റോഹിംഗ്യകള്‍ക്കുള്ള സഹായക്കപ്പല്‍ മ്യാന്മറില്‍

Posted on: February 10, 2017 8:13 am | Last updated: February 9, 2017 at 11:15 pm
യാങ്കൂണിലെത്തിയ സഹായക്കപ്പലിനെ തടയാനെത്തിയ ബുദ്ധ സന്യാസികള്‍

യാങ്കൂണ്‍: ക്രൂരമായ ആക്രമണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാകുന്ന മ്യാന്മറിലെ റോഹിംഗ്യകള്‍ക്ക് മലേഷ്യയുടെ സഹായക്കപ്പല്‍. 2,300 ടണ്ണിന്റെ ചരക്കുകളടങ്ങിയ കപ്പല്‍ മ്യാന്മറിന്റെ യാങ്കൂണ്‍ തീരത്തെത്തി. വീടില്ലാത്ത ലക്ഷക്കണക്കിന് റോഹിംഗ്യകള്‍ക്കുള്ള ഭക്ഷണ വസ്തുക്കള്‍, വസ്ത്ര ഉത്പന്നങ്ങള്‍, ചികിത്സാ സഹായങ്ങള്‍ അടങ്ങിയ വസ്തുക്കളുമായാണ് മലേഷ്യന്‍ കപ്പല്‍ മ്യാന്മറിന്റെ വാണിജ്യ തലസ്ഥാനത്തെത്തിയത്. റോഹിംഗ്യകള്‍ തിങ്ങിപ്പാര്‍ക്കുന്ന റാഖിനയിലേക്ക് സഹായ വസ്തുക്കള്‍ റോഡ് മാര്‍ഗം എത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. അതിനിടെ, റോഹിംഗ്യകള്‍ക്ക് സഹായമെത്തിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ബുദ്ധ സന്യാസികളിലെ തീവ്രവാദി വിഭാഗം രംഗത്തെത്തി. കപ്പല്‍ നങ്കൂരമിട്ട തുറമുഖത്തില്‍ റോഹിംഗ്യന്‍വിരുദ്ധ മുദ്രാവാക്യവുമായി സന്യാസികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭകര്‍ രംഗത്തെത്തി. മ്യാന്മറില്‍ റോഹിംഗ്യകളില്ലെന്ന് മ്യാന്മര്‍ സന്ന്യാസി യൂനിയന്‍ നേതാവ് തുസെയ്റ്റ പറഞ്ഞു.

അതിനിടെ, ആസിയാന്‍ രാജ്യങ്ങളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് റോഹിംഗ്യകള്‍ക്ക് മനുഷ്യാവകാശ സഹായം എത്തിക്കാന്‍ മലേഷ്യക്ക് അനുമതി നല്‍കിയ മ്യാന്മര്‍ സര്‍ക്കാര്‍ പദ്ധതി അട്ടിമറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. യാങ്കൂണില്‍ നിന്ന് റാഖിനയിലേക്ക് സഹായം എത്തിക്കുന്നതിന് നേതൃത്വം നല്‍കുന്നത് സര്‍ക്കാറായിരിക്കും. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച സാമൂഹിക ക്ഷേമ മന്ത്രിയുടെ നേതൃത്വത്തില്‍ തുറമുഖത്ത് വെച്ച് നടന്നിട്ടുണ്ട്. കടുത്ത മുസ്‌ലിംവിരുദ്ധ നിലപാട് സ്വീകരിക്കുന്ന സര്‍ക്കാര്‍ മനുഷ്യാവകാശ സഹായം വേണ്ടവിധത്തില്‍ വിതരണം ചെയ്യില്ലെന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
റോഹിംഗ്യകള്‍ക്കായി കൊണ്ടുവന്ന സഹായം ബുദ്ധന്മാര്‍ക്കിടയിലും വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. ബുദ്ധ തീവ്രവാദികളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തില്‍ സഹായം എങ്ങനെയാണ് റോഹിംഗ്യകള്‍ക്കെത്തിക്കുകയെന്നതിനെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. പുറത്തുനിന്നുള്ള പത്രക്കാര്‍ക്ക് പോലും പ്രവേശനമില്ലാത്ത റാഖിനെയില്‍ റോഹിംഗ്യകള്‍ക്ക് സുതാര്യമായ രീതിയില്‍ സഹായം വിതരണം ചെയ്യാതെ പദ്ധതി അട്ടിമറിക്കാനുള്ള സാധ്യതയാണ് കൂടുതലുള്ളത്.
സര്‍ക്കാറിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തില്‍ ക്രൂരമായ ആക്രമണമാണ് റോഹിംഗ്യകള്‍ക്കെതിരെ നടന്നത് എന്ന് വ്യക്തമാക്കുന്ന യു എന്‍ റിപ്പോര്‍ട്ട് പുറത്തിറങ്ങിയതിന് പിന്നാലെയാണ് സഹായക്കപ്പല്‍ യാങ്കൂണിലെത്തിയത്.