‘മുണ്ടുരിഞ്ഞ് മര്‍ദിച്ച് റോഡിലൂടെ നടത്തിച്ചു’:രണ്ട് ബി ജെ പിക്കാര്‍ അറസ്റ്റില്‍

Posted on: February 9, 2017 11:49 pm | Last updated: February 9, 2017 at 11:49 pm
SHARE

തലശ്ശേരി:ചുവപ്പു മുണ്ടുടുത്തതിന്റെ വൈരാഗ്യത്തില്‍ രണ്ട് ദളിത് യുവാക്കളെ ഉടുമുണ്ട് പറിച്ചെറിഞ്ഞ് മര്‍ദിച്ച ശേഷം റോഡിലൂടെ നടത്തിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന കേസില്‍ രണ്ട് ബി ജെ പി പ്രവര്‍ത്തകരെ തലശ്ശേരി ഡി വൈ എസ് പി പ്രിന്‍സ് എബ്രഹാം അറസ്റ്റ് ചെയ്തു.
#ോടെമ്പിള്‍ ഗേറ്റിലെ അണിയേരി ശ്രീജേഷ്(36), നങ്ങാറത്ത് പീടികയിലെ ടി കെ വികാസ്(30) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ജനുവരി 18 ന് ബി ജെ പിയുടെ ഹര്‍ത്താല്‍ നാളില്‍ തലായിലായിരുന്നു സംഭവം.

ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ കുട്ടിമാക്കൂലിലെ പ്രിന്‍സ്, വിപിനേഷ് എന്നിവരാണ് അപമാനിക്കപ്പെട്ടത്.
മാഹിയിലെ സഹോദരിയുടെ വീട്ടിലേക്ക് കൂട്ടുകാരന്‍ വിപിനേഷിനോടൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു അക്രമം.

കുട്ടിമാക്കൂല്‍ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞതോടെ ഒരു സംഘം റോഡിലേക്ക് കുതിച്ചെത്തി ബൈക്ക് തടഞ്ഞ് യുവാക്കളെ വലിച്ചിട്ട് മര്‍ദിക്കുകയായിരുന്നു.
ഇവരുടെ ഉടുമുണ്ട് പറിച്ച് തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ മുകളിലേക്ക് എറിഞ്ഞു.
പിന്നെ മുണ്ടില്ലാതെയാണ് ഇരുവരെയും റോഡിലൂടെ നടത്തിച്ചത്. സംഭവസമയം പോലീസ് സ്ഥലത്തുണ്ടായിരുന്നിട്ടും ഇടപെട്ടില്ലത്രെ. ദൃശ്യങ്ങളിലൂടെ പോലീസ് സാന്നിധ്യവും വ്യക്തമാണ്. അക്രമികളില്‍ നിന്നും കുതറി ഓടിയ യുവാക്കള്‍ ഏതാനും മീറ്റര്‍ അപ്പുറത്തുള്ള ഒരു വീട്ടിലെത്തി മുണ്ടുവാങ്ങി ഉടുത്താണ് നാട്ടിലും പിന്നീട് സഹകരണ ആശുപത്രിയിലും എത്തിയത്.

പട്ടികജാതി ക്ഷേമസമിതി തലശ്ശേരി ഏരിയ സെക്രട്ടറിയും മുന്‍സിപ്പല്‍ തൊഴിലാളി യൂണിയന്‍ നേതാവുമായ ശശീന്ദ്രന്റെ മകനാണ് പ്രിന്‍സ്.
ഓട്ടോ ഡ്രൈവര്‍ വിനോദന്റെ മകനാണ് വിപിനേഷ്.

LEAVE A REPLY

Please enter your comment!
Please enter your name here