Connect with us

International

വരുന്നു, ട്രംപിനൊത്ത നിയമോപദേശകന്‍

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കന്‍ സര്‍ക്കാറിന്റെ അറ്റോണി ജനറലായി കടുത്ത വംശീയ വാദിയും കുടിയേറ്റവിരുദ്ധനുമായ ജെഫ് സെഷന്‍സിനെ തിരഞ്ഞെടുത്തു. അലാബാമയില്‍ നിന്നുള്ള ജനപ്രതിനിധികൂടിയായ ജെഫിനെ 47നെതിരെ 52 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിലാണ് നിയമോപദേശക സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വംശീയതയും ഇസ്‌ലാംവിരുദ്ധതയും വേണ്ടുവോളം ഒത്തിണങ്ങിയ ജെഫ്, ഡൊണാള്‍ഡ് ട്രംപിന്റെ മാനുഷികവിരുദ്ധ നയങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന റിപ്പബ്ലിക്കന്‍ കൂടിയാണ്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും കടുത്ത വിമര്‍ശനങ്ങള്‍ വകവെക്കാതെയാണ് ജെഫ് സെഷന്‍സിനെ അറ്റോണി ജനറലാക്കി നിയമിക്കാന്‍ ട്രംപ് തീരുമാനിച്ചത്. കൃത്യമായി പാര്‍ട്ടി ചേരിതിരിവോടെ നടന്ന തിരഞ്ഞെടുപ്പില്‍ വെസ്റ്റ് വിര്‍ജിനിയയിലെ സെനറ്റര്‍ ജോ മാഞ്ചിന്‍ മാത്രമാണ് ജെഫിനെ അനുകൂലിച്ച ഡെമോക്രാറ്റിക് അംഗം. എലിസബത്ത് വാറെന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം സെനറ്റില്‍ നടന്നെങ്കിലും കാര്യമുണ്ടായില്ല. വിവിധ അധികാര കേന്ദ്രങ്ങളിലേക്കുള്ള ട്രംപിന്റെ നോമിനികളില്‍ ഏറ്റവും കൂടുതല്‍ വിവാദ നായകനായ വ്യക്തിയാണ് ജെഫ്.
വംശീയതയും മതഭ്രാന്തും തലക്ക് പിടിച്ച ജെഫ് കറുത്തവര്‍ഗക്കാര്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയ വ്യക്തിയാണ്. തന്റെ സമപ്രായക്കാരനും സൂഹൃത്തുമായ ജെഫിനെ നേരത്തെ തന്നെ ട്രംപ് അറ്റോണി ജനറല്‍ സ്ഥാനത്തേക്ക് കരുതിവെച്ചിരുന്നു. ഏറെ കോളിളക്കങ്ങള്‍ക്കിടയാക്കിയ ട്രംപിന്റെ വിസാ വിലക്കിന്റേയും കുടിയേറ്റ, മുസ്‌ലിംവിരുദ്ധ നയത്തിന്റെയും ബുദ്ധി കേന്ദ്രവും പ്രചോദനവും ജെഫാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. കുടിയേറ്റക്കാര്‍ ക്കും മുസ്‌ലിംകള്‍ക്കുമെതിരായ വിവാദ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിനിടെയാണ് തന്റെ സമാന ചിന്താഗതിക്കാരനായ ജെഫിനെ ട്രംപ് അറ്റോണി ജനറലായി നിയമിക്കുന്നത്.

ജെഫിനെ നിയമിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി എലിസബത്ത് വാറെണ്‍ രംഗത്തെത്തി. 1986ല്‍ ഫെഡറല്‍ ജഡ്ജിയായി നോമിനേറ്റ് ചെയ്ത സമയത്ത് ജെഫിനെതിരെ മാര്‍ടിന്‍ ലൂഥര്‍ കിംഗിന്റെ വിധവ ഉന്നയിച്ച ആരോപണം ഉയര്‍ത്തിയാണ് വാറെണ്‍ സെനറ്റില്‍ പ്രതിഷേധം നടത്തിയത്. കറുത്തവര്‍ഗക്കാരായ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്നതടക്കമുള്ള ആരോപണമായിരുന്നു അന്ന് ഉന്നയിക്കപ്പെട്ടിരുന്നത്. ജെഫ് തന്റെ വംശീയത, ലൈംഗികത, മതഭ്രാന്ത് എന്നിവ നേരിയ രീതിയിലെങ്കിലും നീതിന്യായ വകുപ്പില്‍ തിരുകികയറ്റാന്‍ ശ്രമിച്ചാല്‍ ശക്തമായി പ്രക്ഷോഭം നടത്തുമെന്ന് വാറെണ്‍ വ്യക്തമാക്കി.
അതേസമയം, ജെഫിനെതിരെ രംഗത്തെത്തിയ ഡെമോക്രാറ്റുകളെ ആക്ഷേപിച്ച് ട്രംപ് രംഗത്തെത്തി. ജെഫിനെ സെനറ്റ് തിരഞ്ഞെടുത്തതിന് പിന്നാലെ ട്വിറ്ററിലൂടെയാണ് ട്രംപിന്റെ പരാമര്‍ശം. അലാബാമയിലെ സെനറ്റര്‍ ആകുന്നതിനേക്കാളും വലിയ അംഗീകാരമല്ല ഈ പദവിയെന്ന് തിരഞ്ഞെടുപ്പിന് ശേഷം ജെഫ് പ്രതികരിച്ചു.

 

---- facebook comment plugin here -----

Latest