷിക്കാം. കുഴല്‍കിണറുകള്‍ വ്യാപകമായി നിര്‍മിക്കുമ്പോള്‍ ഭൂഗര്‍ഭത്തിലുണ്ടാകുന്ന ആഘാതത്തെപ്പറ്റി എന്തെങ്കിലും ആധികാരിക പഠനങ്ങള്‍ നേരത്തെ ഏതെങ്കിലും ഔദ്യോഗിക ഏജന്‍സി നടത്തിയിട്ടുണ്ടോ? എണ്‍പതുകളില്‍ കേരളത്തില്‍ കുഴല്‍കിണര്‍ നിര്‍മാണമാരംഭിച്ചതു മുതലാണ് ഭൂഗര്‍ഭ ജല ശോഷണത്തിന് തീവ്രത കൂടിയത്.
ഇടുക്കി ജില്ലയിലെ കരുണാകരപുരം പഞ്ചായത്തില്‍ 8000 ത്തോളം കുടുംബങ്ങള്‍ താമസിക്കുന്നു. കുഴല്‍ കിണറുകള്‍ പതിനായിരത്തിലധികമല്ലാതെ കുറയാന്‍ സാധ്യതയില്ല. സംസ്ഥാനത്ത് പലസ്ഥലങ്ങളിലുംസ്ഥിതിത ഥൈവ. 1800 ലധികം അടി താഴ്ന്നിട്ടും ഉപയോഗശൂന്യമായ നിരവധി കിണറുകള്‍ ഉണ്ട്. ഭൂമിയുടെ അന്തര്‍ഭാഗത്ത് ജലം സംഭരിക്കാനുള്ള ശേഷിക്ക്കുഴല്‍ കിണറുകളുടെ ആധിക്യം കാരണം സംഭവിക്കാന്‍ സാധ്യതയുള്ള പരിണാമങ്ങളിലേക്ക് ശ്രദ്ധ തിരിയാതെ വ്യാപകമായി കുഴല്‍കിണറുകള്‍ നിര്‍മിച്ച് ഫണ്ട് വിനിയോഗം 100 ശതമാനമാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഭാവിയില്‍ എങ്ങിനെ അനുഭവപ്പെടുമെന്ന് വിശകലനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

നേരത്തെ ഡല്‍ഹിയില്‍ സെന്‍ട്രല്‍ വാട്ടര്‍അതോറിറ്റിയുടെ അനുമതിപത്രമുണ്ടായിട്ടും ഗവര്‍ണര്‍ തേജേന്ദ്ര സിന്‍ഹ കുഴല്‍ കിണറുകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയതും ലോക ബേങ്കിന്റെ ദാരിദ്രനിര്‍മാര്‍ജന പദ്ധതിയില്‍ ബംഗ്ലാദേശില്‍ വ്യാപകമായി നിര്‍മിക്കപ്പെട്ട കുഴല്‍ കിണറുകളുടെ ഇന്നത്തെ അവസ്ഥയും തുടങ്ങി നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുമ്പിലുണ്ടായിട്ടും മേലെ പറഞ്ഞ രാഷ്ട്രീയ ഉദ്യോഗസ്ഥ റിയല്‍ എസ്റ്റേറ്റ് അച്ചുതണ്ടിന്റെ അപ്രീതി സമ്പാദിക്കേണ്ട എന്ന് കരുതിയായിരിക്കാം ആരും ശ്രദ്ധിക്കാത്തത്.
കുഴല്‍ കിണറുകള്‍ ഭൂമിയെ ഒരു ഓട്ടക്കലമാക്കാനേ ഉപകരിക്കുകയുള്ളൂ. എത്ര മഴ ലഭിച്ചാലും വ്യാപകമായി കുഴല്‍ കിണറുകള്‍ നിലകൊള്ളുന്ന ഒരു പ്രദേശത്തെ ജലത്തിന്റെ റീഫില്ലിംഗ് (പുനര്‍ശേഖരണം) ഭൂഗര്‍ഭത്തില്‍ നേരായി നടക്കില്ല. മാത്രമല്ല അമിത ആഴത്തില്‍ നിര്‍മ്മിക്കപ്പെട്ട കുഴല്‍കിണറുകളില്‍ നിന്ന് ലഭിക്കുന്ന വെള്ളത്തില്‍ അപ്രതീക്ഷിത കെമിക്കലുകളുടെ സാന്നിധ്യത്തിനും സാധ്യതയുണ്ട്.
ബംഗ്ലാദേശില്‍ വ്യാപകമായ ഒരു തരം കാന്‍സര്‍ രോഗത്തിന്റെ ഉറവിടം തേടിയവര്‍ എത്തിയത് ചില കുഴല്‍ കിണര്‍ വെള്ളത്തിലൂടെ ആര്‍സനിക് എന്ന രാസപദാര്‍ഥം ശരീരത്തില്‍ പ്രവേശിച്ചതാണെന്നും ആയിരക്കണക്കിന് കുഴല്‍കിണറുകള്‍ അവിടെ ഉപയോഗ ശുന്യമായികിടക്കുന്നു എന്നും അവ പ്രകൃതിദത്ത ജല സ്രോതസ്സുകള്‍ക്കു വന്‍ ഭീഷണിയാണെന്നുമുള്ള വിവരങ്ങള്‍ നമുക്കറിയാവുന്നതാണല്ലോ. ഇനിയെങ്കിലും കുഴല്‍കിണറുകളുടെ വ്യാപനം തടയാനും സ്ഥാപിക്കപ്പെട്ടവ ഭൂഗര്‍ഭത്തിനേല്‍പ്പിച്ച ആഘാതത്തെ സംബന്ധിച്ച് പഠിക്കാനും നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു.

മണലാരണ്യത്തില്‍ ഉടമ ഒട്ടകത്തിന്റെ വയറ് കീറി ദാഹം മാറ്റിയത് ഉടമക്ക് മറ്റു ഒട്ടകങ്ങളുണ്ടായിരുന്ന സാഹചര്യത്തിലാകാം. നമുക്ക് ഭൂമിക്ക് പകരം വെക്കാന്‍ മറ്റെന്താണുള്ളത്?